Connect with us

Wayanad

കൊടുംവരള്‍ച്ച: വെള്ളവും തീറ്റയും കിട്ടാതെ കാട്ടാനകള്‍ ചരിയുന്നു

Published

|

Last Updated

അതിര്‍ത്തിവനപ്രദേശത്ത് ചരിഞ്ഞ കാട്ടാന (ഫയല്‍ ചിത്രം)

കല്‍പ്പറ്റ: നാട് കൊടും വരള്‍ച്ചയിലേക്ക് നീങ്ങിയതോടെ വെള്ളവും തീറ്റയും കിട്ടാതെ കേരള അതിര്‍ത്തിയില്‍ കാട്ടാനകള്‍ വ്യാപകമായി ചരിയുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ കേരള – തമിഴ്‌നാട് അതിര്‍ത്തിവനങ്ങളില്‍ ഒമ്പത് കാട്ടാനകളാണ് ചരിഞ്ഞത്. പുല്‍പ്പള്ളി ചാമപ്പാറയിലെ കന്നാരം പുഴയോട് ചേര്‍ന്ന് കഴിഞ്ഞ ദിവസം പത്ത് വയസ്സ് പ്രായമുള്ള കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടതാണ് ഏറ്റവും ഒടുവിലത്തേത്. ഇരതേടി പതിവ് ആവാസവ്യവസ്ഥ വിട്ട് പുറത്തിറങ്ങുന്ന കാട്ടാനകള്‍ വിശന്നു വലഞ്ഞ കടുവകളുടെ ആക്രമണത്തിനിരയാവുന്നതും ജനവാസ കേന്ദ്രത്തിലിറങ്ങുന്ന കൊമ്പന്മാര്‍ മനുഷ്യരെ ആക്രമിക്കുന്നതും പ്രതിസന്ധി ഇരട്ടിയാക്കുന്നു.

കഴിഞ്ഞ ദിവസം തോല്‍പ്പെട്ടി വന്യജീവി സങ്കേതം അതിരിടുന്ന കുടക് ജില്ലയില്‍ മലയാളി വിദ്യാര്‍ഥിനിയെ കാട്ടാന കുത്തിക്കൊലപ്പെടുത്തിയിരുന്നു. പൊളിബെട്ടക്കടുത്തു താരിക്കട്ട സ്വദേശി പി എ മുസ്തഫയുടെ മകള്‍ സഫാന(18)യാണ് ആനയുടെ അക്രമണത്തിനിരയായത്. സഹോദരനൊപ്പം ബൈക്കില്‍ കോളജിലേക്ക് പോവുന്നതിനിടെ പിന്നില്‍ നിന്നും വലിച്ചുനിലത്തിട്ടാണ് സഫാനയെ കൊലപ്പെടുത്തിയത്. തീറ്റയും വെള്ളവും തേടി കാട് കടന്ന് കന്നാരം പുഴയിലെത്തിയ ആന എങ്ങനെ ചരിഞ്ഞുവെന്ന് വ്യക്തമല്ല.
വരള്‍ച്ച രൂക്ഷമായ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് വിശന്നും കടുവകളുടെ ആക്രമണത്തിലുമായി ഇത്രയും ആനകള്‍ ചരിഞ്ഞത്. കഴിഞ്ഞ മാസം രണ്ട് ദിവസങ്ങളിലായി രണ്ട് കാട്ടാനകളാണ് ചരിഞ്ഞത്. കുടിവെള്ളം ലഭിക്കാതെയാണ് കാട്ടാനകള്‍ ചെരിഞ്ഞതെന്നായിരുന്നു വനം വകുപ്പ് അധികൃതരുടെ ആദ്യനിഗമനമെങ്കിലും കൂടുതല്‍ പരിശോധനയില്‍ കടുവകളുടെ ആക്രമണം മൂലമാണ് ആനകള്‍ ചരിഞ്ഞതെന്ന് കണ്ടെത്തി. വെള്ളവും തീറ്റയും കുറഞ്ഞതോടെ അവശയായി ചരിഞ്ഞ 25 വയസ്സുള്ള മറ്റൊരാനക്കും കടുവയുടെ ആക്രമണത്തല്‍ പരുക്കേറ്റതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തുകയും ചെയ്തു. ശരീരത്തിന്റെ പിന്‍ഭാഗത്ത് നിന്ന് മാംസം അടര്‍ത്തി മാറ്റിയ അവസ്ഥയിലായിരുന്നു ഈ കൊമ്പന്‍. മുതുമല വന്യജീവി സങ്കേതത്തില്‍പ്പെട്ട കാര്‍ഗുഡി വനത്തില്‍ ഒരു കാട്ടാനക്കുട്ടിയെയും ചരിഞ്ഞ നിലയില്‍ കണ്ടെത്തി. ഇതിനും കടുവയുടെ ആക്രമത്തില്‍ പരുക്കേറ്റിരുന്നു. ആനക്കുട്ടിയുടെ തലക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. വനപാലകര്‍ നേരിട്ട് കണ്ടതിനെ തുടര്‍ന്ന് കടുവയെ ഓടിക്കുകയായിരുന്നു. ഉള്‍വനത്തില്‍ കടുവകളുടെ ആക്രമണത്തില്‍ കൂടുതല്‍ കാട്ടാനകള്‍ ചെരിഞ്ഞിട്ടുണ്ടാകുമോ എന്ന ആശങ്കയിലാണ് വനപാലകര്‍. കാട് വറ്റിയതോടെ കാട്ടാനകള്‍ കൂട്ടത്തോടെ കാടിറങ്ങുന്നത് പതിവായിരിക്കുകയാണ്. നെയ്കുപ്പ, നീര്‍വാരം പ്രദേശങ്ങളിലെ ഗ്രാമങ്ങളിലെ വീടിന് സമീപത്തെ കിണറുകള്‍ക്കരികില്‍ വരെ കാട്ടാനകളെത്തുകയാണ്.

നെയ്കുപ്പ മേഖലയില്‍ വനത്തില്‍ പത്തോളം കുളങ്ങളുണ്ടെങ്കിലും വേനല്‍ കനത്തതോടെ ഇതെല്ലാം വറ്റിയിരിക്കുകയാണ്. നിലവില്‍ നെയ്കുപ്പ ഫോറസ്റ്റ് ഓഫീസിന് സമീപത്തെ അരുവിലാണ് വെള്ളമുള്ളത്. ഇവിടെയാണ് കാട്ടാനക്കൂട്ടം തമ്പടിക്കുന്നത്. നീര്‍വാരത്തെ സരസി പുഴക്ക് സമീപത്തും കാട്ടാനകള്‍ വെള്ളം തേടി നിരന്തരമെത്തുന്നുണ്ട്. ആനകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് വനംവകുപ്പ് അധികൃതരില്‍ ഭീതിയുയര്‍ത്തിയിട്ടുണ്ട്.

 

---- facebook comment plugin here -----

Latest