Connect with us

Ongoing News

ജയം ചോരാതിരിക്കാന്‍ ഇന്ത്യ

Published

|

Last Updated

ബെംഗളുരു: ചിന്നസ്വാമിയില്‍ പൂനെയിലെ മോശം പ്രകടനം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കിയാണ് വിരാട് കോഹ്ലി പരിശീലന സെഷന്‍ കഴിഞ്ഞ് ഹോട്ടല്‍ മുറിയിലേക്ക് മടങ്ങിയത്. ഓസീസ് നായകന്‍ പറഞ്ഞത് പോലെ തന്റെ ടീം സമ്മര്‍ദത്തിലാഴ്ന്നു പോയിട്ടില്ലെന്നും ഇന്ത്യന്‍ നായകന്‍ മറുപടി നല്‍കിയിട്ടുണ്ട്. വാക് യുദ്ധം വിടാം, ഇനി എല്ലാം കളത്തില്‍ വെച്ച് കാണാം. പൂനെയില്‍ തകര്‍ന്നു പോയ ടീം ഇന്ത്യ ശക്തമായി തിരിച്ചുവരും എന്ന് തന്നെ പ്രതീക്ഷിക്കാം. കാരണം, അനില്‍ കുംബ്ലെ എന്ന കോച്ചും വിരാട് എന്ന ക്യാപ്റ്റനും ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നവരാണ്. പശ്ചിമ ഘട്ടത്തിലെ മലമുകളിലേക്ക് ട്രക്കിംഗ് നടത്തി ആത്മവിശ്വാസം വീണ്ടെടുത്ത ഇന്ത്യന്‍ നിരയെ ഓസീസ് ശരിക്കും ഭയക്കുന്നുണ്ട്. ചില ഓസീസ് താരങ്ങള്‍ വിരാട് കോഹ്ലിയുടെ മറുപടി എങ്ങനെയാകും എന്ന ടെന്‍ഷനിലാണ്. നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ 1-0ന് പിറകിലാണ് ഇന്ത്യ. ജയത്തോടെ പരമ്പരയില്‍ ഒപ്പമെത്തുകയാണ് ലക്ഷ്യമെന്ന് കുംബ്ലെ പറയുന്നു.
ടീമില്‍ മാറ്റങ്ങളുണ്ടാകും. ഒരേ ലൈനപ്പ് ആവര്‍ത്തിക്കുന്നത് കോഹ്ലിയുടെ ടീമിന്റെ രീതിയല്ല. റൊട്ടേഷന്‍ ഉറപ്പാണ്. ഇംഗ്ലണ്ടിനെതിരെ ട്രിപ്പിള്‍ സെഞ്ച്വറി നേടിയ കരുണ്‍ നായര്‍ ടീമില്‍ തിരിച്ചെത്തിയേക്കും. നെറ്റ്‌സില്‍ ഏറെ നേരെ കരുണ്‍ ബാറ്റ് ചെയ്തു. ജയന്ത് യാദവാകട്ടെ കുറച്ച് നേരം മാത്രമാണ് പരിശീലനത്തിനുണ്ടായിരുന്നത്. ജയന്തിന് പകരമാകും കരുണ്‍ ഇടം പിടിക്കുക.
ബൗളിംഗ് നിരയിലും മാറ്റമുണ്ടാകും. ഇഷാന്ത് ശര്‍മക്ക് പകരം നെറ്റ്‌സില്‍ കുറേക്കൂടി കണിശത കാണിച്ച ഭുവനേശ്വര്‍ കുമാര്‍ വരും.
സ്പിന്‍ അറ്റാക്കിംഗ് അശ്വിന്‍ നയിക്കും. ആറ് വിക്കറ്റുകള്‍ കൂടി മതി ബിഷന്‍ സിംഗ് ബേദിയുടെ 266 വിക്കറ്റുകളുടെ റെക്കോര്‍ഡ് അശ്വിന് മറികടക്കാന്‍.
സാധ്യതാ ടീം (ഇന്ത്യ): കെ എല്‍ രാഹുല്‍, മുരളി വിജയ്, ചേതേശ്വര്‍ പുജാര, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, വൃഥിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്.
ആസ്‌ത്രേലിയ : ഡേവിഡ് വാര്‍ണര്‍, മാറ്റ് റെന്‍ഷാ, സ്റ്റീവന്‍ സ്മിത്ത് (ക്യാപ്റ്റന്‍), ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍സ്‌കോംപ്, മിച്ചല്‍ മാര്‍ഷ്, മാത്യു വാഡെ (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ സ്റ്റാര്‍ച്, സ്റ്റീവ് ഓകീഫെ, നഥാന്‍ ലിയോണ്‍, ജോഷ് ഹാസല്‍വുഡ്.

ചിന്നസ്വാമിയിലെ കളിക്കണക്കുകള്‍

കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ബെംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആസ്‌ത്രേലിയ രണ്ട് ടെസ്റ്റുകളാണ് ജയിച്ചത്. മറ്റൊരു ഇന്ത്യന്‍ വേദിയിലും ഇത്ര മികച്ച റെക്കോര്‍ഡ് ഓസീസിന് ടീമിനില്ല. നാല് ടെസ്റ്റുകളില്‍ രണ്ട് ജയം, ഒരു സമനില, ഒരു തോല്‍വി, ഇങ്ങനെയാണ് ചിന്നസ്വാമിയിലെ ഓസീസ് റെക്കോര്‍ഡ്.
മറ്റ് വേദികളിലായി പതിനേഴ് ടെസ്റ്റുകളാണ് കളിച്ചത്. ഇതില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ഓസീസിന് ജയിക്കാനായത്. പന്ത്രണ്ട് തോല്‍വികള്‍ !
ചിന്നസ്വാമിയില്‍ ഇന്ത്യയുടെ വിജയ-തോല്‍വി റേഷ്യോ 0.50 ആണ്. നാട്ടിലെ പത്ത് ടെസ്റ്റ് വേദികളില്‍ ഏറ്റവും മോശം ഇവിടെയാണ്. ഇരുപത് വര്‍ഷത്തിനിടെ ആകെ നാല് ടെസ്റ്റുകളിലാണ് ഇന്ത്യ ഇവിടെ ജയിച്ചത്. ഇതില്‍ അവസാനം കളിച്ച മൂന്ന് ടെസ്റ്റുകളിലാണ് ഇന്ത്യയുടെ ജയം.
ഇരുപത് വര്‍ഷത്തിനിടെ ബെംഗളുരുവില്‍ കളിച്ച നാല് ടെസ്റ്റുകളില്‍ ആസ്‌ത്രേലിയയുടെ ബാറ്റിംഗ് ശരാശരി 36.67 ആണ്. ഇന്ത്യയില്‍ ഒന്നില്‍ കൂടുതല്‍ ടെസ്റ്റുകള്‍ കളിച്ച ആറ് വേദികളില്‍ ഓസീസിന്റെ മികച്ച ബാറ്റിംഗ് ശരാശരി ബെംഗളുരുവിലാണ്. അതു പോലെ ബൗളിംഗ് ശരാശരിയില്‍ രണ്ടാമത്തെ മികച്ച പ്രകടനവും ഇവിടെയാണ്.
കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഏഴ് സെഞ്ച്വറികളാണ് ആസ്‌ത്രേലിയക്കുള്ളത്. മറ്റേത് ഇന്ത്യന്‍ വേദിയേക്കാളും ഏറെ. മൂന്നില്‍ ഏറെ സെഞ്ച്വറി ഓസീസ് നേടിയതും ബെംഗളുരുവില്‍ മാത്രം. ആസ്‌ത്രേലിയക്കെതിരെ ചിന്നസ്വാമിയില്‍ ഇന്ത്യക്കുള്ളത് മൂന്ന് സെഞ്ച്വറികളുടെ ചരിത്രം മാത്രം.
ബെംഗളുരുവിലെ അവസാന ഏഴ് ടെസ്റ്റുകള്‍ പരിശോധിച്ചാല്‍ ശരാശരി ഒന്നാമിന്നിംഗ്‌സ് സ്‌കോര്‍ 451 ആണ്.
ആസ്‌ത്രേലിയ മൂന്ന്തവണ ഒന്നാം ഇന്നിംഗ്‌സില്‍ നാനൂറിന് മുകളില്‍ ഇവിടെ സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഒന്നാം ഇന്നിംഗ്‌സില്‍ നാനൂറിന് മുകളില്‍ സ്‌കോര്‍ ചെയ്ത ടീം തോറ്റത് ഒരു തവണ മാത്രം. 2010 ല്‍ ആസ്‌ത്രേലിയ 478 റണ്‍സടിച്ചിട്ടും പരാജയപ്പെട്ടിരുന്നു.

പേസര്‍മാരുടെ ചിന്നസ്വാമി

സ്പിന്നര്‍മാര്‍ അഞ്ച് വിക്കറ്റ് പ്രകടനവുമായി തിളങ്ങിയ സന്ദര്‍ഭങ്ങള്‍ ഇല്ല. അതേ സമയം ഫാസ്റ്റ് ബൗളര്‍മാര്‍ നാല് തവണ അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. സീമര്‍മാരുടെ എക്കോണമി റേറ്റ് 29.33 ആണ്. സ്പിന്നര്‍മാരുടേത് 43.07 ഉം.
മുരളി വിജയിന് അമ്പതാം ടെസ്റ്റാണിത്. ആസ്‌ത്രേലിയക്കെതിരെ മികച്ച റെക്കോര്‍ഡാണ് മുരളിക്കുള്ളത്. 2010 ല്‍ ബെംഗളുരുവില്‍ ആസ്‌ത്രേലിയക്കെതിരെ 139 റണ്‍സടിച്ചതാണ് കരിയറിലെ കന്നി ടെസ്റ്റ് സെഞ്ച്വറി.
ആസ്‌ത്രേലിയക്കെതിരെ 21 ഇന്നിംഗ്‌സുകളില്‍ 55.90 ആണ് ബാറ്റിംഗ് ശരാശരി. ഇതില്‍ നാല് സെഞ്ച്വറികള്‍ ഉള്‍പ്പെടുന്നു. ഓസീസിനെതിരെ മുരളിയുടെ മൂന്ന് സെഞ്ച്വറികള്‍ പരമ്പരകളിലെ രണ്ടാം ടെസ്റ്റിലായിരുന്നു. ആ നിലക്ക് ബെംഗളുരുവിലും സെഞ്ച്വറി പ്രതീക്ഷിക്കാം.

5000 തികയ്ക്കാന്‍ സ്മിത്ത്

ടെസ്റ്റില്‍ അയ്യായിരം റണ്‍സ് തികയ്ക്കാന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിന് വേണ്ടത് 112 റണ്‍സ്. ഒന്നാം ഇന്നിംഗ്‌സില്‍ തന്നെ അയ്യായിരം റണ്‍സിലെത്താന്‍ സാധിച്ചാല്‍ ഡോണ്‍ ബ്രാഡ്മാനും ജാക് ഹോബ്‌സിനും ശേഷം കുറഞ്ഞ ഇന്നിംഗ്‌സുകളില്‍ അയ്യായിരം റണ്‍സ് നേടുന്ന മൂന്നാമത്തെ താരമാകും സ്റ്റീവ് സ്മിത്ത്.

---- facebook comment plugin here -----

Latest