മെയ് 14 മുതല്‍ എല്ലാ ഞായറാഴ്ചകളിലും പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് പമ്പുടമകള്‍

Posted on: April 11, 2017 4:00 pm | Last updated: April 12, 2017 at 10:19 am

ന്യൂഡല്‍ഹി: കമ്മീഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ മെയ് 14 മുതല്‍ എല്ലാ ഞായറാഴ്ചകളിലും പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് പമ്പുടമകള്‍. മെയ് 15നു ശേഷം പ്രതിദിനം എട്ടു മണിക്കൂറായി പമ്പുകളുടെ പ്രവര്‍ത്തന സമയം വെട്ടികുറയ്ക്കാനും തീരുമാനിച്ചതായി കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യ പെട്രോളിയം ഡിലേഴ്‌സ് (സിഐപിഡി) ജനറല്‍ സെക്രട്ടറി രവി ഷിന്‍ഡെ അറിയിച്ചു. 50,000 ത്തോളം പെട്രോളിയം ഡീലേഴ്‌സ് അടങ്ങുന്ന അസോസിയേഷനാണ് സിഐപിഡി.

മെയ് 10 ന് പമ്പുകള്‍ അടച്ചിട്ട് അവകാശസംരക്ഷണ ദിനമായി ആചരിക്കുമെന്നും ഷിന്‍ഡെ അറിയിച്ചു. ഡീലര്‍മാരുടെ കമ്മീഷന്‍ വര്‍ധിപ്പിക്കാത്തതിലുള്ള പ്രതിഷേധമായിട്ടാണ് മെയ് 10 ന് പമ്പുകള്‍ അടച്ചിടുക. തങ്ങളുടെ നിലപാടുകള്‍ അംഗീകരിച്ചില്ലെങ്കില്‍ മേയ് 14 മുതലുള്ള ഞായാറാഴ്ചകളില്‍ ഇനി ഇന്ധനം ലഭിക്കില്ലെന്നും ആവശ്യ സര്‍വ്വീസുകളായ ആംബുലസിനും മറ്റും മാത്രമായി ഞായറാഴ്ചകളില്‍ ഇന്ധനം പരിമിതപ്പെടുത്തുമെന്നും സിഐപിഡി അറിയിച്ചു.

ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ കമ്മീഷന്‍ നിരക്കില്‍ മാറ്റംവരുത്തുമെന്ന് പ്രഖ്യാപിച്ചതിനാലാണ് ജനുവരി മുതല്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചത്. എന്നാല്‍ നാലു മാസമായിട്ടും ഒന്നും സംഭവിച്ചില്ലെന്നും സിഐപിഡി ചൂണ്ടിക്കാട്ടി.