Connect with us

National

ശ്രീനഗർ ഉപതിരഞ്ഞെടുപ്പിനിടെ വ്യാപക സംഘർഷം, വെടിവെപ്പ്; ആറ് മരണം

Published

|

Last Updated

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഉപതിരഞ്ഞെടുപ്പിനിടെ വ്യാപക സംഘര്‍ഷം. ശക്തമായ കല്ലേറിനെയും അക്രമത്തെയും ചെറുക്കാന്‍ സുരക്ഷാ സേന നടത്തിയ വെടിവെപ്പിലും പ്രതിഷേധക്കാരുമായുണ്ടായ ഏറ്റുമുട്ടലിലും ആറ് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. വെറും 6.5 ശതമാനം പേർ മാത്രമാണ് തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിച്ചത്.

ബഡ്ഗാം ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് രൂക്ഷമായ ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇവിടെ കല്ലേറ് നടത്തിയ പ്രതിഷേധക്കാര്‍ക്ക് നേരെ സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ ആറ് പേര്‍ മരിച്ചു. നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും പ്രതിഷേധക്കാര്‍ പിരിഞ്ഞു പോകാത്തതിനെ തുടര്‍ന്നാണ് സുരക്ഷാ സേനക്ക് വെടിയുതിര്‍ക്കേണ്ടി വന്നത്.

ശ്രീനഗറിന്റെ വിവിധ ഭാഗങ്ങളില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചിലയിടങ്ങളില്‍ ബൂത്ത് കൊള്ളയടിക്കാന്‍ ശ്രമം നടന്നപ്പോള്‍ മറ്റു ചിലയിടങ്ങളില്‍ വോട്ടിംഗ് മെഷീന്‍ തകരാറിലാക്കാനും ശ്രമമുണ്ടായി. അക്രമ സംഭവങ്ങള്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചു. കടകമ്പോളങ്ങള്‍ എല്ലാം അടഞ്ഞുകിടക്കുകയാണ്. വിഘടനവാദികള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്യുകയും ബന്ദ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷമുണ്ടായ പ്രതിഷേധത്തിന്റെ ഭാഗമായി പിഡിപി എംപി താരിഖ് ഹമീദ് രാജിവച്ച ഒഴിവിലാണു തിരഞ്ഞെടുപ്പ്.

Latest