Connect with us

National

വിമാനക്കമ്പനി മാനേജരെ ചെരിപ്പൂരി അടിച്ച സംഭവം: ശിവസേന എംപിക്കെതിരെ വധശ്രമത്തിന് കേസ്‌

Published

|

Last Updated

ന്യൂഡല്‍ഹി: എയര്‍ഇന്ത്യ ഡ്യൂട്ടി മാനേജറെ ചെരിപ്പൂരിയടിച്ച സംഭവത്തില്‍ ശിവസേന എംപി രവീന്ദ്ര ഗെയ്ക്‌വാദിനെതിരെ കേസെടുത്തു. വധശ്രമത്തിന് ഡല്‍ഹി എയര്‍പോര്‍ട്ട് പോലീസാണ് കേസെടുത്തത്.

ഡല്‍ഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗമാകും കേസ് അന്വേഷിക്കുക. അതേസമയം, ബിസിനസ് ക്ലാസ് ടിക്കറ്റ് നല്‍കിയില്ലെന്ന് കാട്ടി എയര്‍ഇന്ത്യയ്‌ക്കെതിരെ എംപി ഗെയ്ക്‌വാദും പരാതി നല്‍കിയിട്ടുണ്ട്. ബിസിനസ് ക്ലാസ് ടിക്കറ്റ് കൈവശമുണ്ടായിരുന്നിട്ടും സീറ്റ് നല്‍കിയില്ലെന്നാണ് പരാതി.

വ്യാഴാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. പൂനെയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എ 1 – 852 വിമാനത്തില്‍ ഓപണ്‍ ബിസിനസ് ക്ലാസ് ടിക്കറ്റാണ് എംപി ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ എക്കോണമി ക്ലാസ് മാത്രമുള്ള വിമാനമാണ് ഈ സര്‍വീസ് നടത്തിയത്. അതിനാല്‍ എംപിക്കും എക്കോണമി ക്ലാസ് സീറ്റേ ലഭിച്ചുള്ളൂ. വിമാനത്തില്‍ എക്കോണമി ക്ലാസ് മാത്രമേ ഉള്ളൂവെന്ന് എംപിയുടെ ഓഫീസില്‍ തലേന്നാള്‍ വിളിച്ച് അറിയിച്ചിരുന്നുവെന്നും അവര്‍ സമ്മതിച്ചത് അനുസരിച്ചാണ് എംപിക്ക് വിമാനത്തില്‍ സീറ്റ് നല്‍കിയതെന്നും വിമാനക്കമ്പനി അധികൃതര്‍ പറയുന്നു.

പൂനെയില്‍ നിന്ന് വിമാനത്തില്‍ കയറിയ എംപി ഡല്‍ഹിയില്‍ എത്തിയപ്പോള്‍ ഇറങ്ങാന്‍ കൂട്ടാക്കിയില്ല. തനിക്ക് ബിസിനസ് ക്ലാസ് സീറ്റ് തരാത്തതില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ ക്യാബീന്‍ ക്രൂവിനോട് തര്‍ക്കിച്ചു. തുടര്‍ന്ന് എംപിയോട് സംസാരിക്കാന്‍ എത്തിയ ഡ്യൂട്ടി മാനേജറെ ഇയാള്‍ ചെരിപ്പൂരി തല്ലുകയായിരുന്നു.

Latest