മുഖ്യമന്ത്രി ധാര്‍ഷ്ട്യത്തിന്റെ പ്രകടിത രൂപമെന്ന്

Posted on: April 11, 2017 12:30 am | Last updated: April 11, 2017 at 12:03 am

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്‍ അഹങ്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും പ്രകടിത രൂപമായി മാറിയെന്ന് പി ടി തോമസ് എം എല്‍ എ പറഞ്ഞു. എതിര്‍ക്കുന്നവരെ ജയിലിലടക്കുന്ന പിണറായിയുടെ രീതി മനുഷ്യാവകാശ ലംഘനമാണ്.
ജിഷ്ണുവിന്റെ മാതാവ് മഹിജ പോലീസ് മേധാവിയെ കാണാനെത്തിയ സംഭവത്തില്‍ കെ എം ഷാജഹാന്‍ അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത നടപടി നീതീകരിക്കാനാകില്ല. മനുഷ്യാവകാശ ധ്വംസനം ചോദ്യം ചെയ്ത ഷാജഹാന്‍ അടക്കമുള്ളവരെ റിമാന്‍ഡില്‍ നിന്ന് മോചിപ്പിക്കണം. ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ വിധേയനായി പിണറായി മാറിയെന്നും പി ടി തോമസ് പത്രസമ്മേളനത്തില്‍ ആരോപിച്ചു.
പോലീസിന് അഴിഞ്ഞാടാനുള്ള ലൈസന്‍സ് പിണറായി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇത്തരം വിഷയങ്ങളില്‍ എഴുത്തുകാര്‍ മൗനം പാലിക്കുകയാണ്. ലാവ്‌ലിന്‍ കേസ് എതിരാകുമെന്നഭയത്താല്‍ പിണറായിയുടെ സമനില തെറ്റിയെന്നും പി ടി തോമസ് ആരോപിച്ചു.

കേരളത്തിലെ കോണ്‍ഗ്രസില്‍ നിന്ന് ആരും ബി ജെ പിയിലേക്ക് പോകില്ല. അത് സി പി എമ്മിന്റെ മലപ്പുറം തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം മാത്രമാണ്.
കേരളത്തിലെ സ്വാശ്രയ കോളജുകളില്‍ നടക്കുന്ന മാനേജ്‌മെന്റ്, എസ് എഫ് ഐ അരാജകത്വം അവസാനിപ്പിക്കണമെന്നും പി ടി തോമസ് ആവശ്യപ്പെട്ടു.