കാട്ടുതീ നിയന്ത്രിക്കാന്‍ നടപടി: വനം മന്ത്രി കെ രാജു

Posted on: March 1, 2017 6:49 am | Last updated: March 1, 2017 at 12:51 am

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തവേനലും വരള്‍ച്ചയും ആരംഭിച്ച പ്രത്യേക സാഹചര്യത്തില്‍ ചില വനമേഖലകളിലുണ്ടായ കാട്ടു തീ നിയന്ത്രിക്കാന്‍ വനം വകുപ്പ് എല്ലാവിധ നടപടികളും സ്വീകരിച്ചിട്ടുള്ളതായി വനം മന്ത്രി അഡ്വ. കെ രാജു നിയമസഭയെ അറിയിച്ചു.

വനം ഒരു പൊതുസ്വത്ത് എന്ന രീതിയില്‍ അതിനെ സംരക്ഷിക്കുന്നതിനായുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ശ്രദ്ധാപൂര്‍വ്വമുണ്ടാകുമെന്നും മന്ത്രി സഭക്ക് ഉറപ്പു നല്‍കി. കാട്ടു തീ തടയുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം ഒരു സ്റ്റേറ്റ് ഫോറസ്റ്റ് ഫയര്‍ ക്രൈസസ് മാനേജുമെന്റ് സെല്‍ രൂപവത്കരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. നിലവിലെ സാഹചര്യം കണക്കിലെടുത്താല്‍ കാട്ടുതീയില്‍ ഈ വര്‍ഷം ഇതുവരെയുണ്ടായ വര്‍ദ്ധനവ് ആശങ്കാജനകമല്ല. മുന്‍കരുതലിലൂടെയും പ്രവര്‍ത്തികളിലൂടെയും വന്‍തോതിലുള്ള കാട്ടുതീ ഉണ്ടാകാതെ വനം സംരക്ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. എല്ലാ വകുപ്പുകളിലെയും വനത്തോട് ചേര്‍ന്ന് ജീവിക്കുന്ന പൊതുജനങ്ങളെയും സഹകരണത്തോടെ കാട്ടു തീ നിയന്ത്രണവിധേയമാക്കാന്‍ കഴിയുമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മന്ത്രി മറുപടി നല്‍കി.

കാട്ടുതീയെ ഫലപ്രദമായി നേരിടുന്നതിനുള്ള നൈപുണ്യം ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വ്വീസ് ഡിപ്പാര്‍ട്ടുമെന്റുമായി സഹകരിച്ച് വനംവകുപ്പ് ജീവനക്കാര്‍ക്ക് നല്‍കുന്നുണ്ട്. കാട്ടു തീയെ പ്രതിരോധിക്കുന്നതിന് ജീവനക്കാര്‍ക്ക് ആവശ്യമായ ഉപകരണങ്ങളും പ്രത്യേക ബൂട്ട്‌സ്, ഹെല്‍മറ്റ്, വസ്ത്രങ്ങള്‍ എന്നിവയും ആവശ്യാനുസരണം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. വനത്തിനകത്തുതന്നെ മഴവെള്ളം സംഭരിച്ചു നിര്‍ത്താനും അതുവഴി വനത്തിനകത്ത് ആര്‍ദ്രത നിലനിര്‍ത്താനും കാട്ടു തീയുടെ സാധ്യത കുറയ്ക്കാനുമുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിലവിലുള്ള ജലാശയങ്ങള്‍ ആഴംകൂട്ടുകയും മണ്ണ് നീക്കം ചെയ്യുകയും പുതുതായി ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.
ഈ പ്രവര്‍ത്തികള്‍ ഇനിയും തുടരും. ഈ വര്‍ഷം കാട്ടുതീയ മൂലമുണ്ടാകുന്ന ആപത്തിനെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കും. ഇതിന്റെ ഭാഗമായി പോസ്റ്ററുകള്‍ ബാനറുകള്‍, റാലികള്‍, തെരുവ് നാടകങ്ങള്‍, തീയറ്ററുകളില്‍ സ്ലൈഡുകള്‍ തുടങ്ങിയവ സംഘടിപ്പിച്ചുവരുന്നതായും മന്ത്രി അറിയിച്ചു.