Connect with us

Gulf

അപകട ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരം

Published

|

Last Updated

ദോഹ: അപകടത്തില്‍ ഇരകളായവരുടെ ചിത്രവും വീഡിയോയും എടുക്കുന്നതും റെക്കോര്‍ഡ് ചെയ്യുന്നതും പങ്കുവെക്കുന്നതും നിരോധിച്ച് കൊണ്ടുള്ള നിയമത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി അംഗീകാരം നല്‍കി. രണ്ട് വര്‍ഷത്തില്‍ കൂടാത്ത തടവോ പതിനായിരം ഖത്വര്‍ റിയാല്‍ വരെ പിഴയോ ഇത് രണ്ടുമോ ശിക്ഷയായി ലഭിക്കും. 2004ലെ പതിനൊന്നാം നമ്പര്‍ നിയമത്തിലെ ശിക്ഷാ നിയമം ഭേദഗതി ചെയ്തുള്ള 2017ലെ നാലാം നിയമമാണ് അമീര്‍ പുറപ്പെടുവിച്ചത്. സമ്മതമില്ലാതെ വ്യക്തികളുടെ സ്വകാര്യത ഹനിക്കുന്നതിനുള്ള പിഴയും നിയമ നടപടികളും പ്രതിപാദിക്കുന്ന ശിക്ഷാനിയമത്തിലെ 333 ാം അനുച്ഛേദമാണ് ഭേദഗതി ചെയ്തത്.

മറ്റൊരാള്‍ക്കുള്ള കത്ത് തുറക്കുക, ഫോണ്‍ സംഭാഷണം ഒളിഞ്ഞുനിന്ന് കേള്‍ക്കുക, സ്വകാര്യ സ്ഥലത്ത് നടന്ന സംഭാഷണം റെക്കോര്‍ഡ് ചെയ്യുകയോ പ്രചരിപ്പിക്കുകയോ, സ്വകാര്യ സ്ഥലത്തെ ഒരാളുടെയോ സംഘത്തിന്റെയോ ഫോട്ടോയോ വീഡിയോയോ എടുക്കലും പ്രചരിപ്പിക്കലും തുടങ്ങിയ കുറ്റങ്ങളാണ് ഇതില്‍ പ്രതിപാദിക്കുന്നത്. അപകടത്തില്‍ പെട്ടവരുടെ ഫോട്ടോയെടുക്കലും പ്രചരിപ്പിക്കലും ഈ വിഭാഗത്തിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിയമപരമായ ആവശ്യങ്ങള്‍ക്ക് അതിന് അര്‍ഹതപ്പെട്ടവര്‍ക്ക് അപകട ഫോട്ടോയെടുക്കാം. നേരത്തെ ഇവക്ക് ഒരു വര്‍ഷത്തില്‍ കവിയാത്ത തടവോ പരമാവധി അയ്യായിരം ഖത്വര്‍ റിയാല്‍ വരെ പിഴയോ ഇവ രണ്ടുമോ ആയിരുന്നു.

 

Latest