Connect with us

Gulf

പ്രഥമ വിദ്യാഭ്യാസ വിനിമയ സമ്മേളനം മേയില്‍

Published

|

Last Updated

വിദ്യാഭ്യാസ മന്ത്രാലയം, ചേംബര്‍ ഓഫ് കൊമേഴ്‌സ്
പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍

ദോഹ: ഖത്വറിലെ പ്രഥമ വിദ്യാഭ്യാസ വിനിമയ സമ്മേളനം മെയ് ഒമ്പത്, പത്ത് തീയതികളില്‍ വെസ്റ്റിന്‍ ദോഹ ഹോട്ടലില്‍ നടക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും ഖത്വര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെയും സഹരണത്തോടെ എഡെക്‌സാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അബ്ദുല്‍ വാഹിദ് അല്‍ ഹമ്മാദിയുടെ രക്ഷാകര്‍തൃത്വത്തിലാണ് സമ്മേളനം.

സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് സമ്മേളനത്തെ പിന്തുണക്കുന്നതെന്ന് ചേംബര്‍ ഓഫ് കൊമേഴ്‌സ് പറഞ്ഞു. സമ്മേളനം മുന്നോട്ടു വെക്കുന്ന ആശയങ്ങള്‍ രാജ്യത്തെ വിദ്യാഭ്യാസമേഖലയെ കൂടുതല്‍ മത്സരക്ഷമമാക്കുമെന്ന് ചേംബര്‍ ബോര്‍ഡ് അംഗം മുഹമ്മദ് അഹമ്മദ് അല്‍ ഉബൈദലി പറഞ്ഞു.
പാഠ്യപദ്ധതി, മികവ്, തൊഴില്‍, തൊഴില്‍ കാര്യക്ഷമത, ശാസ്ത്രവും സാങ്കേതികതയും, വ്യവസായം, ഡിജിറ്റല്‍ മികവ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും. വിവരാധിഷ്ഠിത സമ്പദ് വ്യവസ്ഥയെന്ന രാജ്യത്തിന്റെ താത്പര്യത്തെ പിന്തുണക്കുന്നതാണ് സമ്മേളന ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.

വിദ്യാഭ്യാസ മേഖലക്ക് മുന്‍തൂക്കം നല്‍കുന്നതു കൊണ്ടാണ് ബജറ്റില്‍ 2,060 കോടി റിയാല്‍ അനുവദിച്ചതെന്നും വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ മേഖലയുടെ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക കമ്മിറ്റി രൂപവത്കരിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രദര്‍ശനത്തിന്റെ ഭാഗമായി എഡ് ടെക്, കെ 12, ഉന്നത വിദ്യാഭ്യാസം എന്നിവയില്‍ പ്രദര്‍ശനവും സെമിനാറും നടക്കും. രണ്ട് ദിവസം വിദ്യാഭ്യാസ നിക്ഷേപ സമ്മേളനവുമുണ്ടാകും. നിക്ഷേപം ആകര്‍ഷിക്കുന്നതെങ്ങിനെ, ഘടനാ കരാറുകള്‍, അവസരങ്ങള്‍ തിരിച്ചറിയല്‍ തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ച് മനസ്സിലാക്കാന്‍ അവസരം സൃഷ്ടിക്കും. വിദ്യാഭ്യാസ വിദഗ്ധര്‍ക്കാവശ്യമായ പരിഹാരങ്ങളും പദ്ധതികളും സമ്മേളനം പ്രദാനം ചെയ്യും.

 

Latest