ഉപഭോക്താക്കളെയും വിലക്കയറ്റത്തെയും വാറ്റ് വലിയ തോതില്‍ ബാധിക്കില്ല

Posted on: March 27, 2017 9:38 pm | Last updated: March 27, 2017 at 9:34 pm

ദോഹ: അടുത്ത വര്‍ഷം ജി സി സി രാഷ്ട്രങ്ങളില്‍ അവതരിപ്പിക്കുന്ന അഞ്ച് ശതമാനം മൂല്യ വര്‍ധിത നികുതി (വാറ്റ്) ഖത്വറിലെ ഉപഭോക്താക്കളെയും വിലക്കയറ്റത്തെയും നേരിയ തോതിലേ ബാധിക്കുകയുള്ളൂവെന്ന് ബി എം ഐ റിസര്‍ച്ച് റിപ്പോര്‍ട്ട്. എണ്ണ- വാതകയിതര വരുമാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മേഖല നടത്തുന്ന പ്രധാന ചുവടുവെപ്പാണ് വാറ്റ്. സാമ്പത്തിക സ്ഥിതിയില്‍ വാറ്റ് ഗുണാത്മക പ്രതിഫലനമാണ് സൃഷ്ടിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിലക്കയറ്റത്തിലും സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നേരിയ തോതിലേ വാറ്റ് ബാധിക്കുകയുള്ളൂ. വിശാലമായ സാമ്പത്തിക അച്ചടക്കത്തിന്റെ ഭാഗമായാണ് മേഖലയില്‍ വാറ്റ് നടപ്പാക്കുന്നത്. സബ്‌സിഡി ഒഴിവാക്കല്‍, പൊതുമേഖലയിലെ തൊഴില്‍ ചുരുക്കും അടക്കമുള്ള വിശാലമായ നടപടിക്രമങ്ങളിലൂടെ കുറഞ്ഞ എണ്ണ വരുമാനം കൈകാര്യം ചെയ്യാനുള്ള ശ്രമമാണിത്. ഇലക്‌ട്രോണിക്‌സ്, ഫോണ്‍, കാര്‍, ആഭരണം, റസ്റ്റോറന്റ്, വിനോദം തുടങ്ങിവയെ വാറ്റില്‍ ഉള്‍പ്പെടുത്തും. അവശ്യ ഭക്ഷ്യസാധനങ്ങല്‍, ആരോഗ്യം, വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള അനിവാര്യ സേവനങ്ങള്‍ തുടങ്ങിയവയെ ഒഴിവാക്കും. ജി സി സി രാഷ്ട്രങ്ങളില്‍ വരും വാര്‍ഷങ്ങളില്‍ ധനക്കമ്മി തുടരുമെന്നാണ് ബി എം ഐയുടെ പ്രവചനം. അതിനാല്‍ വാറ്റ് പത്ത് ശതമാനമായി ഉയര്‍ത്താനുള്ള സാധ്യതയുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപഭോക്തൃ മേഖലയെ നേരിയ തോതില്‍ ബാധിക്കുമെന്നതിനാല്‍ ഈ വര്‍ഷം പ്രത്യേകിച്ച് വാഹന വിപണിയില്‍ വില്‍പ്പന വര്‍ധിക്കാനിടയുണ്ട്. അഞ്ച് ശതമാനം മാത്രമായതിനാലാണ് ഉപഭോക്താക്കളെ ബാധിക്കുന്നതിന്റെ തീവ്രത കുറയുന്നത്. യു എ ഇയെയായിരിക്കും വാറ്റ് കൂടുതല്‍ ബാധിക്കുക. നികുതിയില്‍ നിന്ന് യു എ ഇ 2.1 ശതമാനം വരുമാനമുണ്ടാക്കും. ഖത്വര്‍ 1.1ഉം കുവൈത്ത് രണ്ട് ശതമാനവുമായിരിക്കുമെന്നും ഐ എം എഫ് റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ബി എം ഐ സൂചിപ്പിക്കുന്നു.