ഒബാമ ഫോണ്‍ ചോര്‍ത്തിയെന്ന ട്രംപിന്റെ ആരോപണം എഫ് ബി ഐ തള്ളി

Posted on: March 7, 2017 7:15 am | Last updated: March 7, 2017 at 12:48 am

വാഷിംഗ്ടണ്‍: തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ട്രംപിന്റെ ഫോണ്‍ ചോര്‍ത്താന്‍ അന്ന് യു എസ് പ്രസിഡന്റായിരുന്ന ബരാക് ഒബാമ ആവശ്യപ്പെട്ടിരുന്നുവെന്ന ആരോപണം എഫ് ബി ഐ തള്ളി. മുന്‍ പ്രസിഡന്റിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതോടെ പ്രതിസന്ധിയിലായി. തന്റെ ഫോണ്‍ ചോര്‍ത്താന്‍ എഫ് ബി ഐയോട് ഒബാമ നിര്‍ദേശിച്ചിരുന്നുവെന്നായിരുന്നു ട്രംപിന്റെ ആരോപണം.
എന്നാല്‍ ഇത് വാസ്തവവിരുദ്ധമാണെന്നും പ്രസ്താവന ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് തിരുത്തണമെന്നും എഫ് ബി ഐ ഡയറക്ടര്‍ ജെയിംസ് കോമി ആവശ്യപ്പെട്ടു. എഫ് ബി ഐ നിയമം ലംഘിച്ചുവെന്ന ധ്വനി ട്രംപിന്റെ ആരോപണത്തിലുണ്ടെന്നും ട്രംപ് തന്റെ തെളിവുകള്‍ ഹാജരാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യയുമായുള്ള രഹസ്യബന്ധത്തിന്റെ പേരില്‍ കടുത്ത ആരോപണങ്ങളും കേസന്വേഷണവും നേരിടുന്ന ട്രംപിന്റെ അനുയായികളും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഒബാമക്കെതിരെയുള്ള ആരോപണത്തെ രാഷ്ട്രീയ ആയുധമാക്കാനാണ് തീരുമാനിച്ചത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും ഖേദകരമായ റിപ്പോര്‍ട്ടാണ് ഉയര്‍ന്നതെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ വ്യക്തമാക്കി. ആരോപണത്തെ പുച്ഛിച്ച് തള്ളി ഒബാമയും ഡെമോക്രാറ്റിക് പാര്‍ട്ടിയും രംഗത്തെത്തിയിട്ടുണ്ട്. ട്രംപിന്റെ ആരോപണത്തിന് തെളിവ് കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് ഒബാമയുടെ വക്താവ് പ്രതികരിച്ചു.
തിരഞ്ഞെടുപ്പിന് മുമ്പ് റഷ്യന്‍ ഉദ്യോഗസ്ഥരുമായി ട്രംപും അദ്ദേഹത്തിന്റെ അടുത്ത അനുയായികളും ബന്ധം സ്ഥാപിച്ചിരുന്നുവെന്നും റഷ്യക്കൊപ്പം ചേര്‍ന്ന് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ട്രംപ് ശ്രമം നടത്തിയിരുന്നുവെന്നതുമടക്കമുള്ള ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഒബാമക്കെതിരെ ഫോണ്‍ ചോര്‍ത്തല്‍ ആരോപണവുമായി ട്രംപ് രംഗപ്രവേശം ചെയ്യുന്നത്.

ചര്‍ച്ച വഴിതിരിക്കാനുള്ള കൗശലമാണ് ട്രംപ് നടത്തുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. ട്രംപ് അനുയായികളുടെ റഷ്യന്‍ ബന്ധത്തെ കുറിച്ച് യു എസ് കോണ്‍ഗ്രസും എഫ് ബി ഐയും അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.