Connect with us

Kerala

സത്യവാങ്മൂലം സര്‍ക്കാര്‍ പിന്‍വലിക്കും

Published

|

Last Updated

തിരുവനന്തപുരം: പാതയോരങ്ങളിലെ മദ്യവില്‍പ്പനശാലകള്‍ നിരോധിച്ച് കൊണ്ടുള്ള ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷ പിന്‍വലിക്കും. ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ മദ്യവില്‍പ്പനക്ക് ഏര്‍പ്പെടുത്തിയ നിരോധനം പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കും ബിയര്‍, വൈന്‍ പാര്‍ലറുകള്‍ക്കും ബാധകമാണോയെന്നതില്‍ വ്യക്തത ആവശ്യപ്പെട്ടാണ് ഹരജി നല്‍കിയിരുന്നത്. ഇതോടൊപ്പം കള്ള്, ബിയര്‍, വൈന്‍ എന്നിവയെ മദ്യത്തിന്റെ നിര്‍വചനത്തില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത് വിവാദമായ സാഹചര്യത്തിലാണ് എക്‌സൈസ് വകുപ്പിന്റെ തീരുമാനം. ഈ കേസുമായി ഇനി മുന്നോട്ടുപോകേണ്ടതില്ലെന്ന് നിര്‍ദേശം നല്‍കിയതായി എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ സിറാജിനോട് പറഞ്ഞു. ഉത്തരവ് നടപ്പാക്കുന്നതിന് സമയം നീട്ടി ചോദിച്ച് ബിവറേജസ് കോര്‍പറേഷന്‍ നല്‍കാനിരുന്ന അപേക്ഷ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം മതിയെന്നും ധാരണയായി.

ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യവില്‍പ്പനശാലകള്‍ 2017 മാര്‍ച്ച് 31നകം അടച്ചുപൂട്ടണമെന്ന് കഴിഞ്ഞ ഡിസംബറിലാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇത് നടപ്പാക്കുന്നതിനായി ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ ഉള്‍പ്രദേശങ്ങളിലേക്ക് മാറ്റാന്‍ നീക്കം നടത്തിയെങ്കിലും ജനകീയ പ്രതിരോധത്തെ തുടര്‍ന്ന് വിജയം കണ്ടില്ല. പാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബിയര്‍, വൈന്‍ പാര്‍ലറുകളെ ഉത്തരവ് ബാധിക്കുമോയെന്ന കാര്യത്തിലും അവ്യക്തതകള്‍ വന്നു. ഈ സാഹചര്യത്തിലാണ് ഉത്തരവ് പരിഷ്‌കരിക്കുകയോ നിര്‍ദേശങ്ങളില്‍ വ്യക്തത വരുത്തുകയോ വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.
മുനിസിപ്പല്‍, കോര്‍പറേഷന്‍ പരിധിയിലെ മദ്യവില്‍പ്പനശാലകള്‍ക്ക് ഉത്തരവ് ബാധകമാക്കരുത്, ഉത്തരവ് നടപ്പാക്കുന്നതിന് 2018 ഏപ്രില്‍ ഒന്ന് വരെ സമയം അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചിരുന്നത്. ഇതോടൊപ്പം ബിയര്‍, വൈന്‍, കള്ള് എന്നിവയെ മദ്യത്തിന്റെ നിര്‍വചനത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും ഉന്നയിച്ചു. ഇതാണ് വിവാദമായത്.

ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ മാറ്റാന്‍ നടത്തിയ നീക്കത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധവും കേരളത്തില്‍ ചാരായം നിരോധിച്ചപ്പോള്‍ ഒട്ടേറെ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതുമെല്ലാം ചൂണ്ടിക്കാണിച്ചായിരുന്നു കേരളത്തിന്റെ അപേക്ഷ. സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷ വിവാദമായപ്പോള്‍ സര്‍ക്കാര്‍ നിലപാടല്ലെന്ന് എക്‌സൈസ് മന്ത്രി വ്യക്തമാക്കിയിരുന്നു. അപേക്ഷയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രിയും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് അപേക്ഷ പിന്‍വലിക്കാന്‍ അഡ്വക്കറ്റ് ജനറല്‍ സി പി സുധാകര പ്രസാദിനോട് എക്‌സൈസ് മന്ത്രി ആവശ്യപ്പെട്ടത്. തുടര്‍നടപടിയെടുക്കാന്‍ സുപ്രീം കോടതിയിലെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന് എ ജി നിര്‍ദേശം നല്‍കി.