വി.കെ ശശികലയ്ക്ക് പോലീസ് ജീപ്പില്‍ കയറാന്‍ മടിയെന്ന് ജയില്‍ അധികൃതര്‍

Posted on: February 17, 2017 6:35 pm | Last updated: February 18, 2017 at 10:23 am

ബെംഗളൂരു: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് തടവിലാക്കപ്പെട്ട വി.കെ. ശശികലക്ക് ജയില്‍ ജീവിതവുമായി പൊരുത്തപ്പെട്ടു പോകുന്നതിന് സാധിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ജയില്‍ അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമമായ മിററാണ് വാര്‍ത്ത റിപ്പോര്‍ട്ടു ചെയതത്.

സാധാരണ കള്ളന്മാരെപ്പോലെയല്ല താനെന്നും അതിനാല്‍ പൊലീസ് ജീപ്പില്‍ യാത്രചെയ്യാന്‍ സാധിക്കില്ലെന്നും ശശികല പറഞ്ഞു. ജയിലിലെ സെല്ലില്‍ വേണമെങ്കില്‍ ഞാന്‍ കഴിയാം. എന്നാല്‍ ക്രിമിനലിനെ പോലെ വെറുമൊരു പൊലീസ് ജീപ്പില്‍ യാത്രചെയ്യാന്‍ എനിക്കു സാധിക്കില്ല. അതിനു പകരം എത്ര ദൂരം വേണമെങ്കിലും നടക്കാന്‍ തയാറാണെന്നും ശശികല പറഞ്ഞു.

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയ്‌ക്കൊപ്പം ജയിലില്‍ കഴിഞ്ഞ സമയത്തെപോലുള്ള സൗകര്യങ്ങള്‍ ലഭിക്കുമെന്നായിരിക്കാം ശശികല കരുതിയിരുന്നതെന്ന് അധികൃതര്‍ പറയുന്നു. ജയിലില്‍ ആയിരുന്ന സമയത്ത് ജയലളിത തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്നു. കൂടാതെ അവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതിനാല്‍ എ ക്ലാസ് സൗകര്യങ്ങള്‍ അനുവദിക്കുകയും ചെയ്തിരുന്നു. അന്നു കൂടെയുണ്ടായിരുന്ന ശശികലയും ഇത്തരം സുഖസൗകര്യങ്ങള്‍ അനുഭവിച്ചിരുന്നു.