സഊദി അറേബ്യയില്‍ പൊതുമാപ്പ് കാലാവധി ഇന്ന് ആരംഭിക്കും

Posted on: March 29, 2017 10:30 am | Last updated: May 5, 2017 at 11:31 am

ദമ്മാം: സഊദി അറേബ്യയില്‍ പൊതുമാപ്പ് കാലാവധി ഇന്ന് ആരംഭിക്കും. താമസ, തൊഴില്‍ രേഖകളില്ലാതെയോ കാലാവധി കഴിഞ്ഞോ രാജ്യത്ത് തങ്ങുന്നവര്‍ക്ക് നിയമപ്രശ്‌നങ്ങളില്ലാതെ നാടുവിടുവാനുള്ള അവസരമാണ് പൊതുമാപ്പ്. സന്ദര്‍ശന വിസ, ഹജ്, ഉംറ വിസകളില്‍ സഊദിയില്‍ എത്തി വിസാ കാലാവധിക്കു ശേഷം അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്ക് എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും ചെക്ക് പോസ്റ്റുകളും അടക്കമുള്ള അതിര്‍ത്തികളില്‍ ജവാസാത്ത് കൗണ്ടറുകളില്‍ നിന്ന് ഫൈനല്‍ എക്‌സിറ്റ് നല്‍കും. പൊതുമാപ്പ് പ്രഖ്യാപിച്ച് 90 ദിവസത്തിനകം സ്വമേധയാ രാജ്യം വിടുന്നവരെയാണ് ശിക്ഷാ നടപടികളില്‍ നിന്ന് ഒഴിവാക്കുക. സ്‌പോണ്‍സര്‍മാര്‍ ഹുറൂബാക്കിയവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും.

വിരലടയാളവും കണ്ണും പരിശോധിച്ച് കേസുകളിലും മറ്റും ഉള്‍പ്പെട്ടവരല്ലെന്ന് സുരക്ഷാ വകുപ്പുകള്‍ അന്വേഷിച്ച ശേഷമാണ് നിയമ ലംഘകര്‍ക്ക് എക്‌സിറ്റ് നല്‍കുക. അതത് പ്രവിശ്യകളിലെ ജവാസാത്ത് ഡയറക്ടറേറ്റുകള്‍ക്കു കീഴിലെ വിദേശി വകുപ്പുകള്‍ വഴിയാണ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തി സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നവരെ നാടുകടത്തപ്പെട്ടവര്‍ എന്ന ഗണത്തില്‍ കരിമ്പട്ടികയില്‍ പെടുത്തില്ല. ഇതുമൂലം പുതിയ വിസയില്‍ സൗദിയില്‍ വീണ്ടും വരുന്നതിന് ഇവര്‍ക്ക് തടസ്സമുണ്ടാകില്ല.

പൊതുമാപ്പ് നടപ്പാക്കുന്നതിന് ജവാസാത്ത് ഡയറക്ടറേറ്റ് എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. ഇന്ത്യന്‍ കോണ്‍സുലേറ്റും ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍്ത്തീകരിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷമാണ് സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്.