മാവോബന്ധം: മാധ്യമ പ്രവര്‍ത്തകന് ജാമ്യം

Posted on: February 28, 2017 6:47 am | Last updated: February 27, 2017 at 11:47 pm

ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റ് ചെയ്ത ഛത്തീസ്ഗഢ് മാധ്യമപ്രവര്‍ത്തകന്‍ സന്തോഷ് യാദവിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഛത്തീസ്ഗഢ് പ്രത്യേക സുരക്ഷാ നിയമ പ്രകാരം 2015ലാണ് സന്തോഷ് അറസ്റ്റിലായത്.
ഇപ്പോള്‍ ബസ്തറിലെ ജഗ്ദല്‍പൂര്‍ ജയിലില്‍ കഴിയുന്ന സന്തോഷിന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങാനാകും. എല്ലാ ദിവസവും ദര്‍ഭാ പോലീസ് സ്റ്റേഷനില്‍ ഹാജരാകണം എന്ന വ്യവസ്ഥയിലാണ് ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് ജാമ്യം അനുവദിച്ചത്.

ഹിന്ദിയില്‍ പ്രസിദ്ധീകരിക്കുന്ന ഛത്തീസ്ഗഢ് എന്ന പത്രത്തിന്റെ റിപ്പോര്‍ട്ടറായിരുന്നു സന്തോഷ് യാദവ്. മാധ്യമ പ്രവര്‍ത്തകരെ തീവ്രവാദികളായി ചിത്രീകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് അറസ്റ്റെന്ന് ആരോപിച്ച് മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.