യു പിയില്‍ തൂക്കുസഭ വരുമെന്ന് പ്രവചനം; പഞ്ചാബില്‍ എ എ പി

Posted on: March 9, 2017 6:55 pm | Last updated: March 10, 2017 at 2:36 pm

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ ബി ജെ പി മുന്നേറ്റമുണ്ടാക്കുമെന്ന് എക്‌സിറ്റ്‌പോള്‍. പഞ്ചാബില്‍ എ എ പിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമാണെന്നാണ് ഭൂരിഭാഗം സര്‍വേ ഫലങ്ങളും വ്യക്തമാക്കുന്നത്. ഉത്തര്‍പ്രദേശിനും പഞ്ചാബിനും പുറമെ ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലമാണ് ഇന്നലെ പുറത്തുവന്നത്. ഗോവയില്‍ ബി ജെ പിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം. ഉത്തരാഖണ്ഡില്‍ ബി ജെ പി അധികാരത്തിലെത്തുമെന്നും മണിപ്പൂരില്‍ നില മെച്ചപ്പെടുത്തുമെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.

ഉത്തര്‍പ്രദേശില്‍ ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെങ്കിലും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നാണ് മിക്ക സര്‍വേ ഫലങ്ങളും പ്രവചിക്കുന്നത്. ഇന്ത്യ ടി വി- സീ വോട്ടര്‍ യു പിയില്‍ തൂക്കുസഭക്കുള്ള സാധ്യത പ്രവചിക്കുന്നു. ടൈംസ് നൗ സര്‍വേ ഫലം മാത്രമാണ് യു പിയില്‍ ബി ജെ പിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് അവകാശപ്പെടുന്നത്. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യം വന്നാല്‍ ബി എസ് പിയുമായി കൈകോര്‍ക്കുമെന്ന് യു പി മുഖ്യമന്ത്രിയും എസ് പി നേതാവുമായ അഖിലേഷ് യാദവ് ബി ബി സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ശിരോമണി- അകാലിദള്‍ സഖ്യം ഭരിക്കുന്ന പഞ്ചാബില്‍ എ എ പി വന്‍മുന്നേറ്റം കാഴ്ചവെക്കുമെന്നാണ് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. 117 സീറ്റുള്ള ഇവിടെ എ എ പി കേവല ഭൂരിപക്ഷം നേടുമെന്ന് ആജ്തക്, ഇന്ത്യാ ടുഡേ സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നു. അകാലിദള്‍- ബി ജെ പി സഖ്യം തകര്‍ന്നടിയുമെന്നാണ് ഫലം വ്യക്തമാക്കുന്നത്.
എഴുപത് സീറ്റുള്ള ഉത്തരാഖണ്ഡില്‍ ബി ജെ പിക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്ന് ആജ്തക്- ആക്‌സിസ് മൈ ഇന്ത്യ, ന്യൂസ് 24 – ചാണക്യ ഫലങ്ങള്‍ വ്യക്തമാക്കി. 46- 53 സീറ്റ് ബി ജെ പി നേടുമെന്നാണ് ആജ്തക് ഫലത്തില്‍ പറയുന്നത്. കോണ്‍ഗ്രസിന് 12- 21 സീറ്റ് ലഭിക്കുമെന്നാണ് പ്രവചനം. ചാണക്യ ഫലത്തില്‍ ബി ജെ പിക്ക് 53, കോണ്‍ഗ്രസിന് 15 സീറ്റുകളാണ് പറയുന്നത്.

ബി ജെ പിക്ക് നേരിയ മുന്നേറ്റമുണ്ടാകുമെന്ന് പ്രവചിക്കുന്ന ഗോവയില്‍ എ എ പിക്ക് ഏഴ് വരെ സീറ്റ് ലഭിച്ചേക്കുമെന്നും പറയുന്നു. നാല്‍പ്പത് സീറ്റുകളുള്ള ഇവിടെ എ എ പി കൂടുതല്‍ സീറ്റ് നേടുകയാണെങ്കില്‍ തൂക്കുസഭക്കുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. മണിപ്പൂരില്‍ പതിനഞ്ച് വര്‍ഷമായി അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസിനെ പിന്തള്ളി ബി ജെ പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് സര്‍വേ ഫലം പറയുന്നത്. അറുപത് സീറ്റുകളുള്ള മണിപ്പൂരില്‍ ബി ജെ പിക്ക് 25- 31ഉം കോണ്‍ഗ്രസിന് 17- 23ഉം മറ്റുള്ളവര്‍ക്ക് 9- 15 സീറ്റും ലഭിക്കുമെന്നാണ് ഇന്ത്യ ടുഡേ ഫലം.
നാളെയാണ് അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍. ഉച്ചയോടെ തന്നെ ഏകദേശ ഫലം വ്യക്തമാകും.