ഖത്വരി മൊബൈല്‍ ആപ്പുകള്‍ക്ക് ഡബ്ല്യു എസ് എ പുരസ്‌കാരം

Posted on: March 24, 2017 8:21 pm | Last updated: March 24, 2017 at 8:21 pm

ദോഹ: ഡബ്ല്യു എസ് എ തിരഞ്ഞെടുത്ത ലോകത്തെ 40 മൊബൈല്‍ ആപ്പുകളില്‍ ഖത്വറില്‍ നിന്നുള്ള രണ്ട് ആപ്പുകളും. 451 നോമിനേഷനുകളില്‍ രണ്ട് ഖത്വരി ആപ്പുകള്‍ തിരഞ്ഞെടുക്കപ്പെട്ടത്. യു എന്‍ വേള്‍ഡ് സമ്മിറ്റ് ഓണ്‍ ദ ഇന്‍ഫര്‍മേഷന്‍ സൊസൈറ്റി (ഡബ്ല്യു എസ് ഐ എസ്)യുടെ ആഗോള സംരംഭമാണ് വേള്‍ഡ് സമ്മിറ്റ് അവാര്‍ഡ് (ഡബ്ല്യു എസ് എ). 178 രാഷ്ട്രങ്ങളിലെ മൊബൈല്‍ സമൂഹങ്ങളിലേക്ക് എത്തുന്ന ഏക ഐ സി റ്റി പരിപാടിയാണ് ഡബ്ല്യു എസ് എ. ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ സാമൂഹിക വികസനവും ആഗോള പ്രാധാന്യത്തോടെയുള്ള പ്രാദേശിക ഡിജിറ്റല്‍ ഉള്ളടക്കവുമാണ് ഡബ്ല്യു എസ് എ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നത്.
സസോളിന്റെ ആക്‌സസബ്ള്‍ ഖത്വര്‍, ഖത്വര്‍ ഫൗണ്ടേഷന്‍ ഇന്റര്‍നാഷനലിലെ മദാര്‍ അല്‍ ഹുറൂഫിന്റെ അറബിക് ആല്‍ഫബെറ്റ് വീല്‍ എന്നീ ആപ്പുകളാണ് അവാര്‍ഡിനര്‍ഹമായത്. ഭിന്നശേഷിക്കാര്‍ക്ക് ഖത്വറിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും പൊതുസ്ഥലങ്ങളും ഷോപ്പുകളും മറ്റും അറിയാനും കാണാനും തങ്ങള്‍ക്ക് അവിടെ പ്രവേശനമുണ്ടോയെന്നും എത്താനുള്ള വഴികളും സംബന്ധിച്ച വിവരങ്ങള്‍ അടങ്ങിയതാണ് സസോളിന്റെ ആക്‌സസബ്ള്‍ ഖത്വര്‍ ആപ്പ്.

പ്രവേശനമുണ്ടോയെന്നത് ആപ്പില്‍ ഉള്‍പ്പെടുത്തിയതിനാല്‍ എല്ലാവര്‍ക്കും പ്രവേശനം സാധ്യമാക്കും വിധം ഇത്തരം കേന്ദ്രങ്ങള്‍ക്ക് പരിഷ്‌കരിക്കാന്‍ സഹായിക്കും.
പഠനം, വിദ്യാഭ്യാസം വിഭാഗത്തിലാണ് അറബിക് ആല്‍ഫബെറ്റ് വീല്‍ പുരസ്‌കാരം നേടിയത്. കൈകൊണ്ടുള്ള പ്രവര്‍ത്തനത്തിലൂടെ തുടക്കക്കാര്‍ക്ക് അറബി അക്ഷരങ്ങളെ പരിചയപ്പെടാനുള്ള ആപ്പാണിത്. ഇടതുനിന്ന് വലത്തേക്ക് അറബിക് അക്ഷരങ്ങളെ ബന്ധിപ്പിക്കുമ്പള്‍ സംജ്ഞാനാമങ്ങളും മറ്റും അറിയാന്‍ സാധിക്കുന്നതാണിത്. അക്ഷരങ്ങളുടെ ശബ്ദവും കേള്‍ക്കാം. സ്വന്തം പേര് അറബിയിലെഴുതി സാമൂഹികമാധ്യമങ്ങളില്‍ സ്റ്റിക്കര്‍ ആയി പങ്കുവെക്കാനുള്ള സൗകര്യവുമുണ്ട്.
രണ്ട് റൗണ്ടുകളിലായി അന്താരാഷ്ട്ര ഐ സി റ്റി വിദഗ്ധരടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്. ഡബ്ല്യു എസ് എ മത്സരത്തില്‍ പങ്കെടുക്കുന്നതിന് കഴിഞ്ഞ മാര്‍ച്ചില്‍ ഗതാഗത- ആശയനവിനിമയ മന്ത്രാലയം രജിസ്‌ട്രേഷന്‍ നടത്തിയിരുന്നു.