Connect with us

Wayanad

പാടന്തറ മര്‍കസില്‍ നാളെ 170 പേര്‍ സുമംഗലികളാകും

Published

|

Last Updated

ഗൂഡല്ലൂര്‍: എസ് വൈ എസ് നീലഗിരി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നാളെ പാടന്തറ മര്‍കസില്‍ സമൂഹ വിവാഹം നടക്കുമെന്ന് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്ന പ്രൗഢമായ ചടങ്ങില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍, സമസ്ത കേന്ദ്ര സെക്രട്ടറിമാരായ പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, വി പി എം ഫൈസി വില്യാപ്പള്ളി, കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയവരുള്‍പ്പെടെയുള്ള സമസ്ത മുശാവറയിലെ പണ്ഡിതരും സാദാത്തീങ്ങളും വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പൗര പ്രമുഖരും സംഘ കുടുംബത്തിലെ സംസ്ഥാന, ജില്ലാ നേതാക്കളും സംബന്ധിക്കും.

170 നിര്‍ധന കുടുംബങ്ങളിലെ പെണ്‍കുട്ടികളാണ് തമിഴക മണ്ണിലെ പാടന്തറ മര്‍കസില്‍ സുമംഗലികളാകുന്നത്. ഇതില്‍ ഇതര സമുദായങ്ങളില്‍ നിന്നും 14 പെണ്‍കുട്ടികളും പാടന്തറക്കടുത്ത കാവതിവയലിലെ ഇരു കണ്ണുകളുടെയും കാഴ്ച നഷ്ടപ്പെട്ട 28 കാരിയും ഇതില്‍ ഉള്‍പ്പെടും. എസ് വൈ എസിന്റെ സാന്ത്വനം പദ്ധതിയില്‍ രാജ്യത്തുതന്നെ ശ്രദ്ധേയവുമാണ് പാടന്തറ സമൂഹ വിവാഹം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി പാടന്തറ മര്‍കസിന്റെ തണലിലായി 187 നിര്‍ധന പെണ്‍കുട്ടികളാണ് വിവാഹിതരായത്.
വിവാഹിതരാകുന്ന പെണ്‍കുട്ടികള്‍ക്ക് അഞ്ച് പവന്‍ സ്വര്‍ണവും, 25,000 രൂപയുമാണ് നല്‍കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ ഡോ. ദേവര്‍ഷോല അബ്ദുസ്സലാം മുസ്‌ലിയാര്‍, സി കെ കെ മദനി, സയ്യിദ് അലി അക്ബര്‍ സഖാഫി അല്‍ബുഖാരി എടരിക്കോട്, മജീദ് ഹാജി ഉപ്പട്ടി, ഹകീം മാസ്റ്റര്‍ സംബന്ധിച്ചു.

Latest