Connect with us

Kerala

വാഹന പണിമുടക്ക് തുടങ്ങി; പരീക്ഷകള്‍ മാറ്റി

Published

|

Last Updated

തിരുവനന്തപുരം/ കൊച്ചി: വാഹന ഇന്‍ഷ്വറന്‍സ് പ്രീമിയം വര്‍ധനയും നികുതി വര്‍ധനയും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംയുക്തസമര സമിതി നടത്തുന്ന 24 മണിക്കൂര്‍ വാഹന പണിമുടക്ക് അര്‍ധരാത്രി മുതല്‍ ആരംഭിച്ചു. പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍, എം ജി, ആരോഗ്യ സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. ഫിഷറീസ് സര്‍വകലാശാലയുടെ ഇന്നത്തെ പരീക്ഷയില്‍ മാറ്റമില്ല. എം ജി, ആരോഗ്യ സര്‍വകലാശാലകള്‍ ഇന്നത്തെ പരീക്ഷകളെല്ലാം നാളത്തേക്കാണ് മാറ്റിയത്. കണ്ണൂര്‍ സര്‍വകലാശാലയുടെ എല്‍ എല്‍ ബി എട്ടാം സെമസ്റ്റര്‍ പരീക്ഷ ഏപ്രില്‍ ഒന്നിലേക്കും എം എസ് സി ഇലക്‌ട്രോണിക്‌സ് (ഒന്നാം സെമസ്റ്റര്‍), എം സി ജെ (ഒന്നാം സെമസ്റ്റര്‍) പരീക്ഷകള്‍ ഏപ്രില്‍ മൂന്നിലേക്കും മാറ്റി.
സി ഐ ടി യു. എ ഐ ടി യു സി, ഐ എന്‍ ടി യു സി, യു ടി യു സി, എസ് ടി യു, എച്ച് എം എസ്, കെ ടി യു സി എന്നീ യൂനിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. കേരള ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വെഹിക്കിള്‍ ഓണേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍, ഓള്‍ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ എന്നിവയും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മലപ്പുറം മണ്ഡലത്തില്‍ പണിമുടക്കില്ല.

അതേസമയം, ഇന്‍ഷ്വറന്‍സ് പ്രീമീയം തുക വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കുക എന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കോ- ഓര്‍ഡിനേഷന്‍ ഓഫ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വെഹിക്കിള്‍സ് ഓര്‍ഗനൈസേഷന്‍സിന്റെ (സി എം ഒ) ആഭിമുഖ്യത്തില്‍ സംസ്ഥാനത്തെ ചരക്ക് വാഹനങ്ങള്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. അനിശ്ചിതകാല പണിമുടക്കില്‍ ലോറികള്‍, മിനി ലോറികള്‍, ടിപ്പറുകള്‍, ടാങ്കറുകള്‍ തുടങ്ങി മുഴുവന്‍ ചരക്കുവാഹനങ്ങളും പങ്കെടുക്കുന്നുണ്ട്. കേരളത്തിന് പുറമെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സമരം നിലനില്‍ക്കുന്നതിനാല്‍ പച്ചക്കറി ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വരവ് നിലക്കുന്നത് ജനജീവിതം ദുസ്സഹമാക്കും.

 

Latest