തിരുവനന്തപുരം: ഭിന്ന ശേഷിയുള്ളവര്‍ക്കും കാസര്‍കോട്ടെ എന്‍ഡോ സള്‍ഫാന്‍ ഇരകള്‍ക്കും പ്രത്യേക സഹായം ബജറ്റിലുണ്ട്. ഭിന്ന ശേഷിയുള്ളവര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് അഞ്ച് ശതമാനവും ജോലിക്ക് നാല് ശതമാനവും സംവരണം ഏര്‍പ്പെടുത്തി. ഇതിന് പുറമെ ഇവര്‍ക്കായി ബാരിയര്‍ ഫ്രീ പദ്ധതിക്കായി 15 കോടി രൂപ നീക്കിവെച്ചു. എന്‍ഡോ സള്‍ഫാന്‍ ഇരകള്‍ക്ക് പത്ത് കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും സഹായം നല്‍കാന്‍ ജില്ലയില്‍ ഒന്ന് വീതം ഓട്ടിസം പാര്‍ക്കുകള്‍ ആരംഭിക്കും. ഇതിന് ഏഴ് കോടി നീക്കിവെച്ചു. 200 തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ കൂടി ബഡ്‌സ് സ്‌കൂള്‍ തുടങ്ങുന്നതിന് 40 കോടി രൂപയാണ് വകയിരുത്തിയത്.
65 വയസ്സ് വരെ പ്രായമുള്ള അന്ധത, കാഴ്ചക്കുറവ്, ബുദ്ധിവൈകല്യം തുടങ്ങയ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കും ചലനശേഷി നഷ്ടപ്പെട്ടവര്‍ക്കും കുഷ്ഠ രോഗികള്‍ക്കും രണ്ട് ലക്ഷം രൂപയ്ക്കുള്ള സ്വാവലംബം ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്.