നാല് വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ പഞ്ചായത്തുകളും അഴിമതി രഹിതമാകും: കെടി ജലീല്‍

Posted on: March 25, 2017 9:40 am | Last updated: March 25, 2017 at 9:39 am

കടുത്തുരുത്തി: അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളെയും അഴിമതി രഹിത പഞ്ചായത്തുകളായി പ്രഖ്യാപിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി ഡോ. കെ ടി ജലീല്‍. കോട്ടയം ജില്ലയിലെ 14 ഗ്രാമപഞ്ചായത്തുകളെ അഴിമതി രഹിത- സദ്ഭരണ പഞ്ചായത്തുകളായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയത്ത് പഞ്ചായത്ത് വകുപ്പും വിജിലന്‍സ് റിസേര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് സെന്ററും സംയുക്ത പഠനം നടത്തി 14 ഗ്രാമപഞ്ചായത്തുകളെ അഴിമതി രഹിത സദ്ഭരണ പഞ്ചായത്തുകളായി തിരഞ്ഞെടുത്തത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമാണ്. എന്നാല്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അഴിമതിയില്‍ മുന്നിലാണെന്ന വിജിലന്‍സ് വകുപ്പിന്റെ അടുത്തിടെ പുറത്തു വന്ന റിപ്പോര്‍ട്ട് ഏറെ ഖേദകരമാണ്. ഇതിനെ സ്വയം വിമര്‍ശനമായി കാണാന്‍ പഞ്ചായത്തു ഉള്‍പ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയണം. വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കെതിരായുള്ള എല്ലാ പരാതികളും ഫോര്‍ ദ പീപ്പിള്‍ എന്ന തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ വെബ്‌പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യാം. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകും. അവരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ അത് രേഖപ്പെടുത്തും.

അടുത്ത ഒരു വര്‍ഷം കൊണ്ട് എല്ലാ ഗ്രാമപഞ്ചായത്തുകളെയും സീറോ ഫയല്‍ പഞ്ചായത്തുകളാക്കി മാറ്റും. കെട്ടിട പെര്‍മിറ്റിന് അപേക്ഷ നല്‍കുന്നതിലെ പോരായ്മകള്‍ ഒറ്റക്കത്തില്‍ തന്നെ ചൂണ്ടിക്കാട്ടണം. പലതവണ ഇതിനായി നടത്തുന്നതായി പരാതി ലഭിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. അഴിമതിക്കാരെ സംരക്ഷിക്കാന്‍ ഇടപെടില്ലെന്ന് എല്ലാ സര്‍വീസ് സംഘടനകളും സര്‍ക്കാറിന് ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അഴിമതിക്കാരെ സ്ഥലം മാറ്റുക എന്ന സാധാരണ നടപടിക്കു പകരം അന്വേഷണ വിധേയമായി ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാനും ആരോപണം തെളിഞ്ഞാല്‍ ഡിസ്മിസ് ചെയ്യാനും മേലുദ്യോഗസ്ഥര്‍ക്ക് കഴിയണം. ഉദ്യോഗസ്ഥര്‍ക്ക് ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍ നല്‍കേണ്ട സി ആര്‍ (കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട്) എല്ലാ ഉദ്യോഗസ്ഥര്‍ക്കും ഒരേ ഗ്രേഡിലാണ് ലഭിക്കുന്നത്. ഗ്രാമപഞ്ചായത്ത് അധ്യക്ഷ ര്‍ അവരില്‍ അര്‍പ്പിതമായ അധികാരം വിനിയോഗിക്കാന്‍ തയ്യാറാകണം. ഉദ്യോഗസ്ഥരുടെ സേവനമികവിനും ആത്മാര്‍ത്ഥതക്കും അനുസരിച്ചുള്ളള റിപ്പോര്‍ട്ട് മാത്രമേ ഓരോ ഉദ്യോഗസ്ഥനും ലഭിക്കാവൂ. എന്‍ജിനീയര്‍മാരെ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ വിന്യസിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അഴിമതി കുറക്കുക എന്ന ലക്ഷ്യത്തോടെയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടില്‍ നിന്ന് പിടിച്ച് എന്‍ജിനിയര്‍മാര്‍ക്ക് ശമ്പളം കൊടുക്കുന്നതിന് പകരം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനം തന്നെ അവരുടെ ശമ്പളം കൊടുക്കുന്ന രീതിയിലേക്ക് മാറുകയാണ്. സ്ഥലംമാറ്റത്തിനായി ഉദ്യോഗസ്ഥര്‍ക്ക് വന്‍തുക കൈക്കൂലി കൊടുക്കുന്നു എന്ന ന്യായീകരണമുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രിയോ മന്ത്രിയുടെ ഓഫീസോ ഇങ്ങനെ കൈക്കൂലി വാങ്ങുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് അറിയിക്കണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ എന്‍ജിനീയര്‍മാരുടെ അഴിമതി തടയുന്നതിന്റെ ഭാഗമായി ഔദ്യോഗിക വാഹനം ഇല്ലാത്തിടത്ത് മാസവാടകക്ക് എടുത്ത് ഉപയോഗിക്കാന്‍ തീരുമാനമായിട്ടുണ്ട്.
കോണ്‍ട്രാക്ടര്‍മാരുടെ ഔദാര്യത്തില്‍ ഫീല്‍ഡില്‍ പോകേണ്ട സാഹചര്യം അഴിമതിയിലേക്കുള്ള വാതില്‍ തുറക്കും. ഇതുവരെ അഴിമതി ആരോപിതരായ 16 പേരെ വകുപ്പില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അഴിമതിക്കെതിരേ കുരിശു യുദ്ധമാണ് നാം നടത്തേണ്ടത്. ഫയലുകള്‍ കെട്ടിക്കിടക്കാതിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. കെട്ടിട പെര്‍മിറ്റ് അപേക്ഷകളിലെ പോരായ്മകള്‍ പരിഹരിച്ച് വേഗത്തിലാക്കാന്‍ കോര്‍പ്പറേഷനുകളില്‍ അദാലത്തുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
കടുത്തുരുത്തി, തലപ്പലം, മുത്തോലി, പൂഞ്ഞാര്‍, എലിക്കുളം, ചിറക്കടവ്, കാഞ്ഞിരപ്പള്ളി, കോരുത്തോട്, പാമ്പാടി, കങ്ങഴ, തൃക്കൊടിത്താനം, ഞീഴൂര്‍, മറവന്‍തുരുത്ത്, വെളിയന്നൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളെയാണ് ജില്ലയിലെ അഴിമതിരഹിത- സദ്ഭരണ ഗ്രാമപഞ്ചായത്തുകളായി പ്രഖ്യാപിച്ചത്. ചടങ്ങില്‍ മോന്‍സ് ജോസഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു.