അബുദാബിയില്‍ ചൂതാട്ടം അരങ്ങു വാഴുന്നു, വഴിയാത്ര ദുഃസഹം

Posted on: March 17, 2017 10:30 pm | Last updated: March 17, 2017 at 10:30 pm
SHARE

അബുദാബി: അബുദാബി മദീന സായിദ് ഷോപ്പിംഗ് കോംപ്ലക്‌സിന് മുന്നില്‍ പകിട കളി അരങ്ങു തകര്‍ക്കുന്നു. വാരാന്ത്യ അവധി ദിവസങ്ങളിലും ആഘോഷ അവധി ദിവസങ്ങളിലുമാണ് കൂടുതലായും വഴിയാത്ര മുടക്കി കളി അരങ്ങേറുന്നത്. നഗരത്തിനുള്ളില്‍ നിയമത്തെ വെല്ലുവിളിച്ചു നടത്തുന്ന ചൂതാട്ടത്തിനെതിരെ പോലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് സമീപ വാസികള്‍. കഴിഞ്ഞ കുറച്ചു നാളായി തുടരുന്ന പകിട കളിക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. സ്ത്രീകളും കുട്ടികളും നടന്നുപോകുന്ന വഴിയില്‍ മേശ നിരത്തി നടത്തുന്ന പകിടകളി വഴി യാത്ര ദുരിതമാക്കുന്നതായാണ് പരാതി. വൈകുന്നേരം നാലിന് തുടങ്ങുന്ന പകിട കളി രാത്രി വരെ നീണ്ടു നില്‍ക്കുന്നതായി സമീപ വാസികള്‍ പറയുന്നു. രഹസ്യാന്വേഷണ വിഭാഗ ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നതിന് പ്രത്യേക നിരീക്ഷകരെ ചുമതലപ്പെടുത്തി നടത്തുന്ന ചൂതാട്ടത്തിന് പിന്നില്‍ പാക്കിസ്ഥാന്‍, ബംഗ്ലാദേശ് സ്വദേശികളാണ്. കളിയില്‍ ലയിച്ച് നിരവധി പേരുടെ പണം നഷ്ടപ്പെട്ടിട്ടുണ്ട്.

പണം നഷ്ട്ടപ്പെടുന്നവര്‍ നടത്തിപ്പുകാരുമായി കലഹിക്കുന്നതും വഴക്കിടുന്നതും ഇവിടെ നിത്യസംഭവമാണ്. 100 ദിര്‍ഹം മുതല്‍ പതിനായിരം ദിര്‍ഹം വരെയാണ് പകിടകളിയില്‍ നഷ്ടപ്പെടുന്നത് കളിയില്‍ ഏര്‍പെടുന്നവരില്‍ അധികവും സാധാരണ തൊഴിലാളികളാണ്. സ്ഥിരമായി ചൂതാട്ടത്തില്‍ ഏര്‍പ്പെട്ട് പണം നഷ്ടപ്പെട്ട് വര്‍ഷങ്ങളായി നാട്ടില്‍ പോകാന്‍ കഴിയാത്തവരുണ്ട്. പകിട കളി ചൂതാട്ടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നവശ്യം ശക്തമായിട്ടുണ്ട്.
ചൂതാട്ടത്തിന് പുതിയ നിയമമനുസരിച്ച് രണ്ട് വര്‍ഷം തടവോ 50,000 ദിര്‍ഹം പിഴയുമാണ് പുതിയ ശിക്ഷ. ചൂതാട്ടം പൊതുസ്ഥലത്തോ, ചൂതാട്ട കേന്ദ്രത്തിലോ ആണെങ്കില്‍ ശിക്ഷ മൂന്ന് വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയുമായും വര്‍ധിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here