Connect with us

Kerala

ബജറ്റ് ചോര്‍ന്നിട്ടില്ലെന്ന് ധനമന്ത്രി; പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ നിർത്തിവെച്ചു

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണത്തിന് മുമ്പ് ചോര്‍ന്നിട്ടില്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്ക് നിയമസഭയില്‍ ആവര്‍ത്തിച്ചു. മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ തയ്യാറാക്കിയ കുറിപ്പ് നേരത്തെ പുറത്തായത് കൊണ്ട് സര്‍ക്കാറിന് ഒരു നഷ്ടവും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റ് ചര്‍ച്ചക്കിടെ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. അതേസമയം, കുറിപ്പ് പുറത്തായത് സംബന്ധിച്ച് ചീഫ് സെക്രട്ടറി അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

എന്നാല്‍ ധനമന്ത്രി പറയുന്നത് ശരിയല്ലെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ വിഡി സതീശന്‍ ചൂണ്ടിക്കാട്ടി. ബജറ്റ് അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ പ്രധാന നികുതി നിര്‍ദേശങ്ങള്‍ പത്രങ്ങളില്‍ വന്നിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബജറ്റ് അവതരണത്തിന് ശേഷം ഇന്ന് ആദ്യമായി നിയമസഭ ചേര്‍ന്നപ്പോള്‍ തന്നെ ബജറ്റ് ചോര്‍ച്ച ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബഹളം വെച്ചിരുന്നു. തുടർന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുകയും ചെയ്തു. ധനമന്ത്രി ഇതിന് മറുപടി പറഞ്ഞെങ്കിലും തൃപ്തരാകാതെ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിൽ ഇറങ്ങി. ഇതോടെ നിയമസഭ നിർത്തിവെക്കുന്നതായി സ്പീക്കർ പ്രഖ്യാപിക്കുകയായിരുന്നു. വിഷയത്തിൽ കക്ഷി നേതാക്കളുമായി സ്പീക്കർ ചർച്ച നടത്തും.

Latest