പട്ടം പറത്തല്‍ ആവേശത്തിലേക്ക് ദോഹയും

Posted on: March 1, 2017 7:35 pm | Last updated: March 1, 2017 at 6:53 pm

ദോഹ: ആറംഗ ഇന്ത്യന്‍ സംഘം വെള്ളിയാഴ്ച കതാറ ബീച്ചില്‍ പട്ടം പറത്തല്‍ പ്രദര്‍ശനം നടത്തും. വൈകിട്ട് മൂന്ന് മുതല്‍ ആറ് വരെയാണ് പ്രദര്‍ശനമുണ്ടാകുക. യു എ ഇ ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി ദുബൈയില്‍ ഈയടുത്ത് ഷോ നടത്തിയെന്നും അതിന് ശേഷമാണ് ദോഹയിലേക്ക് വരുന്നതെന്നും ടീം ക്യാപ്റ്റനും പ്രൊഫഷനല്‍ പട്ടം പറത്തലുകാരനുമായ അബ്ദുല്ല മാളിയേക്കല്‍ പറഞ്ഞു.

ക്വാലംലപൂര്‍, ചൈനയിലെ പത്ത് പ്രവിശ്യകള്‍, ഇന്ത്യയിലെ വിവിധ നഗരങ്ങള്‍ തുടങ്ങിയയിടങ്ങളില്‍ അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള വണ്‍ ഇന്ത്യ കൈറ്റ് ടീം പട്ടം പറത്തല്‍ പ്രദര്‍ശനം നടത്തിയിട്ടുണ്ട്. നാലായിരം ഡോളര്‍ വീതം ചെലവ് വരുന്ന ഓരോ പട്ടവും ന്യൂസിലാന്‍ഡിലെ പട്ടം നിര്‍മാതാവ് പീറ്റര്‍ ലിനനാണ് നിര്‍മിച്ചത്. ലോകത്തുടനീളം നിരവധി പട്ടം പറത്തലുകാര്‍ക്ക് അദ്ദേഹം പട്ടം നിര്‍മിക്കാറുണ്ട്. ഏപ്രിലില്‍ ദോഹയില്‍ പട്ടം പറത്തല്‍ ഉത്സവം നടത്താനും സംഘത്തിന് പദ്ധതിയുണ്ട്.

ചൈനയിലെ അന്താരാഷ്ട്ര കൈറ്റ് ഫെഡറേഷനില്‍ അഫിലിയേറ്റ് ചെയ്തതാണ് അബ്ദുല്ല മാളിയേക്കലിന്റെ ടീം. ഏഷ്യന്‍ കൈറ്റ് ഫെഡറേഷനുമായും അമേരിക്കയിലെ വണ്‍ വേള്‍ഡ് വണ്‍ സ്‌കൈയുമായും പങ്കാളിത്തമുണ്ട്. പട്ടം പറത്തലില്‍ രാജ്യത്ത് താമസിക്കുന്നവര്‍ക്ക് താത്പര്യം വളര്‍ത്തുന്നതിനായി സൗജന്യ നിരക്കിലാണ് കതാറ സൗകര്യമൊരുക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ പ്രദര്‍ശനം മികച്ചതാകുമെന്ന് അബ്ദുല്ല പ്രതീക്ഷിക്കുന്നു.