Connect with us

Sports

നൂറാം ഗോള്‍.. ആദ്യം ആര് ?

Published

|

Last Updated

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ആദ്യം നൂറ് ഗോള്‍ തികയ്ക്കുന്ന താരം ! ഒരു കാലത്തും തകര്‍ക്കാന്‍ സാധിക്കാത്ത റെക്കോര്‍ഡിലേക്ക് ആരാകും ആദ്യം ഇടം പിടിക്കുക. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസിയും തമ്മിലാണ് മത്സരം. 95 ഗോളുകള്‍ നേടി ക്രിസ്റ്റിയാനോയാണ് മുന്നില്‍. മെസി 93 ഗോളുകളുമായി തൊട്ടു പിറകില്‍.

ഗോളടിയില്‍ ഓവര്‍ടേക്ക് പ്രവണതയോടെയാണ് ഇരുവരും സെഞ്ച്വറിക്കരികിലെത്തി നില്‍ക്കുന്നത്. ആദ്യം ആര് മൂന്നക്കം തികയ്ക്കും എന്ന് പ്രവചിക്കുക അസാധ്യം. കാരണം, 2014 ല്‍ റയലിന്റെ ഇതിഹാസം റൗള്‍ ഗോണ്‍സാലസിന്റെ 71 ഗോളുകളുടെ യൂറോപ്യന്‍ റെക്കോര്‍ഡ് തകര്‍ത്തത് മെസിയാണ്. അതിന് ശേഷമാണ് ക്രിസ്റ്റിയാനോ റൗളിനെ മറികടന്ന് മെസിക്ക് പിറകില്‍ മത്സരിച്ചത്. കഴിഞ്ഞ സീസണില്‍ പതിനാറ് ഗോളുകളുമായി റയലിനെ ചാമ്പ്യന്‍മാരാക്കി ക്രിസ്റ്റ്യാനോ തകര്‍ത്താടിയതോടെ മെസി പിറകിലായി.
ഇത്തവണ പ്രീക്വാര്‍ട്ടര്‍ യോഗ്യത നേടിയ റയലും ബാഴ്‌സയും എത്ര മുന്നോട്ട് പോകുന്നുവോ അതായിരിക്കും ക്രിസ്റ്റിയാനോ-മെസി സെഞ്ച്വറി ഗോള്‍ പോരാട്ടത്തില്‍ നിര്‍ണായകമാവുക.
ഇത്തവണ 93 ഗോളുകളുമായിട്ടാണ് ക്രിസ്റ്റിയാനോ ചാമ്പ്യന്‍സ് ലീഗ് സീസണ്‍ ആരംഭിച്ചത്. ഗ്രൂപ്പ് ഘട്ടത്ത്ിലെ ആറ് മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകള്‍ മാത്രമാണ് ക്രിസ്റ്റിയാനോക്ക് നേടാന്‍ സാധിച്ചത്.

മെസിയാകട്ടെ 83 ഗോളുകളുമായിട്ടാണ് ചാമ്പ്യന്‍സ് ലീഗ് സീസണ്‍ ആരംഭിച്ചത്. നൗകാംപില്‍ സെല്‍റ്റിക്കിനെ ഏഴ് ഗോളുകള്‍ക്ക് തകര്‍ത്തു കൊണ്ട് ബാഴ്‌സ തുടങ്ങിയപ്പോള്‍ മെസി ഹാട്രിക്ക് നേടി. മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ആദ്യപാദത്തില്‍ ഹാട്രിക്ക് നേടിയ മെസി രണ്ടാം പാദത്തിലും സ്‌കോര്‍ ചെയ്തു. സെല്‍റ്റിക് പാര്‍ക്കില്‍ ഡബിള്‍, ബൊറുസിയ മോന്‍ചെന്‍ഗ്ലാഡ്ബാചിനെതിരെ ഒരു ഗോള്‍. ഇതോടെ, 93 ഗോളുകളിലെത്തി.

ക്രിസ്റ്റിയാനോ കഴിഞ്ഞ സീസണിലെ ഫോം കണ്ടെത്താന്‍ വിഷമിക്കുമ്പോള്‍ മെസി മിന്നും ഫോമിലാണ്.
നാല് തവണ ബാലണ്‍ദ്യോര്‍ ജേതാവായ ക്രിസ്റ്റിയാനോ ചാമ്പ്യന്‍സ് ലീഗ് കരിയറില്‍ ഏറ്റവും കൂടുതല്‍ സമയം സ്‌കോര്‍ ചെയ്യാതെ ഗ്രൗണ്ടില്‍ നിന്നത് ഇത്തവണയായിരിക്കും.
433 മിനുട്ട് പിന്നിട്ടിരിക്കുന്നു ഗോളില്ലാതെ ക്രിസ്റ്റിയാനോ വലയാന്‍ തുടങ്ങിയിട്ട്. എന്നാല്‍, ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ട് റൗണ്ടില്‍ ഏറ്റവുമധികം ഗോളുകള്‍ നേടിയതിന്റെ റെക്കോര്‍ഡ് (44 ഗോളുകള്‍) ക്രിസ്റ്റിയാനോക്കാണ്. നോക്കൗട്ട് ആരംഭിക്കുകയാണല്ലോ, പോര്‍ച്ചുഗല്‍ നായകന്‍ പഴയപടി ഗോളടി ആരംഭിക്കുമെന്ന ശുഭപ്രതീക്ഷ റയല്‍മാഡ്രിഡിനുണ്ട്.
ബാഴ്‌സക്ക് പി എസ് ജിയും റയലിന് നാപോളിയുമാണ് പ്രീക്വാര്‍ട്ടര്‍ ഫൈനലില്‍ എതിരാളി.

 

Latest