ശശികല നയിക്കും കുടുംബക്കാര്‍ വഴി

Posted on: February 17, 2017 9:36 am | Last updated: February 17, 2017 at 9:36 am

ചെന്നൈ: മാതാവ് മരിച്ച് ഒറ്റപ്പെട്ടുപോയ ജയലളിതയെ പരിചരിക്കാന്‍ എന്ന നാട്യത്തില്‍ 40 ബന്ധുക്കളുമായാണ് ശശികലയുടെ പോയസ് ഗാര്‍ഡന്‍ പ്രവേശനം. സഹോദരങ്ങളും ബന്ധുക്കളുമെല്ലാം ജയലളിതയുടെ പരിചാരകരായി അവിടെ കൂടി. ക്രമേണ അധികാരത്തണലില്‍ വളര്‍ന്ന് പന്തലിച്ച്, സ്വദേശമായ മന്നാര്‍ഗുഡിയുടെ പേരില്‍ മാഫിയാ സംഘം എന്ന് കുപ്രസിദ്ധി നേടിയ ശശികലയുടെ കുടുംബത്തിലേക്ക് തമിഴ്‌നാടിന്റെ ഭരണം എത്തിപ്പെട്ടിരിക്കുകയാണിപ്പോള്‍. അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷത്തെ തടവിന് വിധിക്കപ്പെട്ട് ജയിലിലേക്ക് പുറപ്പെടും മുമ്പ് ഭരണത്തിലും പാര്‍ട്ടിയിലും തന്റെ കടിഞ്ഞാണ്‍ കെട്ടി നിലഭദ്രമാക്കുകയായിരുന്നു ശശികല.
വിദേശ ജോലി വിട്ട്, ജയലളിതയുടെ കൂടെ നില്‍ക്കുന്നതിന്റെ സാധ്യത തിരിച്ചറിഞ്ഞ് ശശികലക്കൊപ്പം കൂടിയ സഹോദരന്‍ ദിവാകരനാണ് മന്നാര്‍ഗുഡി മാഫിയയുടെ തലവന്‍. ശശികലയുടെ മുഖ്യ ഉപദേഷ്ടാവായ ഇയാള്‍ ഇന്ന് കോടീശ്വരനാണ്.
എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി പദം കൈക്കലാക്കി അധികനാള്‍ പിന്നിടും മുമ്പ് ജയിലിലട ക്കപ്പെട്ട ശശികലക്ക് പാര്‍ട്ടിയില്‍ ഇപ്പോഴുള്ള പിടി തുടര്‍ന്നും നിലനിര്‍ത്തുക പ്രയാസമാണെന്ന് അറിയാമായിരുന്നു. അതുകൊണ്ടാണ്, ജയലളിത പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയ ടി ടി വി ദിനകരനെ തിരിച്ചെടുക്കുകയും ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി നിയോഗിക്കുകയും ചെയ്തത്. തിരിച്ചുവരവ് ഉറപ്പിച്ച്, ജയലളിതയുടെ മരണം നടന്നയുടന്‍ ദിനകരന്‍ ശശികലക്കൊപ്പം പോയസ് ഗാര്‍ഡനില്‍ സജീവമായിരുന്നു. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശവാദവുമായി ശശികല ആദ്യം ഗവര്‍ണറെ കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്നതും ദിനകരനായിരുന്നു. ശശികലയുടെ സഹോദരി വനിതാമണിയുടെ മൂന്ന് ആണ്‍ മക്കളില്‍ ഒരാളാണ് ദിനകരന്‍. ജയലളിതയുടെ ദത്തുപുത്രനായ വി എന്‍ സുധാകരന്‍, ടി ടി വി ഭാസ്‌കരന്‍ എന്നിവരാണ് മറ്റ് രണ്ട് പേര്‍.
ഭാസ്‌കരന്‍ പാര്‍ട്ടിയുടെ ആദ്യ ഔദ്യോഗിക ചാനലായ ജെ ജെ ടി വിയുടെ മാനേജിംഗ് ഡയറക്ടറാണ്. സുധാകരന്റെ ആഡംബര വിവാഹം ജയലളിതക്ക് ഏറെ വിമര്‍ശങ്ങള്‍ നേടിക്കൊടുത്തിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികലക്കൊപ്പം ജയിലിലാണ് ഇപ്പോള്‍ സുധാകരന്‍.
ഇതേ കേസില്‍ മറ്റൊരു തടവുകാരിയായ ഇളവരശി ശശികലയുടെ സഹോദരന്‍ ജയരാമന്റെ ഭാര്യയാണ്. തന്റെ വസതിയായ പോയസ് ഗാര്‍ഡന്‍ ജയലളിത ഇളവരശിക്ക് നല്‍കുമെന്ന് പറഞ്ഞിരുന്നുവെന്നാണ് ഇപ്പോള്‍ മന്നാര്‍ഗുഡി മാഫിയ അവകാശപ്പെടുന്നത്. രാഷ്ട്രീയത്തിലും വ്യാപാരത്തിലും ഒരു പോലെ ആധിപത്യം പുലര്‍ത്തുന്നയാളാണ് ഇളവരശിയുടെ മകന്‍ വിവേക്.
തമിഴ്‌നാടിന്റെ നാനാഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്ന ബിസിനസ് സാമ്രാജ്യമാണ് മന്നാര്‍ഗുഡി മാഫിയ വളര്‍ത്തിയെടുത്തിട്ടുള്ളത്. 2011ല്‍ ജയലളിത പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ടി ടി വി ദിനകരന്‍ എ ഐ എ ഡി എം കെയില്‍ തിരിച്ചെത്തിയതോടെ പാര്‍ട്ടിയില്‍ മാഫിയ പിടിമുറുക്കിക്കഴിഞ്ഞു. ജയലളിത പാര്‍ട്ടി നേതൃത്വത്തില്‍ ഉണ്ടായിരുന്നപ്പോള്‍ ഒരിക്കല്‍ പോലും സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങളാണ് അവരുടെ മരണത്തിന് പിന്നാലെ പാര്‍ട്ടിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഏറെക്കാലം പാര്‍ട്ടിയുടെ ഒറ്റമുഖം എന്ന നിലയില്‍ നേതൃത്വം തുടര്‍ന്ന ജയലളിത ഒരിക്കല്‍ പോലും തന്റെ ബന്ധുക്കളെയോ അടുപ്പക്കാരെയോ എ ഐ എ ഡി എം കെയുടെയോ സര്‍ക്കാറിന്റെയോ നിര്‍ണായക സ്ഥാനങ്ങളിലേക്ക് കൊണ്ടുവന്നിരുന്നില്ല. എന്നാല്‍, ശശികലയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ അവരുടെ സഹോദരി പുത്രന്‍ ദിനകരനാകും ഇനി പാര്‍ട്ടിയെ ഭരിക്കുക.