Gulf
അമിത വേഗത്തിനെതിരെ പോലീസിന്റെ പുതുതന്ത്രം

ഉമ്മുല്‍ ഖുവൈന്‍: അമിത വേഗക്കാരെ നിയന്ത്രിക്കാന്‍ പോലീസിന് പുതിയ രീതി. ഉമ്മുല്‍ ഖുവൈനില്‍ നിന്ന് റാസ് അല്‍ ഖൈമയിലേക്ക് പോകുന്ന ഭാഗത്ത് ഇ 311 റോഡിലാണ് ഉമ്മുല്‍ ഖുവൈന്‍ പോലീസ് പുതിയ രീതി ആവിഷ്‌കരിച്ചിരിക്കുന്നത്. യഥാര്‍ഥ പോലീസ് വാഹനത്തിന്റെ മാതൃകയില്‍ കാര്‍ഡ് ബോര്‍ഡില്‍ തീര്‍ത്ത പോലീസ് വാഹന രൂപമാണ് യാത്രികരെ അമ്പരപ്പിക്കുന്നത്. രാജ്യത്തെ പ്രധാന പാതയായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വേഗ പരിധി മണികൂറില്‍ 120 കിലോമീറ്ററാണുള്ളത്. വേഗ പരിധി ലംഘനം നടത്തുന്ന വാഹനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനാണ് പോലീസ് അധികൃതര്‍ ഇത്തരമൊരു നവീന രീതിക്ക് ശ്രമിച്ചത്. പോലീസ് വാഹനം റോഡിന്റെ ഒരു വശത്തു നിര്‍ത്തിയിട്ട് അപായ ലൈറ്റുകള്‍ പ്രകാശിപ്പിക്കുന്നതായേ യാത്രക്കാര്‍ക്ക് തോന്നൂ. അതോടെ യാത്രികര്‍ വാഹനങ്ങളുടെ വേഗത കുറക്കും. യു എ ഇയിലെ ഗതാഗത മേഖലയില്‍ പുതു മാതൃകയായ വാഹന രൂപം സാമൂഹിക മാധ്യമങ്ങളില്‍ ഇതിനോടകം ചൂടേറിയ ചര്‍ച്ചയായിട്ടുണ്ട്.
അതേസമയം ഉമ്മുല്‍ ഖുവൈന്‍ പോലീസ് ഗതാഗത ബോധവല്‍കരണത്തിന്റെ ഭാഗമായി പോലീസ് വാഹനത്തിന്റെ രൂപങ്ങള്‍ പ്രധാന പാതകളുടെ വശങ്ങളില്‍ കൂടുതല്‍ സ്ഥാപിക്കുമോയെന്നതിന് സ്ഥിരീകരണം നല്‍കിയിട്ടില്ല.