സൊമാലിയന്‍ സംഘം എണ്ണക്കപ്പല്‍ റാഞ്ചി

Posted on: March 15, 2017 2:51 am | Last updated: March 15, 2017 at 12:52 am

മൊഗാദിശു: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെന്ന് സംശയിക്കുന്നവര്‍ സൊമാലിയന്‍ തീരത്ത് എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയതായി റിപ്പോര്‍ട്ട്. അഞ്ച് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് മേഖലയില്‍ കപ്പല്‍ തട്ടിക്കൊണ്ടുപോകുന്നത്. യൂറോപ്യന്‍ നാവികസേനയുടെ പട്രോളിംഗ് ശക്തമാകും വരെ സോമാലിയന്‍ തീരത്ത് കടല്‍ക്കൊള്ളക്കാര്‍ ഇത്തരം തട്ടിക്കൊണ്ടുപോകലുകള്‍ സാധാരണമായിരുന്നു.

കപ്പലില്‍ നിന്ന് തിങ്കളാഴ്ച അപകട മുന്നറിയിപ്പ് ലഭിച്ചിരുന്നു. സ്പീഡ് ബോട്ടുകള്‍ കപ്പലിനോട് അടുക്കുന്നുവെന്നായിരുന്നു സന്ദേശം. തങ്ങള്‍ മത്സ്യത്തൊഴിലാളികളാണെന്നും അനധികൃത മത്സ്യബന്ധന കപ്പലുകള്‍ തങ്ങളുടെ മത്സ്യബന്ധന ഉപകരണങ്ങള്‍ നശിപ്പിക്കുന്നുവെന്നും തോക്കുധാരികള്‍ പ്രാദേശിക അധികൃതരോട് പറഞ്ഞു.

ദിജിബൗടിയില്‍ നിന്ന് സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിശുവിലേക്ക് പോകുകയായിരുന്ന കപ്പലാണ് കൊള്ളക്കാര്‍ അര്‍ധ സ്വയംഭരണ പ്രദേശമായ പുന്‍ട്‌ലാന്‍ഡിലെ അലുല തുറമുഖത്തേക്ക് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. കപ്പലിലെ ട്രാക്കിംഗ് സംവിധാനം സ്വിച്ച്ഓഫ് ആയ നിലയിലാണ്. കപ്പലില്‍ തങ്ങളുടെ എട്ട് പൗരന്മാര്‍ ഉണ്ടെന്നകാര്യം ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
തോക്കുധാരികള്‍ യഥാര്‍ഥത്തില്‍ മത്സ്യത്തൊഴിലാളികളാണോ സംഘടിത കടല്‍ക്കൊള്ളക്കാരാണോയെന്ന കാര്യം തിരിച്ചറിയാന്‍ ശ്രമിക്കുകയാണെന്ന് അലുല ടൗണിലെ ജില്ലാ കമ്മീഷണര്‍ അലി ഷിരി മഹ്മൂദ് ഉസ്മാന്‍ പറഞ്ഞു. യു എ ഇയുടെ ഉടമസ്ഥതയിലുള്ള എണ്ണവാഹിനി കപ്പലാണിതെന്നും അദ്ദേഹം പറഞ്ഞു.