Connect with us

Gulf

വാറ്റ് നടപ്പിലാക്കുക ഗള്‍ഫില്‍ ഒരുമിച്ച്; ജനുവരിയില്‍ ഉണ്ടാകില്ലെന്ന് സൂചന

Published

|

Last Updated

ദോഹ: ഗള്‍ഫ് രാജ്യങ്ങളില്‍ അടുത്ത വര്‍ഷം മുതല്‍ പ്രാബലത്തില്‍ വരുമെന്ന് അറിയിച്ചിട്ടുള്ള മൂല്യ വര്‍ധിത നികുതി (വാറ്റ്) ആറു ഗള്‍ഫ് രാജ്യങ്ങളിലും നടപ്പിലാക്കുക ഒരുമിച്ച്. എന്നാല്‍, പല രാജ്യങ്ങളിലും തയാറെടുപ്പുകള്‍ പൂര്‍ത്തിയാകാത്തതിനാല്‍ അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കാനാകില്ലെന്നു സൂചന. ഏതെങ്കിലും ചില രാജ്യങ്ങളില്‍ മാത്രിമായി നികിതി നടപ്പിലാക്കില്ലെന്നാണ് അധികൃതരുടെ വിശദീകരണം. അല്‍പ്പം വൈകിയാല്‍ പോലും ഒന്നിച്ചു നടപ്പിലാക്കാനാണ് നടപടികള്‍ പുരോഗമിക്കുന്നത്.

അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ നികുതി നടപ്പിലാക്കുമെന്ന് നേരത്തേ യു എ ഇയാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ഒരു രാജ്യവും സ്വതന്ത്രമായി വാറ്റ് നടപ്പിലാക്കില്ലെന്നും ജനുവരി ഒന്ന് എന്ന തിയതിയില്‍ സാധ്യമായില്ലെങ്കില്‍കൂടി ഒന്നിച്ചു നടപ്പാലാക്കാനാണ് ശ്രമിക്കുന്നതെന്നും യു എ ഇ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ അംഗം സാലിം അബ്ദുല്ല അല്‍ സംശി പറഞ്ഞതായി സാവ്‌യ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഒറ്റയ്ക്ക് ഒരു നിലപാട് ഗള്‍ഫ് രാജ്യങ്ങള്‍ സ്വീകരിക്കില്ല. എല്ലാവരും ഒരുമിച്ചു മാത്രമേ വാറ്റ് നടപ്പിലാക്കൂ. ഇത് സംബന്ധിച്ച് ജി സി സി രാജ്യങ്ങള്‍ ധാരണയിലെത്തിയിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പടുത്തി.

വാറ്റ് നടപ്പിലാക്കുന്നതിനോടനുബന്ധിച്ച് യു എ ഇ തയാറാക്കിയ നികുതി നിയമത്തിന് കഴിഞ്ഞ ദിവസം ചേര്‍ന്ന യു എ ഇ ദേശീയ പാര്‍ലിമെന്റായ ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു. ഗള്‍ഫില്‍ ആദ്യമായി വാറ്റിനു വേണ്ടി നിയമ നിര്‍മാണം നടത്തി അംഗീകരിക്കുന്ന രാജ്യം യു എ ഇയാണ്. മറ്റു രാജ്യങ്ങള്‍ തയാറെടുപ്പുകള്‍ നടത്തി വരികയാണ്. അടുത്ത ഒരു വര്‍ഷത്തിനകം മറ്റു ജി സി സി രാജ്യങ്ങള്‍ക്കൊപ്പം വാറ്റ് നടപ്പിലാക്കുന്നതിനായുള്ള നിയമ നിര്‍മാണമാണ് നടത്തിയതെന്ന് കൗണ്‍സില്‍ അംഗം ഉബൈദ് ഹുമൈദ് അല്‍ തായിറും പറഞ്ഞു.
ആറു രാജ്യങ്ങളും വാറ്റ് നടപ്പില്‍ വരുത്തുന്നതിനുള്ള തയാറെടുപ്പുകള്‍ നടത്തി വരികയാണെന്നും ജനുവരി ഒന്നു മുതല്‍ വാറ്റ് നടപ്പില്‍ വരുത്താന്‍ സാധിക്കുമെന്നു കരുതുന്നില്ലെന്നും സാലിം അബ്ദുല്ല അല്‍ സംശി പറഞ്ഞു. ആറു ഗള്‍ഫ് രാജ്യങ്ങളിലും വാറ്റ് നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും 2018 അവസാനത്തിലേക്കു പോയേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഖത്വര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വാറ്റിനു വേണ്ടി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ബിസനസ് മേഖലക്കും ഇതു സംബന്ധിച്ച് സൂചനകള്‍ നല്‍കിയിട്ടുണ്ട്. വാറ്റുവഴി ലഭിക്കുന്ന വരുമാനം സാമ്പത്തിക പ്രതിസന്ധിക്ക് വലയി ആശ്വാസമുണ്ടാക്കുമെന്നാണ് പ്രതീക്ഷ. ഗള്‍ഫ് രാജ്യങ്ങളില്‍ വാറ്റ് നടപ്പിലാക്കണമെന്ന് ഐ എം എഫ് ആവശ്യപ്പെട്ടിരുന്നു.

 

Latest