മഅ്ദിന്‍ വെര്‍ച്വല്‍ യൂണിവേഴ്‌സിറ്റി ആരംഭിക്കും

Posted on: March 28, 2017 6:59 pm | Last updated: March 28, 2017 at 6:52 pm

ദുബൈ: മലപ്പുറം ആസ്ഥാനമായുള്ള മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ വഴിയുള്ള പഠനത്തിന് വിപുലമായ സംവിധാനങ്ങളൊരുക്കുമെന്ന് ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രൈമറി തലം തൊട്ട് ബിരുദാനന്തര തലം വരെയുള്ള വിവിധ കോഴ്‌സുകളില്‍ ലോകത്തിന്റെ ഏതുഭാഗത്തുമുള്ള ആളുകള്‍ക്ക് പ്രവേശനം നേടാനും സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കാനുമുള്ള അവസരം ഇതിലൂടെ കൈവരും. ആദ്യഘട്ടത്തില്‍ കേരളത്തില്‍ നിന്നുള്ള ആളുകള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ള കോഴ്‌സുകളാണ് ഉണ്ടാവുക. വിശുദ്ധ ഖുര്‍ആന്‍ അടക്കം ഇസ്‌ലാമിക് എജ്യുക്കേഷനല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടേത് ഉള്‍പ്പെടെ ലോകതലത്തില്‍ അംഗീകാരം നേടിയ വിവിധ പഠനരീതികള്‍ അനുസരിച്ച് വീടുകളിലിരുന്ന് പഠിക്കാവുന്ന സൗകര്യങ്ങള്‍ വേണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. പ്രവാസികള്‍ക്കിടയില്‍ നിന്നാണ് ഈ ആവശ്യം പ്രധാനമായും ഉയരാറുള്ളത്. മഅ്ദിന്‍ ഓണ്‍ലൈന്‍ പഠന സംവിധാനം ആരംഭിക്കാനുള്ള പ്രധാന പ്രചോദനമിതാണ്. മഅ്ദിന്‍ അക്കാദമിയുടെ വിദേശ ഭാഷാ പഠന കേന്ദ്രത്തിന്റെ സ്പാനിഷ്, ഇംഗ്ലീഷ്, അറബിക്, ജര്‍മന്‍, ഫ്രഞ്ച് ഭാഷകളിലുള്ള കോഴ്‌സുകളും ഓണ്‍ലൈന്‍ വഴി ലഭ്യമാക്കും. ലാറ്റിന്‍ അമേരിക്കയുള്‍പ്പെടെയുള്ള നാടുകളിലുള്ളവര്‍ക്ക് ഇസ്‌ലാമിന്റെ അടിസ്ഥാന പാഠങ്ങള്‍ ഓണ്‍ലൈന്‍ വഴി നല്‍കുന്ന സംവിധാനം ഇപ്പോള്‍ത്തന്നെ മഅ്ദിന്‍ സ്പാനിഷ് അക്കാദമിക്കു കീഴില്‍ നടപ്പിലാക്കി വരുന്നുണ്ട്.

റെഗുലര്‍ രീതിയില്‍ വിദ്യാഭ്യാസം നടത്താനാവാത്തവര്‍ക്കും സ്ത്രീകള്‍ക്കും ഏറെ ഉപകാരപ്രദമാകുന്നതാണ് ഓണ്‍ലൈന്‍ സംവിധാനം. ലോകത്തിന്റെ മുന്‍നിര യൂണിവേഴ്‌സിറ്റികളായ ഹാഡ്‌വാഡ,് മസാച്ചുസറ്റ്‌സ്, ഓക്‌സ്ഫഡ്, കേംബ്രിഡ്ജ് പോലുള്ള സര്‍വ്വകലാശാലകള്‍ തങ്ങളുടെ കോഴുസുകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്ന പദ്ധതി നേരത്തെ ആരംഭിച്ചിട്ടുണ്ട്.

മഅ്ദിന്‍ ഓണ്‍ലൈന്‍ യൂണിവേഴ്‌സിറ്റിക്കായുള്ള പ്രവര്‍ത്തനങ്ങള്‍ സ്വലാത്ത് നഗര്‍ കാമ്പസില്‍ ആരംഭിച്ചു കഴിഞ്ഞു. പ്രത്യേക ടെക്‌നിക്കല്‍ ഗ്രൂപ്പിനെയും കോഴ്‌സുകള്‍ സംവിധാനിക്കുന്നതിന് അക്കാദമിക് വിഭാഗത്തെയും നിയമിച്ചിട്ടുണ്ട്.

2018ല്‍ അവസാനിക്കുന്ന തരത്തില്‍ ഇരുപതിന കര്‍മപദ്ധതികളോടെ ബൃഹത്തായ രീതിയിലാണ് മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികമായ വൈസനിയം നടപ്പിലാക്കുന്നതെന്നും സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി പറഞ്ഞു.
ഐ സി എഫ് യു എ ഇ നാഷനല്‍ ജനറല്‍ സെക്രട്ടറി ശരീഫ് കാരശ്ശേരി, ദുബൈ കമ്മിറ്റി പ്രസിഡന്റ് മുസ്തഫ ദാരിമി വിളയൂര്‍, മര്‍കസ് നാഷനല്‍ പ്രസിഡന്റ് എ.കെ. അബൂബക്കര്‍ മൗലവി കട്ടിപ്പാറ, മഅ്ദിന്‍ ഇന്റര്‍നാഷനല്‍ റിലേഷന്‍ഷിപ്പ് ഓഫീസര്‍ സഈദ് ഊരകം, മഅ്ദിന്‍ ദുബൈ കമ്മിറ്റി സെക്രട്ടറി മജീദ് മദനി മേല്‍മുറി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു