പ്രവാസത്തോട് വിട; ശാഫി ഹാജി നാട്ടിലേക്ക്

Posted on: March 7, 2017 9:02 pm | Last updated: March 7, 2017 at 9:02 pm

അല്‍ ഐന്‍: രണ്ടു പതിറ്റാണ്ടത്തെ പ്രവാസ ജീവിതം മതിയാക്കി ഐ സി എഫ് യു എ ഇ നാഷണല്‍ വെല്‍ഫെയര്‍ സെക്രട്ടറി വി പി എം ശാഫി ഹാജി നാട്ടിലേക്ക് മടങ്ങുന്നു. മര്‍കസ് തൊഴില്‍ദാന പദ്ധതിയുടെ ഭാഗമായി യു എ ഇ യിലെത്തിയ ശാഫി ഹാജി മര്‍കസ് അഡ്‌നോക് ആദ്യ ബാച്ചിലെ അംഗമായിരുന്നു. ഇരുപതിലേറെ വര്‍ഷമായി അഡ്‌നോകില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്തതിനു ശേഷം സൂപ്രണ്ടായിരിക്കെയാണ് ജോലിയില്‍ നിന്ന് പിരിയുന്നത്.
1996 ഏപ്രിലിലാണ് ശാഫി ഹാജി ആദ്യം അബുദാബിയില്‍ എത്തിയത്. അതേവര്‍ഷം നവംബറില്‍ അല്‍ ഐനിലെത്തുകയും പിന്നീട് പിരിയുന്നത് വരെ അല്‍ ഐനില്‍ ജോലി തുടരുകയും ചെയ്തു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ശ്രമഫലമായി മര്‍കസ് തൊഴില്‍ദാന പദ്ധതിയിലൂടെ പ്രവാസിയായ അദ്ദേഹം ജോലിയോടൊപ്പം സംഘടനാ രംഗത്തും പൊതുപ്രവര്‍ത്തന രംഗത്തും നിറസാന്നിധ്യമായിരുന്നു. സെയില്‍സ് അറ്റെന്‍ഡന്റ് ആയി ജോലി തുടങ്ങിയ ശാഫി ഹാജി കുറഞ്ഞ കാലംകൊണ്ട് സൂപ്പര്‍വൈസര്‍ ആവുകയും പിന്നീട് സൂപ്രണ്ടാവുകയും ചെയ്തു.

പ്രവാസ ലോകത്തെ രണ്ടു പതിറ്റാണ്ട് കാലത്തെ ജീവിതത്തില്‍ സംഘടനാ, പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാവാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്. നിലവില്‍ ഐ സി എഫ് നാഷണല്‍ സെക്രട്ടറിയായ ശാഫി ഹാജി ആര്‍ എസ് സിയുടെ അല്‍ഐന്‍ സോണ്‍ വൈസ് ചെയര്‍മാന്‍, രിസാല കോ ഓര്‍ഡിനേറ്റര്‍, നാഷണല്‍ പ്ലാനിംഗ് സെല്‍ കണ്‍വീനര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. മര്‍കസ് അഡ്‌നോക് തൊഴിലാളികളുടെ കൂട്ടായ്മയായ മാക്‌ന്റെ സ്ഥാപകരിലൊരാളായ ശാഫി ഹാജി അതിന്റെ അല്‍ ഐന്‍തല കോ-ഓഡിനേറ്ററായും നാഷണല്‍ വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. അഡ്‌നോക് കേരള സ്റ്റാഫ് അസോസിയേഷന്‍ (അക്‌സ) സെക്രട്ടറിയും പ്രസിഡന്റുമായി. അല്‍ ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ ദീര്‍ഘകാലമായി അംഗമാണ്.
എസ് വൈ എസ് നാഷണല്‍ കമ്മിറ്റി രൂപവത്കരണത്തിന് വേണ്ടി ഉണ്ടാക്കിയ അഡ്‌ഹോക് കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം ആദ്യ കമ്മിറ്റിയില്‍ നാഷണല്‍ സെക്രട്ടറിയായി. പ്രവാസിയാകുന്നതിനു മുമ്പ് 10 വര്‍ഷത്തോളം സിറാജ് ദിനപത്രം കോഴിക്കോട് ചീഫ് സ്റ്റാഫ് റിപ്പോര്‍ട്ടറായിരുന്ന ശാഫി ഹാജി സിറാജ് ദുബൈ എഡിഷന്‍ കൂടിയാലോചനകളില്‍ തുടക്കം മുതല്‍ പങ്കെടുത്തു. സിറാജ് സമിതി അംഗമായും ‘വായനക്കാരുടെ സിറാജ് ‘ ചീഫ് എഡിറ്ററായും സേവനമനുഷ്ഠിച്ചു.
മര്‍കസ്, സഅദിയ്യ, സിറാജുല്‍ ഹുദ, മഅ്ദിന്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ നേതൃനിരയില്‍ സജീവമായിരുന്ന ഹാജി പണ്ഡിതന്മാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. പഴയ കാലത്ത് നാട്ടില്‍ നിന്നുള്ള സന്ദര്‍ശകരുടെ കേന്ദ്രം തന്റെ റൂം ആയിരുന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അടക്കമുള്ള പല പ്രമുഖരും അദ്ദേഹത്തിന്റെ റൂമില്‍ പലതവണ എത്തിയിട്ടുണ്ട്. സംഘടനയുടെ നിലനില്‍പിനും പ്രചാരണത്തിനുമായി അല്‍ ഐനിലും പരിസരങ്ങളിലും നടത്തിയ പരിശ്രമങ്ങള്‍ ചാരിതാര്‍ഥ്യത്തോടെയാണ് ശാഫി ഹാജി ഓര്‍ത്തെടുക്കുന്നത്. സൗമ്യ പെരുമാറ്റംകൊണ്ടും കണിശമായ ഇടപെടലുകള്‍കൊണ്ടും അല്‍ ഐനില്‍ എല്ലാവര്‍ക്കും വേണ്ടപ്പെട്ട വ്യക്തിയായിരുന്നു ഹാജി.
റിട്ടയേര്‍ഡ് ഡെപ്യൂട്ടി കലക്ടറും എസ് വൈ എസ് ഹജ്ജ് സെല്‍ മാനേജരുമായിരുന്ന പരേതനായ വി പി അലവിക്കുട്ടി ഹാജിയുടെ മൂത്ത മകനായ ശാഫി ഹാജി പ്രവാസത്തിനു മുമ്പ് എസ് എസ് എഫ് കോഴിക്കോട് താലൂക്ക് സെക്രട്ടറിയായും കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് പ്രസ് ക്ലബ് ട്രഷററായും പ്രവര്‍ത്തിച്ചു.

ആര്‍ എസ് സി അല്‍ഐന്‍ സോണ്‍ വിസ്ഡം കണ്‍വീനര്‍ സിയാദ് മകനാണ്. സിയാദിനെ കൂടാതെ മറ്റു മൂന്നു മക്കള്‍ കൂടിയുണ്ട്. രണ്ടു പതിറ്റാണ്ടിലേറെ കാലം അന്നം തന്ന നാടിനെയും സഹകാരികളെയും ഒരിക്കലും മറക്കാനാവില്ല. അവരോടൊക്കെ നന്ദിയും കടപ്പാടുമുണ്ട്. ശിഷ്ടകാലം നാട്ടില്‍ കുടുംബത്തോടൊപ്പം ജീവിക്കണം. സംഘടനാരംഗത്തും പൊതുപ്രവര്‍ത്തന രംഗത്തും നാട്ടിലും സജീവമാവണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.
ഐ സി എഫ് നാഷണല്‍ കമ്മിറ്റി, അല്‍ ഐന്‍ സെന്‍ട്രല്‍ കമ്മിറ്റി, അക്‌സ, മാക്, ആര്‍, എസ് സി തുടങ്ങി വിവിധ സംഘടനകള്‍ യാത്രയയപ്പ് നല്‍കി. വിവരങ്ങള്‍ക്ക് 055-3786313, 052-9209380.