നവ മാധ്യമം ദുരുപയോഗം ചെയ്ത അറബ് കവിക്ക് രണ്ടര ലക്ഷം പിഴ, മൂന്ന് മാസം തടവ്‌

Posted on: April 5, 2017 4:55 pm | Last updated: April 5, 2017 at 4:35 pm

അബുദാബി: രണ്ടു വര്‍ഷക്കാലം തുടര്‍ച്ചയായി നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍നിന്ന് പ്രമുഖ അറബ് കവിയെ വിലക്കിക്കൊണ്ട് അബുദാബി ഫെഡറല്‍ അപ്പീല്‍ കോടതി വിധി. നവമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്ത കുറ്റത്തിനാണ് കവിക്കെതിരെ കോടതിവിധി. മാന്യതക്കും പൊതുമര്യാദക്കും നിരക്കാത്ത തരത്തിലുള്ള കവിത സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തതിനാണ് കോടതി ശിക്ഷ വിധിച്ചത്.

സോഷ്യല്‍ മീഡിയയില്‍ പ്രവേശിക്കുന്നത് വിലക്കിയതിന് പുറമെ മൂന്ന് മാസത്തെ ജയില്‍വാസവും രണ്ടര ലക്ഷം ദിര്‍ഹം പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഇതിനു പുറമെ ഇക്കാര്യത്തിന് പ്രതി ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും കോടതി കണ്ടെത്തിയിട്ടുണ്ട്. ഏതെങ്കിലും രാജ്യങ്ങളെയോ സമൂഹങ്ങളെയോ വ്യക്തികളെയോ സംസ്‌കാരങ്ങളെയോ അവമതിക്കുന്നതും പൊതുമര്യാദകളെയും പാരമ്പര്യങ്ങളെയും ലംഘിക്കുന്നതോ ആയ സോഷ്യല്‍ മീഡിയാ ഇടപെടലുകള്‍ വളരെ ഗൗരവത്തില്‍ കാണേണ്ട കുറ്റമാണെന്ന് വിധിക്കിടെ കോടതി വ്യക്തമാക്കി. പ്രാദേശിക വാര്‍ത്താമാധ്യമങ്ങളില്‍ വന്‍ പ്രാധാന്യമാണ് കോടതിവിധിക്ക് ലഭിച്ചത്.