കുവൈത്ത് തൊഴില്‍ മേഖലയില്‍ ഇനി ഫലസ്തീനികള്‍ക്ക് മുന്‍ഗണന

Posted on: April 11, 2017 3:55 pm | Last updated: April 11, 2017 at 3:43 pm

കുവൈത്ത് സിറ്റി: ഫലസ്തീന്‍, ജിബൂതി എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് കുവൈത്ത് തൊഴില്‍ സാമൂഹികക്ഷേമ മന്ത്രി ഹിന്ദ് അസ്സബീഹ് പറഞ്ഞു. ഈജിപ്തില്‍ നടക്കുന്ന നടക്കുന്ന 44ാമത് അറബ് തൊഴില്‍ സമ്മേളനത്തോടനുബന്ധിച്ച് കുവൈത്ത് വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അവര്‍.

ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതും ഭാവിയില്‍ വരാനിരിക്കുന്നതുമായ വന്‍കിട വികസന പദ്ധതികള്‍ക്കാവശ്യമായി വരുന്ന തൊഴില്‍ശക്തിയെ ഈ രാജ്യങ്ങളില്‍നിന്ന് റിക്രൂട്ട് ചെയ്യും.. അറബ് ലീഗ് അംഗരാജ്യങ്ങളിലെ തൊഴിലാളികള്‍ക്ക് വിദഗ്ധ ജോലികളില്‍ പരിശീലനം നല്‍കാന്‍ സംവിധാനം ഉണ്ടാവണം. ഈ രംഗത്തെ പുതിയ അറിവുകള്‍ പരസ്പരം പങ്കുവെക്കാന്‍ രാജ്യങ്ങള്‍ തയാറാവണം. ചില രാജ്യങ്ങളില്‍ വിദഗ്ധ തൊഴില്‍ സമൂഹം കൂടുതല്‍ ഉള്ളപ്പോള്‍ മറ്റു ചിലതില്‍ അവിദഗ്ധ തൊഴിലാളികളുടെ സാന്നിധ്യമാണ് കൂടുതല്‍.

പരസ്പര ധാരണയോടെ റിക്രൂട്ട്‌മെന്റും അനുബന്ധ കാര്യങ്ങളും മുന്നോട്ടുകൊണ്ടുപോയാല്‍ തൊഴില്‍ വിപണിയിലെ അസന്തുലിതത്വം ഇല്ലാതാക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഫലസ്തീന്‍ പാസ്‌പോര്‍ട്ട് ഉള്ളവര്‍ക്ക് മറ്റ് അറബ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് നല്‍കുന്ന എല്ലാ പരിഗണനയും നല്‍കുമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു. 26 വര്‍ഷത്തിനുശേഷമാണ് ഫലസ്തീന്‍ പൗരന്മാര്‍ക്ക് സ്വന്തം രാജ്യത്തെ പാസ്‌പോര്‍ട്ടില്‍ കുവൈത്തില്‍ പ്രവേശിക്കാന്‍ അവസരമൊരുങ്ങുന്നത്. ഒരുകാലത്ത് കുവൈത്തിലെ സര്‍ക്കാര്‍ മേഖലയില്‍ ശക്തമായ സാന്നിധ്യമായിരുന്നു ഫലസ്തീന്‍ പൗരന്മാര്‍.

അധിനിവേശകാലത്ത് പി.എല്‍.ഒ സ്വീകരിച്ച ഇറാഖ് അനുകൂല നിലപാടിനെ തുടര്‍ന്ന് 1991ലാണ് കുവൈത്ത് ഫലസ്തീനുമായുള്ള നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. ഇതിെന്റ തുടര്‍ച്ചയെന്നോണം ഫലസ്തീന്‍ പാസ്‌പോര്‍ട്ടിെന്റ അംഗീകാരം എടുത്തുകളയുകയും രാജ്യത്തുണ്ടായിരുന്ന ഫലസ്തീന്‍ പൗരന്മാരെ തിരിച്ചയക്കുകയും ചെയ്തു. പിന്നീട് ഈജിപ്ത് സര്‍ക്കാര്‍ നല്‍കുന്ന താല്‍ക്കാലിക യാത്രാരേഖയോ ജോര്‍ഡന്‍ പാസ്‌പോര്‍ട്ടോ ഉപയോഗിച്ചാണ് ഫലസ്തീനികള്‍ കുവൈത്തിലെത്തിയിരുന്നത്. നിലവില്‍ ഇന്ത്യക്കാരും ഈജിപ്തുകാരുമാണ് കുവൈത്തിലെ ഏറ്റവും വലിയ തൊഴിലാളി സമൂഹം. ജനസംഖ്യാ അസന്തുലിതത്വം പരിഹരിക്കണമെന്ന മുറവിളി വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നുകൊണ്ടിരിക്കെ പുതിയ വികസന പദ്ധതികള്‍ക്കായി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുേമ്പാള്‍ ഫലസ്തീന്‍, ജിബൂതി എന്നീ രാജ്യക്കാര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് തൊഴില്‍മന്ത്രി പറയുന്നത് ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് തിരിച്ചടിയാണ്. പുതിയ റിക്രൂട്ട്‌മെന്റുകളില്‍ ഇന്ത്യക്കാരുടെ സാധ്യത നേരിയ തോതിലെങ്കിലും കുറക്കുന്നതാണ് ഈ നയംമാറ്റം.