ആഗോള ഗ്രാമത്തിലെത്തിയാല്‍ കൈ നിറയെ പണം

Posted on: March 13, 2017 10:48 pm | Last updated: March 13, 2017 at 10:48 pm

ദുബൈ: ആഗോള ഗ്രാമം സന്ദര്‍ശിക്കാനിതാ മറ്റൊരു കാരണം കൂടി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്നതും കൈ നിറയെ പണം നേടാവുന്നതുമായ പ്രത്യേക ഗെയിം സന്ദര്‍ശകര്‍ക്കായി കാത്തിരിക്കുന്നു. ഇതിലൂടെ 250,000 ദിര്‍ഹം വരെ നേടിയെടുക്കാം.
പ്രവേശനത്തിനായി വാങ്ങുന്ന ടിക്കറ്റുകള്‍ ഉപയോഗിച്ച് ഗെയിമിന് പങ്കെടുക്കാം. റോമന്‍ ആംഫി തിയറ്ററിനു സമീപം ഒരുക്കിയിട്ടുള്ള വലിയ ഗ്ലാസ് ഡോമോടു കൂടിയ പ്രത്യേക കൂടാരത്തിലാണ് ഗെയിമുകള്‍ ഒരുക്കിയിട്ടുള്ളത്. 21 സെക്കന്റിനുള്ളില്‍ ഫാനിന്റെ കാറ്റില്‍ വായുവില്‍ പറന്നു പൊങ്ങുന്ന നോട്ടുകള്‍ പരമാവധി കൈക്കലാക്കലാണ് ഗെയിം. ഇങ്ങനെ ദിനം തോറും 25,000 ദിര്‍ഹം നേടിയെടുക്കാം.

വൈകിട്ട് ആറ് മുതല്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രം ഈ മാസം 19 വരെ നീണ്ട് നില്‍ക്കും. വെള്ളി, ശനി ദിനങ്ങള്‍ അവധിയായിരിക്കും.
ആഴ്ച ദിവസങ്ങളില്‍ വെകീട്ട് നാല് മുതല്‍ അര്‍ധ രാത്രി വരെയും. വാരാന്ത്യങ്ങളില്‍ വെളുപ്പിന് ഒരു മണി വരെയും ആഗോള ഗ്രാമം പ്രവര്‍ത്തിക്കും. അടുത്ത മാസം എട്ടു വരെ നീണ്ടു നില്‍ക്കുന്ന ആഗോള ഗ്രാമത്തില്‍ 15 ദിര്‍ഹമാണ് പ്രവേശന ഫീസ്.