കാലിക്കറ്റ് എം എ ഇംഗ്ലീഷ് ചോദ്യങ്ങള്‍ മുഴുവന്‍ സിലബസിന് പുറമെ നിന്നുള്ളതെന്ന് പരാതി

Posted on: April 11, 2017 6:55 am | Last updated: April 10, 2017 at 11:56 pm

നിലമ്പൂര്‍: ഇന്നലെ നടന്ന കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പരീക്ഷയിലെ ചോദ്യങ്ങള്‍ മുഴുവനും സിലബസിന് പുറമെ നിന്നുള്ളതാണെന്ന് പരാതി. എം എ ഇംഗ്ലീഷ് ഒന്നാം സെമസ്റ്റര്‍ ഒപ്ഷനല്‍ വിഷമായ റൈറ്റിംഗ് ഓഫ് ദ മീഡിയ പരീക്ഷയിലാണ് മുഴുവന്‍ ചോദ്യങ്ങളും സിലബസിന് പുറത്തുനിന്ന് വന്നത്. കഴിഞ്ഞ ഫെബ്രവരി പത്തിന് നടക്കേണ്ട ഈ പരീക്ഷ രണ്ട് തവണ മാറ്റിയാണ് നടത്തിയത്. മാര്‍ച്ച് മൂന്നിന് നടത്താനായിരുന്നു തീരുമാനമെങ്കിലും പിന്നീട് തീയതി മാറ്റി ഏപ്രില്‍ പത്തിന് നടത്തുകയായിരുന്നു. അതേ സമയം, നേരത്തെ കഴിഞ്ഞുപോയ എം എ ഇംഗ്ലീഷിന്റെ തന്നെ മറ്റൊരു ഒപ്ഷനല്‍ വിഷയമായ അഡ്വാന്‍സ്ഡ് കമ്യൂനിക്കേഷന്റെ സിലബസിലെ ചോദ്യങ്ങളാണ് ഇന്നലെ വന്നതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

നിലവിലെ റഗുലറിന് പുറമെ 2012 മുതല്‍ പരാജയപ്പെട്ടവരും ഇപ്പോള്‍ ഈ പരീക്ഷയെഴുതുന്നവരിലുണ്ട്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലുള്‍പ്പെട്ട സ്വാശ്രയ കോളജുകളിലടക്കം പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ആശയക്കുഴപ്പത്തിലായിരിക്കുന്നത്.
യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ടപ്പോള്‍ സിലബസ് മാറിയതായി അറിയില്ലെന്നായിരുന്നു മറുപടി. യൂനിവേഴ്‌സിറ്റി അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന് പരീക്ഷാര്‍ഥികള്‍ പറഞ്ഞു.