മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ പണിയുക തന്നെ ചെയ്യും: ട്രംപ്

Posted on: February 9, 2017 10:51 pm | Last updated: February 9, 2017 at 10:51 pm

വാഷിംഗ്ടണ്‍: മെക്‌സിക്കോയില്‍ നിന്നുള്ള കുടിയേറ്റക്കാരെ തടയാന്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ നിര്‍മിക്കാന്‍ തീരുമാനിച്ച മതിലിന്റെ പണിപ്പുരയിലാണ് അമേരിക്കയെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദക്ഷിണ അതിര്‍ത്തിയില്‍ പണിയാനുള്ള മതിലിന്റെ രൂപ രേഖ തയ്യാറായി കഴിഞ്ഞിട്ടുണ്ട്.
പലരും പറയും ട്രംപ് കളി പറയുകയാണെന്ന്. ഞാന്‍ തമാശ പറഞ്ഞതല്ല. തമാശ പറഞ്ഞ് എനിക്ക് ശീലമില്ല- വൈറ്റ്ഹൗസില്‍ ബുധനാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞു.

കുടിയേറ്റക്കാരെ നിയന്ത്രിക്കാനായി മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുമെന്നത് തിരഞ്ഞെടുപ്പ് പ്രചാരണ സമത്ത് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ ഒരു പ്രധാന വാഗ്ദാനമായിരുന്നു. അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറുന്നവരെ തടയാന്‍ കഴിയുന്ന ഒരു വന്‍മതിലായിരിക്കും മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ നിര്‍മിക്കുക. ശരിയായ രീതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെങ്കില്‍ ഇസ്‌റാഈലിന് സാധിച്ചതു പോലെ അനധികൃത കുടിയേറ്റം തടയാന്‍ മതില്‍ നിര്‍മിക്കുന്നതു കൊണ്ട് അമേരിക്കയ്ക്കും കഴിയുമെന്നും ട്രംപ് പറഞ്ഞിരുന്നു.
മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ അമേരിക്ക മതില്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് മെക്‌സിക്കന്‍ പ്രസിഡന്റ് എന്‍ റിക്ക് പെന നിയറ്റോയും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ സംസാരിച്ചിരുന്നു. മെക്‌സിക്കോയില്‍ നിന്ന് പണം വാങ്ങി മതില്‍ നിര്‍മിക്കുമെന്ന ട്രംപിന്റെ പ്രസ്താവനയെ എന്‍ റിക്ക് പെന തള്ളിക്കളഞ്ഞിരുന്നു. മതില്‍ നിര്‍മാണത്തിന്റെ പേരില്‍ പണവും ചോദിച്ച് ആരും വരേണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ജനുവരി 25 നാണ് മതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ഉത്തരവില്‍ ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ടത്.
മതില്‍ നിര്‍മാണത്തിന് മെക്‌സിക്കോ പണം തന്നില്ലെങ്കില്‍ വ്യാപാര രംഗത്ത് അവര്‍ക്ക് കൊടുത്തു തീര്‍ക്കേണ്ട തീരുവകളും മറ്റും ഉപയോഗിച്ച് പണം തിരികെ പിടിക്കുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.