പുലിയെ പേടിച്ച് തെങ്ങില്‍ കയറിയ യുവാവ് ‘പുലിവാല്‍’പിടിച്ചു

Posted on: April 7, 2017 4:30 pm | Last updated: April 7, 2017 at 4:07 pm

നാദാപുരം: പുലിയെ പേടിച്ച് തെങ്ങില്‍ കയറിയ യുവാവ് രക്ഷ തേടി പോലീസിനെ വിളിച്ചു. ഒടുവില്‍ താഴെയിറങ്ങാന്‍ ഫയര്‍ഫോഴ്‌സിന്റെ സഹായവും തേടി. അരൂരിലെ വെമ്പറ കുന്നിനടുത്ത് ഇന്നലെ വൈകീട്ടാണ് ആശങ്കയും കൗതുകവും കലര്‍ന്ന സംഭവം അരങ്ങേറിയത്.
നൊട്ടിന്റവിട രതീഷ് കാല്‍നടയായി പോകുമ്പോഴാണ് പുലിയെന്ന് തോന്നിക്കുന്ന ജീവി കിടക്കുന്നത് കണ്ടത്. മുന്നിലകപ്പെട്ടപ്പോള്‍ ആക്രമിക്കുമെന്ന ഭീതിയില്‍ തെങ്ങില്‍ കയറുകയായിരുന്നു. തെങ്ങില്‍ നിന്ന് നാദാപുരം കണ്‍ട്രോള്‍ റൂം പോലീസിനെ ഫോണ്‍ ചെയ്തു. പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും അജ്ഞാത ജീവി സ്ഥലംവിട്ടിരുന്നു.
ഇതിനിടെ തെങ്ങില്‍ നിന്ന് ഇറങ്ങാനാകാതെ കുഴങ്ങിയ രതീഷിനെ രക്ഷിക്കാന്‍ പോലീസ്്് ഫയര്‍ഫോഴ്‌സിന്റെ സഹായം തേടി. ചേലക്കാട് നിന്ന് ഫയര്‍ഫോഴ്‌സ്് ജീവനക്കാര്‍ എത്തുമ്പോഴേക്കും നാട്ടുകാര്‍ രതീഷിനെ താഴെയിറക്കിയിരുന്നു.

അരൂരില്‍ വീണ്ടും പുലിയെ കണ്ടുവെന്ന വിവരമറിഞ്ഞ് നൂറുകണക്കിനാളുകള്‍ സ്ഥലത്തെത്തി. പരിസര പ്രദേശങ്ങളില്‍ വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. രാത്രി ഇരുട്ടിയും തിരച്ചില്‍ തുടര്‍ന്നു. കഴിഞ്ഞ വ്യാഴാഴ്ച ഇതിന് സമീപത്തായി പുലിയെന്ന് സംശയിക്കുന്ന ജീവിയെ കണ്ടിരുന്നു. വനപാലകരെത്തി കാല്‍പാടുകള്‍ പരിശോധിച്ചിരുന്നെങ്കിലും ഭീതി പരത്തുന്ന ജീവിയെ പിടികൂടാന്‍ നടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.