Connect with us

Sports

സമനില റാഞ്ചി ഓസീസ്‌

Published

|

Last Updated

മാക്‌സ്‌വെല്ലിനെ പുറത്താക്കാന്‍ അപ്പീല്‍ ചെയ്യുന്ന ഇന്ത്യന്‍ താരങ്ങള്‍

റാഞ്ചി: മൂന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ജയമെന്ന മോഹം ഷോണ്‍ മാര്‍ഷും പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പും ചേര്‍ന്ന് തല്ലിക്കെടുത്തി. അഞ്ചാം വിക്കറ്റില്‍ ബൗളര്‍മാര്‍രെ ഏറെ പരീക്ഷിച്ച് ഇരുവരും പോരാടിയപ്പോള്‍ ആസ്‌ത്രേലിയ സമനിലയുമായി രക്ഷപ്പെട്ടു.
അവസാന ദിവസം ലീഡ് മറികടക്കുന്നതിനിടെ എട്ട് വിക്കറ്റ് നേടിയാല്‍ ജയിക്കാമായിരുന്ന ഇന്ത്യക്ക് ആറ് വിക്കറ്റുകള്‍ വീഴ്ത്താനേ കഴിഞ്ഞുള്ളൂ. ഓസീസ് രണ്ടാം ഇന്നിംഗ്‌സില്‍ 204/6 എന്ന നിലയില്‍ എത്തിയപ്പോള്‍ മത്സരം സമനിലയായി പ്രഖ്യാപിക്കുകയായിരുന്നു. സ്‌കോര്‍: ആസ്‌ത്രേലിയ 451, 204/6. ഇന്ത്യ 603/9 ഡിക്ല.

നാല് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഓരോന്ന് വീതം ജയിച്ച് ഇന്ത്യയും ആസ്‌ത്രേലിയയും തുല്യത പാലിക്കുകയാണ്. ഇതോടെ 25ന് ധര്‍മശാലയില്‍ നടക്കുന്ന നാലാം ടെസ്റ്റ് നിര്‍ണായകമായി.
വിക്കറ്റ് നല്‍കാതെ പരമാവധി പിടിച്ചുനിന്ന് മത്സരം സമനിലയിലാക്കുകയെന്ന ഓസീസിന്റെ തന്ത്രം ബാറ്റ്‌സ്മാന്മാര്‍ നടപ്പാക്കിയതോടെയാണ് ഇന്ത്യക്ക് ജയം അന്യമായത്. രണ്ട് വിക്കറ്റിന് 23 റണ്‍സെന്ന നിലയിലാണ് അവസാന ദിനമായ ഇന്ന് ഓസീസ് ബാറ്റിംഗിനിറങ്ങിയത്. സന്ദര്‍ശകരുടെ സ്‌കോര്‍ 59ല്‍ നില്‍ക്കെ മാറ്റ് റന്‍ഷോയെ എല്‍ ബി ഡബ്ലുവില്‍ കുരുക്കിയ ഇശാന്ത് ശര്‍മ ഇന്ത്യക്ക് പ്രതീക്ഷ സമ്മാനിച്ചു. 84 പന്തുകളില്‍ നിന്ന് 15 റണ്‍സായിരുന്നു റന്‍ഷോയുടെ സമ്പാദ്യം.

ഏറെ വൈകാതെ നായകന്‍ സ്റ്റീവ് സ്മിത്തിനെ (21) ജഡേജ മടക്കിയപ്പോള്‍ കളി ഇന്ത്യയുടെ വരുതിയിലേക്ക് വരുമെന്ന് തോന്നിച്ചു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒരുമിച്ച മാര്‍ഷിന്റെയും ഹാന്‍ഡ്‌സ്‌കോമ്പിന്റെയും പ്രകടനം ഇന്ത്യയുടെ പ്രതീക്ഷകള്‍ തെറ്റിച്ചു. കിണഞ്ഞു ശ്രമിച്ചെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കീഴടങ്ങാന്‍ ഇരുവരും തയ്യാറായില്ല. രണ്ട് പേരും അര്‍ധ സെഞ്ച്വറി കുറിച്ചതോടെ ജയം ഇന്ത്യയില്‍ നിന്ന് അകന്നുപോകുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 124 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
ഓസീസ് സ്‌കോര്‍ 187ല്‍ നില്‍ക്കെ മാര്‍ഷിനെ ജഡേജ മുരളി വിജയ്‌യുടെ കൈകളിലെത്തിച്ചെങ്കിലും അപ്പൊഴേക്കും ഓസീസ് സമനിലയുറപ്പിച്ചിരുന്നു. 197 പന്തുകള്‍ നിന്ന് ഏഴ് ബൗണ്ടറികളുടെ സഹായത്തോടെ 53 റണ്‍സായിരുന്നു മാര്‍ഷിന്റെ സമ്പാദ്യം.
മാര്‍ഷിന് ശേഷമെത്തിയ മാക്‌സ്‌വെല്ലിനെ (രണ്ട്) അശ്വിന്‍ നിലയുറപ്പിക്കും മുമ്പ് പുറത്താക്കി. 200 പന്തുകള്‍ നേരിട്ട ഹാന്‍ഡ്‌സ്‌കോമ്പ് ഏഴ് ബൗണ്ടറികള്‍ സഹിതം 72 റണ്‍സ് നേടി പുറത്താകാതെ നിന്നു. കളിയവസാനിക്കുമ്പോള്‍ മാത്യു വെയ്ഡായിരുന്നു (ഒമ്പത്) ഹാന്‍ഡ്‌സ്‌കോമ്പിനൊപ്പം ക്രീസില്‍. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ രണ്ടാം നാലും ഇശാന്ത് ശര്‍മ, അശ്വിന്‍ എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. മത്സരത്തില്‍ ആകെ ഒമ്പത് വിക്കറ്റും അര്‍ധ സെഞ്ച്വറിയും നേടി ജഡേജ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഇരട്ട സെഞ്ചുറിയിലൂടെ ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്‌സ് ലീഡ് സമ്മാനിച്ച ചേതേശ്വര്‍ പുജാരയാണ് മാന്‍ ഓഫ് ദ മാച്ച്.

 

Latest