Connect with us

Kozhikode

നിയമവിരുദ്ധമായി ചെറുമത്സ്യങ്ങള്‍ പിടിച്ച ബോട്ട് കസ്റ്റഡിയിലെടുത്തു

Published

|

Last Updated

ബേപ്പൂര്‍: നിരോധിത ചെറു മത്സ്യങ്ങളെ പിടിച്ച മത്സ്യബന്ധന ബോട്ട് ബേപ്പൂര്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പിടികൂടി കസ്റ്റഡിയിലെടുത്തു. ബേപ്പൂര്‍ ചേക്കിനകത്ത് മുജീബിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ഫിഷ് 1 എന്ന മത്സ്യബന്ധന ബോട്ടാണ് പിടിയിലായത്. ബോട്ടില്‍ നിന്ന് 1500 കിലോ നിരോധിത ചെറു മത്സ്യങ്ങള്‍ കണ്ടെടുത്തു.
കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെ ബേപ്പൂരില്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ പി അബ്ദുല്‍ മജീദ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എസ് ഐ. എസ് എസ് സുജിത് എന്നിവരുടെ നേത്യത്വത്തില്‍ നടത്തിയ പരിശോധനക്കിടയിലാണ് ബോട്ട് പിടികൂടിയത്.

ജുവനൈല്‍ ഫിഷിംഗ് നടത്തിയതിനും കണ്ണിവലിപ്പം കുറഞ്ഞ വലകള്‍ ഉപയോഗിച്ചതിനും 1980 ലെ കേരള മറൈന്‍ ഫിഷറീസ് റെഗുലേഷന്‍ ആക്ട് പ്രകാരമാണ് കേസെടുത്തത്. ബോട്ടിലുണ്ടായിരുന്ന ചെറു മത്സ്യങ്ങള്‍ കടലില്‍ ഉപേക്ഷിക്കുകയും ഭക്ഷ്യയോഗ്യമായ മത്സ്യങ്ങള്‍ 50000 രൂപക്ക് ലേലം ചെയ്യുകയുമായിരുന്നു.

സമാന രീതിയില്‍ മത്സ്യ ബന്ധനം നടത്തിയതിന് കഴിഞ്ഞ ആഴ്ച പിടികൂടിയ എറണാകുളം തോണിപറമ്പില്‍ പ്രമോദിന്റെ ഉടമസ്ഥതയിലുള്ള വിനായക എന്ന ബോട്ടിന് 52500 രൂപയും ബേപ്പൂര്‍ കുന്നത്ത് പറമ്പില്‍ കെ പി റിയാസിന്റെ ഗരീബ് ഷാ എന്ന ബോട്ടിന് 90000 രൂപയും കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പിഴ ചുമത്തിയിരുന്നു.
കേരളത്തില്‍ 14 ഇനം ചെറു മത്സ്യങ്ങളെ പിടികൂടുന്നതിനാണ് നിലവില്‍ നിരോധമുള്ളത്. ഇത് ലംഘിച്ചാണ് വന്‍തോതില്‍ ചെറു മത്സ്യങ്ങളെ പിടികൂടുന്നത്. ഇത്തരത്തില്‍ പിടികൂടുന്ന ചെറു മല്‍സ്യങ്ങള്‍ തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കും. വളത്തിന് വേണ്ടിയാണ് ചെറുമീനുകളെ കൊണ്ടു പോകുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം തുറുമുഖങ്ങളില്‍ പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ലൈസന്‍സില്ലാത്തതും നിരോധിത ചെറു മത്സ്യങ്ങള്‍ പിടികൂടുന്നതുമായ ബോട്ടുകള്‍ക്കും തോണികള്‍ക്കുമെതിരെ നടപടികള്‍ കര്‍ശനമാക്കിയിരുന്നു. പിടിച്ചെടുത്ത ബോട്ടിലുണ്ടായിരുന്ന നിരവധി മല്‍സ്യബന്ധന വസ്തുക്കള്‍ ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് കൈമാറി.