ഏത് തരംഗം?

Posted on: March 12, 2017 6:38 pm | Last updated: March 12, 2017 at 6:38 pm

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം രാജ്യത്തെയാകെ ബാധിക്കുന്ന പ്രവണതകളിലേക്ക് വെളിച്ചം വീശുന്നുണ്ട്. നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നടക്കുന്ന ചര്‍ച്ചകളും മേല്‍ക്കൈ നേടുന്ന അജന്‍ഡകളും യഥാര്‍ഥ ജനഹിതത്തെയാണോ പ്രതിഫലിപ്പിക്കുന്നത് എന്ന ചോദ്യവും അതില്‍ അടങ്ങിയിരിക്കുന്നു. ഭരണവിരുദ്ധ വികാരമാണ് വിധി നിര്‍ണയിച്ചതെന്ന് അഞ്ച് സംസ്ഥാനങ്ങളെ ഒന്നായെടുത്താല്‍ വിലയിരുത്താവുന്നതാണ്. യു പിയില്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ച ഭരണ കക്ഷി തോറ്റു. ഉത്തരാഖണ്ഡില്‍ ഭരണത്തിലിരുന്ന കോണ്‍ഗ്രസിനെ തകര്‍ത്ത് ബി ജെ പി അധികാരത്തിലേറി. പഞ്ചാബില്‍ ഭരണം കൈയാളിയ ബി ജെ പി- ശിരോമണി അകാലിദള്‍ സഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഗോവയില്‍ ബി ജെ പിക്ക് തിരിച്ചടിയുണ്ടായി. മണിപ്പൂരില്‍ കോണ്‍ഗ്രസിനും. ഗോവയില്‍ മുഖ്യമന്ത്രിയായിരുന്ന ലക്ഷ്മി കാന്ത് പര്‍സേകറും ഉത്തരാഖണ്ഡില്‍ ഹരീഷ് റാവത്തും തോറ്റതും എസ് പി നേതാവ് അഖിലേഷ് യാദവ് സ്വന്തം മണ്ഡലത്തില്‍ വെള്ളം കുടിച്ചതും ഭരണവിരുദ്ധ വികാരം എത്ര കടുത്തതായിരുന്നുവെന്ന് വ്യക്തമാക്കുന്നു.
എന്നാല്‍ ഭരണവിരുദ്ധ തരംഗമെന്ന ഒറ്റക്കാരണത്തില്‍ ഒതുങ്ങി നിന്ന് ഈ തിരഞ്ഞെടുപ്പ് ഫലത്തെ വിശകലനം ചെയ്യുന്നത് മൗഢ്യമായിരിക്കും. പ്രത്യേകിച്ച് ഉത്തര്‍ പ്രദേശില്‍ ബി ജെ പി നേടിയ ഉജ്ജ്വല വിജയം മുന്നില്‍ നില്‍ക്കുമ്പോള്‍. അവിടെ 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി നേടിയ തകര്‍പ്പന്‍ വിജയത്തിനടുത്ത് അവര്‍ക്ക് എത്താന്‍ സാധിച്ചുവെന്നത് ചില്ലറ കാര്യമല്ല. ബി ജെ പിയുടെ ഈ മുന്നേറ്റം ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. മറ്റാരേക്കാളും ഇത് നന്നായി അറിയാവുന്നത് സമാജ്‌വാദി പാര്‍ട്ടി നേതാവും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന് തന്നെയായിരുന്നു. അത്‌കൊണ്ടാണ് അദ്ദേഹത്തിന്റെ പിതാവും എസ് പി സ്ഥാപക നേതാവുമായ മുലായം സിംഗിനെപ്പോലും പിണക്കി കൊണ്ട് കോണ്‍ഗ്രസുമായി സഖ്യത്തിന് മുതിര്‍ന്നത്. മുലായം കുടുംബത്തിലെ അധികാരത്തര്‍ക്കത്തിനും പാര്‍ട്ടി ചിഹ്നത്തിനായുള്ള നിയമ പോരാട്ടത്തിനും ശേഷം അഖിലേഷ് പക്ഷത്തിന്റെ മേധാവിത്വത്തിനും മുലായത്തിന്റെ വൈമനസ്യത്തോടെയുള്ള കീഴടങ്ങലിനും ഒടുവിലാണ് എസ് പി- കോണ്‍ഗ്രസ് സഖ്യം സാധ്യമായത്. സഖ്യത്തിന്റെ ആത്മവിശ്വാസത്തില്‍ ജയിച്ചു കയറാനാകുമോയെന്ന യഥാര്‍ഥ രാഷ്ട്രീയ അന്വേഷണമായിരുന്നു അത്. പക്ഷേ, രാജ്യത്ത് ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള, ഇന്ത്യയുടെ പരിച്ഛേദമെന്ന് വിശേഷിപ്പിക്കാവുന്ന യു പിയിലെ പോരാട്ടത്തില്‍ ഈ സഖ്യപരീക്ഷണത്തെ ജനം തള്ളിക്കളഞ്ഞിരിക്കുകയാണ്. ബീഹാറിലെ മഹാസഖ്യത്തിന്റെ അനുഭവം ഇവിടെ ആവര്‍ത്തിച്ചില്ല. എസ് പിയിലെ പ്രശ്‌നങ്ങള്‍ തിരിച്ചടിയായി. പല മണ്ഡലങ്ങളിലും സഖ്യം ഒരു ബാധ്യതയായി.
ആര്‍ എസ് എസിന്റെ സംഘടനാ സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചതിന്റെയും തങ്ങള്‍ക്ക് അനുകൂലമായ സോഷ്യല്‍ എന്‍ജിനീയറിംഗ് സാധ്യമാക്കുന്ന തരത്തിലുള്ള പ്രചാരണം അഴിച്ചുവിട്ടതിന്റെ ഫലമാണ് ബി ജെ പിയുടെ വിജയം. ഇതിനായി പല നിലകളിലുള്ള സാങ്കേതിക, പ്രായോഗിക തന്ത്രങ്ങളാണ് പയറ്റിയെന്ന് വ്യക്തം. നോട്ട് നിരോധനമടക്കമുള്ള അതിസാഹസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഈ വിജയം അനിവാര്യമായിരുന്നു. അത്‌കൊണ്ടാണ് റോഡ് ഷോകളും റാലികളുമായി അദ്ദേഹം യു പിയില്‍ തമ്പടിച്ചത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെപ്പോലും മുന്നോട്ട് വെക്കാതെയാണ് ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിട്ടത്. വ്യക്തിപരമായ അധിക്ഷേപങ്ങളിലും വാക്പ്രയോഗങ്ങളിലും പ്രചാരണത്തെ തളച്ചിടുകയായിരുന്നു. നോട്ട് നിരോധനത്തിന്റെ കെടുതികളെ പ്രചാരണത്തിന്റെ കേന്ദ്രത്തിലേക്ക് കൊണ്ടുവരാന്‍ എതിരാളികള്‍ക്ക് സാധിച്ചതുമില്ല. അവസാന ഘട്ടങ്ങളിലേക്ക് എത്തിയപ്പോള്‍ ശ്മശാന- ഖബര്‍സ്ഥാന്‍ പ്രസ്താവന പോലുള്ള വര്‍ഗീയ പ്രചാരണത്തിന് പ്രധാനമന്ത്രി നേരിട്ട് തന്നെ നേതൃത്വം നല്‍കുകയും ചെയ്തു. രണ്ടാം നിര നേതാക്കള്‍ താഴേ തട്ടില്‍ രഹസ്യമായി ഈ പ്രചാരണം ഏറ്റെടുത്തു. അത്‌കൊണ്ട് യു പിയിലെ വിജയത്തെ കേന്ദ്ര സര്‍ക്കാറിന്റെ എല്ലാ നയങ്ങള്‍ക്കുമുള്ള സമ്മതിയാണെന്ന് സംഘ് ശക്തികള്‍ ആഘോഷിക്കുമ്പോള്‍ അത് വകവെച്ച് കൊടുക്കാന്‍ സാധിക്കില്ല. പഞ്ചാബില്‍ എ എ പി രണ്ടാം സ്ഥാനത്ത് എത്തി എന്നത് പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നതാണ്. നഗര കേന്ദ്രീകൃതമായ ഡല്‍ഹി പോലുള്ള സംസ്ഥാനത്ത് നിന്ന് തികച്ചും വിഭിന്നമായ വിശാലമായ ഒരു പോരാട്ട ഭൂമിയില്‍ അവര്‍ക്ക് പ്രധാന പ്രതിപക്ഷമായി മാറാന്‍ സാധിച്ചുവെന്നത് ബദല്‍ രാഷ്ട്രീയ പ്രതീക്ഷ പകരുന്നു. പഞ്ചാബില്‍ ഒരു കാലത്ത് ശക്തമായിരുന്ന ഇടതുപക്ഷ രാഷ്ട്രീയ ഇടം ആണ് ആം ആദ്മി പാര്‍ട്ടി ഉപയോഗിച്ചത് എന്ന് സൂക്ഷ്മ വിശകലനത്തില്‍ വ്യക്തമാകും. അമരീന്ദര്‍ സിംഗിനെ മുന്‍ നിര്‍ത്തി പഞ്ചാബില്‍ കോണ്‍ഗ്രസ് നടത്തിയ പോരാട്ടം വിജയം കണ്ടത് കൃത്യമായ തീരുമാനമെടുത്താല്‍ ആ പാര്‍ട്ടിക്ക് മുന്നേറ്റം കാഴ്ചവെക്കാന്‍ സാധിക്കുമെന്നതിന്റെ തെളിവുമായി.
ഒരു വ്യാഴവട്ടത്തിലേറെ കാലം അഫ്‌സ്പക്കെതിരെ സമ്പൂര്‍ണ സമര ജീവിതം നയിച്ച്, നിരാഹാരം അവസാനിപ്പിച്ച് പ്രജാ പാര്‍ട്ടിയുമായി രാഷ്ട്രീയ പരീക്ഷണത്തിനിറങ്ങിയ ഇറോം ശര്‍മിളയോട് മണിപ്പൂരിലെ വോട്ടര്‍മാര്‍ ചെയ്തത് ക്രൂരമായിപ്പോയി. നോട്ടക്കും താഴെ 90 വോട്ടാണ് അവര്‍ക്ക് കിട്ടിയത്. വര്‍ഗീയ ശക്തികളെ നേരിടുന്നതില്‍ മതേതര ശക്തികള്‍ പുതിയ തന്ത്രങ്ങള്‍ ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് തന്നെയാണ് ഈ തിരഞ്ഞെടുപ്പകള്‍ നല്‍കുന്ന സന്ദേശം. ഒപ്പം രാജ്യത്തെ വലിയ മതേതര കക്ഷിയെന്ന നിലയില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന പാഠവും നല്‍കുന്നു. ഹിന്ദുത്വത്തിന് മൃദു ഹിന്ദുത്വമല്ല പരിഹാരം. ജാതി ധ്രുവീകരണത്തിന് മറ്റൊരു ജാതി സമവാക്യമല്ല പരിഹാരം. ബി ജെ പി തുടരുന്ന സാമ്പത്തിക നയം തങ്ങളുടേതിന് തുടര്‍ച്ചയാണ് എന്നതിനാല്‍ അതിനെ എതിര്‍ക്കുന്നതില്‍ കോണ്‍ഗ്രസ് മൃദുത്വം പുലര്‍ത്തിയാല്‍ ഇന്നുള്ള നില പോലും ആ പാര്‍ട്ടിക്ക് തുടരാനാകില്ല. ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമായ യു പിയില്‍ എസ് പി- കോണ്‍ സഖ്യത്തിനും ബി എസ് പിക്കുമിടയില്‍ ആ വോട്ടുകള്‍ ഭിന്നിക്കപ്പെടുകയാണ് ഉണ്ടായത്. ഈ സാഹചര്യം മാറിയേ തീരൂ. മനുഷ്യന്റെ യഥാര്‍ഥ പ്രശ്‌നങ്ങളെ അട്ടിമറിക്കാന്‍ വര്‍ഗീയ പ്രചാരണങ്ങളും ജാതി വിഭജനവും വ്യക്തിപരമായ ഷോകളും മതിയെന്ന് പ്രചാരണ തന്ത്രങ്ങളുടെ പളപളപ്പും മതിയെന്ന് വരുന്നത് ജനാധിപത്യ സംവിധാനത്തിന്റെ പരിമിതിയാണ്.