ഹമാസ് കമാന്‍ഡറുടെ വധം: ഇസ്‌റാഈല്‍ അതിര്‍ത്തി ഭാഗികമായി തുറന്നു

Posted on: March 28, 2017 9:00 am | Last updated: March 27, 2017 at 11:49 pm
ഇസ്‌റാഈലുമായുള്ള അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍

ഗാസ: ഹമാസ് കമാന്‍ഡറെ വധിച്ചതില്‍ പ്രതിഷേധിച്ച് അടിച്ചിട്ട ഇസ്‌റാഈല്‍ അതിര്‍ത്തി ഹമാസ് ഭാഗികമായി തുറന്നു. കടുത്ത ഉപാധികളോടെയാണ് ഭാഗികമായി അതിര്‍ത്തി തുറക്കാന്‍ ഹമാസ് അധികൃതര്‍ തീരുമാനിച്ചത്. ഇന്നലെ മുതല്‍ ചില പ്രത്യേക യാത്രക്കാര്‍ക്ക് അതിര്‍ത്തി കടക്കാന്‍ ഹമാസ് അനുമതി നല്‍കിയിട്ടുണ്ട്.

ഗാസയിലേക്ക് പ്രവേശിക്കാന്‍ ആര്‍ക്കും വിലക്കുണ്ടാകില്ലെങ്കിലും ഗാസയില്‍ നിന്ന് പുറത്തുപോകാന്‍ എല്ലാവര്‍ക്കും സാധിക്കില്ലെന്നും ഫലസ്തീന്‍ ആഭ്യന്തര മന്ത്രാലയം വക്താവ് അറിയിച്ചു. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍, രോഗികള്‍, സ്ത്രീകള്‍, തടവുകാരുടെ ബന്ധുക്കള്‍ എന്നിവര്‍ക്ക് അതിര്‍ത്തിയില്‍ വിലക്കുണ്ടാകില്ലെന്നും മറ്റുള്ളവരുടെ യാത്ര നിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗാസാ മുനമ്പില്‍ ഹമാസ് നേതാവ് കൊല്ലപ്പെട്ടതോടെയാണ് കടുത്ത നടപടിയുമായി ഫലസ്തീന്‍ അധികൃതര്‍ രംഗത്തെത്തിയത്. ഗാസ അതിര്‍ത്തിയില്‍ ഇസ്‌റാഈല്‍ അധികൃതര്‍ 2007 മുതല്‍ നിയന്ത്രണം ശക്തമാക്കിയിട്ടുണ്ടെങ്കിലും ഫലസ്തീന്‍ അധികൃതര്‍ ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നത് വളരെ അപൂര്‍വമാണ്.

വെള്ളിയാഴ്ച ഗാസയിലെ വീടിന്റെ മുന്‍ഭാഗത്ത് വെച്ച് മാസിന്‍ ഫഖയെന്ന 38കാരന്‍ കൊല്ലപ്പെട്ട സംഭവമാണ് ഫലസ്തീനെയും ഹമാസിനെയും പ്രകോപിപ്പിച്ചിരിക്കുന്നത്. അജ്ഞാത സംഘത്തിന്റെ വെടിയേറ്റാണ് മാസിന്‍ കൊല്ലപ്പെടുന്നത്. ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ ചാര സംഘടനയായ മൊസാദ് ആണെന്ന് ഹമാസ് ആരോപിക്കുന്നു. സംഭവത്തെ കുറിച്ച് ഇതുവരെ ഇസ്‌റാഈല്‍ പ്രതികരിച്ചിട്ടില്ല.