Connect with us

International

വിദേശ സഹായം വെട്ടിക്കുറച്ച് ട്രംപിന്റെ ആദ്യ ബജറ്റ്

Published

|

Last Updated

വാഷിംഗ്ടണ്‍: ജനക്ഷേമകരമായ നിരവധി ഫെഡറല്‍ പദ്ധതികള്‍ക്ക് തുക കുത്തനെ വെട്ടിക്കുറച്ചും പ്രതിരോധത്തിന് തുക ഇടിച്ചു തള്ളിയും ഡൊണാള്‍ഡ് ട്രംപിന്റെ ബജറ്റ് നിര്‍ദേശം. നിയമവിരുദ്ധമെന്ന് ട്രംപ് വിശേഷിപ്പിക്കുന്ന കുടിയേറ്റക്കാരെ തിരിച്ചയക്കാനും സൈനിക ആവശ്യത്തിനുമാണ് ട്രംപ് ഭരണകൂടം കൂടുതല്‍ തുക യു എസ് കോണ്‍ഗ്രസിനോട് ചോദിച്ചിരിക്കുന്നത്. വിദേശകാര്യ വകുപ്പിന്റെ ഫണ്ടില്‍ 28 ശതമാനം കുറവാണ് വരുത്തിയിരിക്കുന്നത്. വിദേശ രാജ്യങ്ങള്‍ക്കുള്ള സഹായധനം കുത്തനെ കുറയുമെന്നാണ് ഇതിന്റെ അര്‍ഥം. വിവിധ യു എന്‍ ഏജന്‍സികള്‍ക്ക് മുന്‍ സര്‍ക്കാറുകള്‍ നല്‍കി വന്ന തുകയും കുത്തനെ കുറയും. ഈ നയം പാക്കിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വന്‍ തിരിച്ചടിയാകും.

കാര്‍ഷിക മേഖലക്ക് വകയിരുത്തിയ തുക 28.7ശതമാനം കുറയും. തൊഴില്‍ മന്ത്രാലയത്തിനുള്ള തുക 20.7 ശതമാനം ഒറ്റയടിക്ക് താഴും. ആരോഗ്യ മേഖലക്കുള്ള തുക 16.2 ശതമാനം വെട്ടിക്കുറക്കും. വിദ്യാഭ്യാസത്തില്‍ വെട്ടിക്കുറച്ചത് 13.5 ശതമാനമാണ്. ഗതാഗത മേഖലക്കുള്ള ഫണ്ട് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12.7 ശതമാനം കുറയും.
പ്രതിരോധ വകുപ്പിലാണ് ഏറ്റവും വലിയ വര്‍ധനയുള്ളത്- പത്ത് ശതമാനം. തൊട്ടടുത്ത സ്ഥാനങ്ങളിലുള്ള ഏഴ് രാജ്യങ്ങളുടെ പ്രതിരോധ ബജറ്റ് ഒന്നിച്ച് ചേര്‍ത്താലുള്ളതിനേക്കാള്‍ കൂടുതല്‍ തുകയാണ് ഇപ്പോള്‍ തന്നെ പെന്റഗണ് വകയിരുത്തുന്നത്. അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതിന് 400 കോടി ഡോളര്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെടും. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ പണിയുന്ന മതിലിന് മൊത്തം 15,00 കോടി ഡോളറെങ്കിലും ചെലവ് വരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ബാക്കി തുക മെക്‌സിക്കോയില്‍ നിന്ന് ഈടാക്കുമെന്നാണ് ട്രംപ് നിരന്തരം പ്രഖ്യാപിക്കാറുള്ളത്.

ബജറ്റ് നിര്‍ദേശങ്ങളുടെ ഒരു ഭാഗം മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കോണ്‍ഗ്രസിന്റെ നിര്‍ദേശങ്ങള്‍ കൂടി ചേര്‍ത്ത് മെയിലാണ് സമ്പൂര്‍ണ ബജറ്റ് പുറത്ത് വിടുക. ഇത് അധികാരപ്രയോഗത്തിന്റെ സൂചനയാണെന്ന് വൈറ്റ്ഹൗസ് ബജറ്റ് മേധാവി മിക്ക് മുല്‍വാനി പറഞ്ഞു. ട്രംപ് ഒരു സാധാരണ രാഷ്ട്രീയക്കാരനല്ലെന്നും പ്രവര്‍ത്തിക്കുന്ന പ്രസിഡന്റാണെന്നും ബജറ്റ് നിര്‍ദേശങ്ങള്‍ നിരത്തി അദ്ദേഹത്തിന്റെ അനുയായികള്‍ വാദിക്കുന്നു. അമേരിക്കക്കാര്‍ അപകടത്തില്‍ എന്ന ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ പ്രതിച്ഛായ നിര്‍മിതി തന്നെയാണ് ബജറ്റില്‍ തെളിയുന്നത്. അമേരിക്ക കൂടുതല്‍ സുരക്ഷിതമാക്കാന്‍ കൂടുതല്‍ തുക ചെലവിടണമെന്നാണ് ട്രംപിന്റെ വാദം. യുദ്ധോത്സുകനായ പുതിയ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിന്റെ സ്വാധീനവും ബജറ്റില്‍ വ്യക്തമാണ്.
ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ നിന്ന് തുക പിന്‍വലിച്ച് സൈന്യത്തിന് നല്‍കുന്നത് അപകടകരമാണെന്ന് നയതന്ത്ര വിദഗ്ധരും മുന്‍ സൈനിക ഉദ്യോഗസ്ഥരും നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയുടെ പ്രശ്‌നങ്ങളില്‍ ഭൂരിഭാഗത്തിനും സൈനികമായ പരിഹാരമില്ലെന്ന് 120 റിട്ടയേര്‍ഡ് ജനറല്‍മാരും അഡ്മിറല്‍മാരും ഒപ്പുവെച്ച കത്തില്‍ വ്യക്തമാക്കിയിരുന്നു. വായു, ജല മലിനീകരണം അടക്കമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ നിയന്ത്രിക്കുന്ന എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിക്കുള്ള തുകയും വെട്ടിക്കുറച്ചു.