ദമസ്‌കസില്‍ ഏറ്റുമുട്ടല്‍ രൂക്ഷം; വിമത കേന്ദ്രം സൈന്യം തിരിച്ചുപിടിച്ചു

Posted on: March 21, 2017 9:03 am | Last updated: March 21, 2017 at 12:05 am

ദമസ്‌കസ്: സിറിയയിലെ വിമത കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി സൈന്യത്തിന്റെ തിരിച്ചടി ശക്തമായി. തലസ്ഥാനമായ ദമസ്‌കസിന് സമീപത്തെ പ്രധാന വിമത കേന്ദ്രങ്ങള്‍ സൈന്യം തിരിച്ചുപിടിച്ചു. അല്‍ഖാഇദയുമായി ബന്ധമുള്ള വിമത സായുധ സംഘത്തിന്റെ കടന്നാക്രമണത്തിന് പിന്നാലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ജബ്ഹത് ഫതാഹ് അല്‍ ശാം എന്ന സംഘടനയാണ് സൈന്യത്തിന് നേരെ ആക്രമണം നടത്തിയത്. എന്നാല്‍ കനത്ത വ്യോമാക്രമണവുമായി വിമത കേന്ദ്രങ്ങളിലേക്ക് പ്രവേശിച്ച സൈന്യം ശക്തമായ തിരിച്ചടിയാണ് വിമതര്‍ക്ക് നല്‍കിയത്. തിങ്കളാഴ്ച രാവിലെയുണ്ടായ വിമത പ്രകോപനത്തിന് രാത്രി തന്നെ സൈന്യം മറുപടി നല്‍കി.

വിമതരുടെ ദമസ്‌കസിലെ ശക്തികേന്ദ്രമായ ജൊബാര്‍ സൈന്യം തിരിച്ചുപിടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവിടുത്തെ ഒട്ടുമിക്ക ഭാഗങ്ങളിലും സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. വിമതരെ പൂര്‍ണമായും തുരത്താനുള്ള ലക്ഷ്യമാണ് സൈന്യത്തിനുള്ളത്. ഏറ്റുമുട്ടലിനിടെ ഇതുവരെ 26 സൈനികരും 21 വിമതരും കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം, സിറിയന്‍ സേനക്കൊപ്പം റഷ്യയും വ്യോമാക്രമണം നടത്തിയിട്ടുണ്ടെന്നാണ് സൂചന. സിറിയക്ക് സൈനിക സഹായം നല്‍കുന്ന റഷ്യ ഇവിടുത്തെ വിമത, ഇസില്‍ കേന്ദ്രങ്ങളില്‍ വ്യാപകമായ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ജൊബാറില്‍ മാത്രം 30 വ്യോമാക്രമണങ്ങള്‍ നന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ, ഏറ്റുമുട്ടലിനിടെ 15 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. വിമതര്‍ക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിലാണ് സാധാരണക്കാര്‍ കൊല്ലപ്പെട്ടത്. കിഴക്കന്‍ ഗൗട്ടയിലെ ജനവാസ കേന്ദ്രങ്ങളിലെ ജനങ്ങളാണ് ആക്രമണത്തിനിരയായത്. ഇവിടെ നിന്നടക്കം ദമസ്‌കസിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറ് കണക്കിനാളുകള്‍ പലായനം ചെയ്തിട്ടുണ്ട്.
എന്നാല്‍ ജൊബാര്‍ മേഖലയുടെ മറ്റൊരു ഭാഗത്ത് തങ്ങള്‍ മുന്നേറ്റം ആരംഭിച്ചിട്ടുണ്ടെന്ന അവകാശവാദവുമായി വിമതര്‍ രംഗത്തെത്തി. പുരാതന നഗരത്തിലെ സുപ്രധാന കെട്ടിടങ്ങള്‍ പലതും തങ്ങള്‍ കൈയടക്കിയിട്ടുണ്ടെന്നാണ് വിമതര്‍ പറയുന്നത്.