Connect with us

National

ശബരിമല സ്ത്രീ പ്രവേശം ഭരണഘടനാ ബഞ്ചിന്

Published

|

Last Updated

ന്യൂഡല്‍ഹി: പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ ഏര്‍പ്പെടുത്തിയ പ്രവേശന നിയന്ത്രണം നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഭരണഘടനാ ബഞ്ചിന് വിടാന്‍ സുപ്രീം കോടതി തീരുമാനിച്ചു. ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി. അഞ്ചംഗ ഭരണഘടനാ ബഞ്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ഇത് സംബന്ധിച്ച് വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.

ഇത് ഭരണഘടനാപരമായ കാര്യമാണെന്നും അതിനാല്‍ ഭരണഘടനാ ബഞ്ച് വിഷയം പരിഗണിക്കണമെന്നും കേസില്‍ വാദം ആരംഭിച്ചത് മുതല്‍ ദേവസ്വം ബോര്‍ഡും ക്ഷേത്ര ഭാരവാഹികളും സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു. ഈ ആവശ്യം അംഗീകരിച്ചുകൊണ്ടുള്ള തീരുമാനമാണ് ഇന്ന് സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. ഭരണഘടന ഉറപ്പ് നല്‍കുന്ന മത സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമാണിത്. അതിനാല്‍ മൂന്നംഗ ബഞ്ച് പരിഗണിക്കുന്നതില്‍ പരിമിതികളുണ്ട്. അഞ്ചംഗ വിശാല ഭരണഘടനാ ബഞ്ച് ഭരണഘടനാപരമായ വ്യാഖ്യാനങ്ങള്‍ നല്‍കിക്കൊണ്ട് അന്തിമ തീരുമാനങ്ങളെടുക്കുമെന്നും ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് പറഞ്ഞു. ഭരണഘടനാ ബഞ്ച് പരിഗണിക്കുന്ന വിഷയങ്ങള്‍ തീരുമാനിക്കാനുള്ള ചോദ്യങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട കക്ഷികളോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

കക്ഷികളുടെ നിലപാട് അനുസരിച്ചായിരിക്കും വിധി പ്രഖ്യാപനമുണ്ടായിരിക്കുകയെന്നും മൂന്നംഗ ബഞ്ച് വ്യക്തമാക്കി. കേസില്‍ കക്ഷി ചേരുന്നതിന് കേസുമായി ബന്ധപ്പെട്ടുള്ള ചില ഹരജികളും സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. സ്ത്രീകള്‍ക്ക് ക്ഷേത്രാരാധന നിഷേധിക്കുന്നത് ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് വാദിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷക ഇന്ദിരാ ജയ് സിംഗ് പറഞ്ഞു. എന്നാല്‍, ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനത്തിന് പ്രായപരിധി വെച്ചതില്‍ കോടതിക്ക് ഇടപെടാന്‍ അധികാരമില്ലെന്ന് ദേവസ്വം ബോര്‍ഡിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ വാദിച്ചു. മതാചാരങ്ങള്‍ നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് സംരക്ഷിക്കപ്പെടുമോയെന്ന കാര്യത്തില്‍ ഭരണഘടനാ ബഞ്ചിന്റെ വിധി പ്രഖ്യാപനത്തോടെ തീരുമാനത്തിലെത്തുമെന്ന് കോടതി പറഞ്ഞു.

എല്ലാ പ്രായത്തിലുമുള്ളവര്‍ക്ക് പ്രവേശനം നല്‍കണമെന്നാണ് സര്‍ക്കാര്‍ വാദിച്ചിരുന്നത്. നേരത്തെ യു ഡി എഫ് സര്‍ക്കാര്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ത്തിരുന്നുവെങ്കിലും പിന്നീട് പിണറായി സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

Latest