ശിക്ഷാ ഇളവ്: രാജ്ഭവന്റെ നടപടിയില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി

Posted on: February 23, 2017 8:41 am | Last updated: February 23, 2017 at 10:40 am

തിരുവനന്തപുരം :കൊച്ചിയില്‍ നടിക്കെതിരായ അതിക്രമത്തെ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവുമായി ബന്ധപ്പെട്ട് പോലീസ് ഇടപെടലും നടപടികളും ഫലപ്രദമാണെന്നാണ് പൊതുവിലയിരുത്തല്‍. അക്രമത്തില്‍ ഉള്‍പ്പെട്ട മിക്ക പ്രതികളും അറസ്റ്റിലായിട്ടുണ്ട്. എന്നാല്‍, മുഖ്യപ്രതിയെ ഇനിയും പിടികൂടാനുണ്ട്. പ്രതിയെ പിടിക്കാനാകുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇതിനുള്ള നടപടികള്‍ ത്വരിതഗതിയിലുമാണ്. സിനിമാ ലോകത്തെ ഗുണ്ടാപ്രവര്‍ത്തനങ്ങളെ പറ്റി ഇപ്പോള്‍ പറയാനാകില്ല. അന്വേഷണം പൂര്‍ത്തിയാക്കി വിവരങ്ങള്‍ ശേഖരിച്ചു മറ്റു കാര്യങ്ങളിലേക്ക് കടക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസില്‍ സി പി എം നേതാവിന്റെ മകന് പങ്കുണ്ടെന്ന റിപ്പോര്‍ട്ട് സംബന്ധിച്ച ചോദ്യത്തിനു എന്തും പറയാന്‍ ലൈസന്‍സുള്ള ചിലര്‍ ഇവിടുണ്ടെന്നും അവരെ തടയാനാകില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
അതേസമയം, തടവുകാര്‍ക്കു ശിക്ഷാ ഇളവ് നല്‍കുന്നതു സംബന്ധിച്ച ഫയല്‍ മടക്കിയ വിവരം രാജ്ഭവന്‍ പത്രിക്കുറിപ്പായി പുറത്തറിയിച്ചത് ശരിയായില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ പല എഴുത്തുകുത്തുകളും ഫയല്‍ കൈമാറ്റവും നടക്കും.
അതൊന്നും പുറത്തറിയിച്ച കീഴ്‌വഴക്കമുണ്ടെന്ന് തോന്നുന്നില്ല. തടവില്‍ കഴിയുന്ന ഒരാളെയും വിട്ടയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. യു ഡി എഫ് സര്‍ക്കാര്‍ തടവുകാര്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ തീരുമാനിച്ചെങ്കിലും അത് നടപ്പായില്ല. എല്‍ ഡി എഫ് സര്‍ക്കാര്‍ കമ്മിറ്റി രൂപവത്കരിച്ച് എല്ലാ ചട്ടങ്ങളും പാലിച്ചാണ് ശിക്ഷാ ഇളവിനുള്ളവരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറിയത്. എന്നാല്‍, ഫയലില്‍ ചില വിശദീകരണങ്ങള്‍ ഗവര്‍ണര്‍ തേടിയിട്ടുണ്ട്. ഗവര്‍ണര്‍ക്കു മറുപടി നല്‍കേണ്ടത് സര്‍ക്കാറിന്റെ കടമയാണ്.
വകുപ്പുകളില്‍ ഫയല്‍ കെട്ടിക്കിടക്കുന്നെന്ന വാര്‍ത്തകള്‍ അവാസ്തവമാണ്. ഭരണം നല്ലരീതിലാണ് മുന്നോട്ടുപോകുന്നത്. കേരള അഡ്മിസ്‌ട്രേറ്റിവ് സര്‍വീസ് നടപ്പാക്കാന്‍ തീരുമാനിച്ചതാണ്. അതില്‍ ഒരു മാറ്റവും ഇല്ല. സമരം തുടരാനാണു തീരുമാനമെങ്കില്‍ അതു നേരിടാന്‍ അറിയാം. സി പി ഐ ഒരു രാഷ്ട്രീയ പാര്‍ട്ടിയാണെന്നും സര്‍ക്കാര്‍ അംഗമായതുകൊണ്ടു അവരുടെ അഭിപ്രായം പരസ്യമായി പറയാനുള്ള അവകാശം ഇല്ലാതായെന്നു പറയാനാകില്ലെന്നും ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വ്യക്തമാക്കി.