Connect with us

Malappuram

കേരളത്തില്‍ മതേതരത്വം കാക്കുന്നത് ഇടതുപക്ഷത്തിന്റെ സാന്നിധ്യം: മുകേഷ്

Published

|

Last Updated

തേഞ്ഞിപ്പലം: കേരളത്തില്‍ മതേതരത്വം കാക്കുന്നത് ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിധ്യമാണെന്ന് നടനും എം എല്‍ എയുമായ മുകേഷ്. മലപ്പുറം മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ഥി അഡ്വ. എം ബി ഫൈസലിന്റെ വള്ളിക്കുന്ന് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതരത്വം കാത്തുസൂക്ഷിക്കാനുള്ള കഴിവും കരുത്തും ഇടതുപക്ഷത്തിനേയുള്ളൂ. കോണ്‍ഗ്രസിന് മതേതരത്വം സംരക്ഷിക്കാനാകില്ല. ഗോവയിലും മണിപ്പൂരിലും തിരഞ്ഞെടുപ്പില്‍ വലിയ ഒറ്റകക്ഷിയായിട്ടു പോലും സര്‍ക്കാര്‍ ഉണ്ടാക്കാനായില്ലെന്ന് മാത്രമല്ല, കൂടെയുള്ള എം എല്‍ എമാര്‍ പോലും മറുകണ്ടം ചാടുകയാണുണ്ടായത്. രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പാണിതെന്നും അതിനെ ലാഘവത്തോടെ കാണരുതെന്നും മുകേഷ് വോട്ടര്‍മാരോട് പറഞ്ഞു.
ആവിഷ്‌കാര സ്വാതന്ത്രത്തിന് വേണ്ടി ഇടതുപക്ഷമാണ് എക്കാലത്തും ശബ്ദമുയര്‍ത്തിയിട്ടുള്ളത്. അതുകൊണ്ടാണ് കലാകാരന്‍മാരില്‍ ഭൂരിഭാഗവും ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലെല്ലാം മതേതരത്വം ഭീഷണി നേരിടുമ്പോള്‍ കേരളത്തില്‍ അത്ര പ്രശ്‌നങ്ങളില്ലാത്തത് ഇടതുപക്ഷത്തിന്റെ ശക്തമായ സ്വാധീനമുള്ളതുകൊണ്ടാണ്. മലപ്പുറം തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിനെ വിജയിപ്പിച്ച് ഇത് അരക്കിട്ട് ഉറപ്പിക്കണമെന്നും മുകേഷ് എം എല്‍ എ അഭ്യര്‍ഥിച്ചു. കലയെയും ഫുട്‌ബോളിനെയും നെഞ്ചേറ്റുന്ന മലപ്പുറത്തുകാര്‍ മതേതരത്വത്തിനായി പൊരുതുന്ന ഇടതുപക്ഷത്തെയും കൂടെ നിര്‍ത്തണമെന്ന് മുകേഷ് അഭ്യര്‍ഥിച്ചു.

വള്ളിക്കുന്നിലെ ആനയാറങ്ങാടിയില്‍ നിന്നാരംഭിച്ച് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം തേഞ്ഞിപ്പലത്തെ വിവിധ കേന്ദ്രങ്ങളിലും ചേലേമ്പ്രയിലെ കുടുംബയോഗങ്ങളിലും അദ്ദേഹം പങ്കെടുത്ത് സംസാരിച്ചു. മന്ത്രി ഡോ. കെ ടി ജലീല്‍, ടി വി രാജേഷ് എം എല്‍ എ, മുന്‍ എം എല്‍ എ കെ വി കുഞ്ഞിരാമന്‍, വേലായുധന്‍ വള്ളിക്കുന്ന്, പ്രൊഫ. എ പി അബ്ദുല്‍വഹാബ്, എം വിജയന്‍, വി പി സദാനന്ദന്‍, കെ പി രഘുനാഥ്, എം ഗിരീഷ് സംസാരിച്ചു.