തോമസ് ചാണ്ടിയെ മന്ത്രിയാക്കുന്നതില്‍ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് എതിര്‍പ്പ്‌

Posted on: March 27, 2017 8:25 pm | Last updated: March 28, 2017 at 6:36 pm

തിരുവനന്തപുരം: രാജിവെച്ചൊഴിഞ്ഞ ഗതാഗത മന്ത്രി എകെ ശശീന്ദ്രന് പകരം മന്ത്രിസ്ഥാനത്തേക്ക് എന്‍സിപി നേതാവ് തോമസ് ചാണ്ടിയുടെ പേര് ഉയര്‍ന്നു കേള്‍ക്കുന്നതില്‍ അതൃപ്തിയുമായി സിപിഐഎം കേന്ദ്രനേതൃത്വം. തോമസ് ചാണ്ടിയെ മന്ത്രിയാക്കി ഇടതു സര്‍ക്കാരില്‍ ഇടം നല്‍കുന്നത് ഉചിതമാവില്ലെന്നാണ് സിപിഐ എം കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ എതിര്‍പ്പ് നേരത്തെ തന്നെ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനെ അറിയിച്ചതാണെന്നും സിപിഐഎം കേന്ദ്രനേതൃത്വം പറയുന്നു.

പുതിയ മന്ത്രിയെ തീരുമാനിക്കേണ്ടത് സംസ്ഥാന തലത്തിലാണെന്ന് ആവര്‍ത്തിക്കുമ്പോഴും തോമസ് ചാണ്ടിയിലുള്ള അതൃപ്തി സിപിഐഎം മറച്ചുവെയ്ക്കുന്നില്ല. വിഷയം സംബന്ധിച്ച് സിപിഐഎം കേന്ദ്രനേതാക്കള്‍ കൂടിയാലോചന നടത്തുന്നുണ്ട്. മന്ത്രിസ്ഥാനം ഉചിതമാവില്ലെന്നാണ് വിലയിരുത്തല്‍.

ബിജെപി ബന്ധത്തില്‍ എന്‍സിപി നിലപാട് വ്യക്തമാക്കണമെന്നും ആവശ്യവും ഉയരുന്നുണ്ട്. ഗോവയില്‍ എന്‍സിപി ബിജെപിയെ പിന്തുണച്ചത് തിരിച്ചടിയാകുമെന്നാണ് സിപിഐഎം കരുതുന്നത്. ഗോവയിലെ പാര്‍ട്ടിയുടെ നിലപാടില്‍ എന്‍സിപി സംസ്ഥാനഘടകം എല്‍ഡിഎഫില്‍ വിശദീകരണവും നല്‍കേണ്ടി വരും.

കേരളത്തിലെ ഉദ്യോഗസ്ഥവൃന്തത്തിനെതിരേയും സിപിഐഎം കേന്ദ്ര നേതാക്കള്‍ക്ക് ആക്ഷേപമുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. കേന്ദ്രസര്‍ക്കാരിനെ സഹായിക്കുന്ന ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നാണ് സിപിഐഎം കേന്ദ്ര നേതൃത്വം സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കുന്നത്.