ജയിച്ചത് ഫുട്‌ബോള്‍

Posted on: February 7, 2017 6:30 pm | Last updated: February 7, 2017 at 8:35 pm

ആഫ്രിക്കന്‍ നാഷന്‍സ് കപ്പിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും മികച്ച എഡിഷനാണ് ഗാബോണ്‍ സാക്ഷ്യം വഹിച്ചത്. ആരും ഒരു സാധ്യതയും കാണാതിരുന്ന കാമറൂണ്‍ ചാമ്പ്യന്‍മാരായി എന്നത് തന്നെയാണ് 2017 നാഷന്‍സ് കപ്പിന്റെ സൗന്ദര്യം. വന്‍കരാ ചാമ്പ്യന്‍ഷിപ്പിന്റെ തലയെടുപ്പ് വ്യക്തമാക്കുന്ന ഫൈനലും ശ്രദ്ധേയമായി. ഒരു ഗോളിന് മുന്നില്‍ കയറിയ ഈജിപ്തിനെ ഏറെ നാടകീയമായി കാമറൂണ്‍ കീഴടക്കിയത് പിറകില്‍ നിന്ന് പൊരുതിക്കയറിയിട്ടായിരുന്നു. വിന്‍സെന്റ് അബൂബക്കര്‍ നേടിയ ഗോള്‍ എക്കാലവും ഫുട്‌ബോള്‍ ലോകം ചര്‍ച്ച ചെയ്യും.
യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബയെര്‍ ലെവര്‍കൂസനെതിരെ ദശാബ്ദങ്ങള്‍ക്ക് മുമ്പ് റയലിനായി സിനദിന്‍ സിദാന്‍ നേടിയ ഗോള്‍, ഇംഗ്ലണ്ടിന്റെ വികൃതിയായ പോള്‍ ഗാസ്‌കോയിന്‍ ബോക്‌സിനുള്ളില്‍ കാണിക്കാറുള്ള മാന്ത്രികത എല്ലാം ഓര്‍മിപ്പിക്കുന്ന ഒരു ഗോളായിരുന്നു അബൂബക്കറിന്റേത്.

വേതനപ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ തന്നെ പല പ്രമുഖ താരങ്ങളും ദേശീയ ടീമുമായി സഹകരിക്കാന്‍ തയ്യാറായില്ല. ഇത് കോച്ച് ഹ്യൂഗോ ബ്രൂസിനെ അങ്ങേയറ്റം നിരാശപ്പെടുത്തി. ലിവര്‍പൂളിന്റെ ജോയല്‍ മാറ്റിപ്, വെസ്റ്റ് ബ്രോമിന്റെ അലന്‍ നിയോം,ഷാല്‍ക്കെയുടെ എറിക് മാക്‌സിം ചോപോ-മോട്ടിംഗ്, നാന്‍സിയുടെ എസെംബെ, ബോര്‍ഡിയക്‌സിന്റെ മാക്‌സം പൗഞ്ചെ, അയാക്‌സിന്റെ ആന്ദ്രെ ഒനാന, മാഴ്‌സെയുടെ ആന്ദ്രെ ഫ്രാങ്ക് സാംബോ ആന്‍ഗ്യുസ, ലിലെയുടെ ഇബ്രാഹിം അമാദോ എന്നിവരാണ് നാഷന്‍സ് കപ്പ് ടീമിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് അറിയിച്ച് ക്ലബ്ബ് ഫുട്‌ബോളില്‍ തുടര്‍ന്നവര്‍.

കാമറൂണിന്റെ ഇതിഹാസ താരം റോജര്‍ മില്ല കാശിന് വേണ്ടി മാത്രം കളിക്കുന്ന ജോയല്‍ മാറ്റിപ്പിനെയെല്ലാം കണക്കിന് വിമര്‍ശിച്ചു.
നിങ്ങള്‍ കണ്ടില്ലേ, നിങ്ങളുടെ പിന്‍ഗാമികള്‍ എത്ര ചുണക്കുട്ടികളാണെന്ന്. ഇന്നല്ലെങ്കില്‍ നാളെ നിങ്ങള്‍ പശ്ചാത്തപിക്കും ഈ ടീമിന്റെ ഭാഗമാകുവാന്‍ സാധിക്കാത്തതില്‍ – മില്ലയുടെ വാക്കുകള്‍ ദേശക്കൂറ് കാണിക്കാത്ത കളിക്കാരുടെ നെഞ്ചകം പിളര്‍ത്തുന്നതാണ്.
അറുപത്തിനാലുകാരനായ ബെല്‍ജിയം കോച്ച് ഹ്യൂഗോ ബ്രൂസിന്റെ മിടുക്കാണ് കാമറൂണിന്റെ ഉദയരഹസ്യം. ദേശീയ ടീമുകളെ പരിശീലിപ്പിച്ച് പരിചയമില്ല ബ്രൂസിന്.
ബെല്‍ജിയം ക്ലബ്ബ് ഫുട്‌ബോളിലെ പരിചയ സമ്പത്ത് മാത്രം. ബ്രൂഗെ, ആന്‍ഡെര്‍ലെറ്റ് ക്ലബ്ബുകള്‍ക്കൊപ്പം മൂന്ന് തവണ ബെല്‍ജിയം ലീഗ് ചാമ്പ്യനായിട്ടുണ്ട് ബ്രൂസ്. പിന്നീട്, ഗ്രീസ്, തുര്‍ക്കി, അബൂദബി, അള്‍ജീരിയ എന്നിവിടങ്ങളിലും പരിശീലകന്റെ കുപ്പായം അണിഞ്ഞു. അള്‍ജീരിയന്‍ ക്ലബ്ബില്‍ തുടരുമ്പോഴാണ് ഓണ്‍ലൈനില്‍ കാമറൂണ്‍ ടീമിന്റെ പരിശീലകനെ തേടി പരസ്യം കാണുന്നത്. കാമറൂണ്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തയ്യാറാക്കിയ അഞ്ച് പേരടങ്ങിയ ചുരുക്കപ്പട്ടികയില്‍ ഹ്യൂഗോ ബ്രൂസിന് ഇടം പിടിക്കാനായില്ല. എന്നാല്‍ അവരാരും തന്നെ കാമറൂണ്‍ ഫെഡറേഷന്റെ പാക്കേജില്‍ സംതൃപ്തരായില്ല. ബ്രൂസിന് നറുക്ക് വീണു.
ആഫ്രിക്കയിലെ സിംഹങ്ങള്‍ എന്നറിയപ്പെടുന്ന കാമറൂണ്‍ ടീമിനെയാണ് ബ്രൂസിന്റെ കൈകളിലേക്ക് ലഭിച്ചിരിക്കുന്നത്. വലിയൊരു ഭാഗ്യം, താരജാഡകളുള്ളവരൊന്നും ടീമില്‍ ഇല്ലായിരുന്നുവെന്നതാണ്. തീര്‍ത്തും പുതുനിര. വലിയ പരിചയ സമ്പത്തില്ല. അധ്വാനിച്ചു കളിക്കാന്‍ മാത്രം അറിയാവുന്നവര്‍. കാശൊന്നും പ്രശ്‌നമാക്കാതെ അവര്‍ കിരീടവിജയത്തെ കുറിച്ച് മാത്രം സ്വപ്‌നം കണ്ടു. അതുകൊണ്ടാണ് സെനഗലിനെ വീഴ്ത്തിയപ്പോള്‍ ഫെഡറേഷന്‍ ബോണസ് പ്രഖ്യാപിച്ചതിന്റെ പേരില്‍ കോച്ച് ഹ്യൂഗോ ബ്രൂസിന് ദേഷ്യപ്പെടേണ്ടി വന്നത്. പണത്തിനോ, മറ്റ് ഓഫറുകളോ നേടിയെടുക്കാനല്ല ഈ ടീം നാഷന്‍സ് കപ്പ് കളിക്കുന്നത്. അവരുടെ അധ്വാനത്തെ ലക്ഷ്യപൂര്‍ത്തീകരണത്തിന് മുമ്പ് പരിഹസിക്കരുത് – ബ്രൂസ് നല്‍കിയ ചുട്ടമറുപടി ഫെഡറേഷന്റെ വായടപ്പിച്ചു. ഇത് ലിവര്‍പൂളിന്റെ മാറ്റിപ്പിനെ പോലുള്ള കളിക്കാരെ ലക്ഷ്യമിട്ട് ബ്രൂസ് പൊട്ടിച്ച വെടിയായിരുന്നു ! റോജര്‍ മില്ല കൊടുത്തതിന്റെ ബാക്കി.

പരിശീലനം തുടങ്ങിയ ആദ്യ ദിനം മുതല്‍ ഹ്യൂഗോ ബ്രൂസ് അച്ചടക്കം നിര്‍ബന്ധമാക്കിയിരുന്നു. പരസ്പരം നിരുത്സാഹപ്പെടുത്തരുത്. എപ്പോഴും ഉത്സാഹത്തോടെ പെരുമാറുക. മനസില്‍ വിജയപ്രതീക്ഷ സൂക്ഷിക്കുക. കഠിനമായി അധ്വാനിക്കുക. ബ്രൂസിന്റെ സിംപിള്‍ തിയറി മനപ്പാഠമാക്കുവാന്‍ കാമറൂണിന്റെ യുവനിര പ്രയത്‌നിച്ചു.

റോജര്‍ മില്ല ഇതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ് : 2018, 2019 ലേക്കുള്ള പുതിയ നിരയെ വാര്‍ത്തെടുക്കുവാനുള്ള ദൗത്യമാണ് ഹ്യുഗോ ബ്രൂസിന് നല്‍കിയത്. യുവനിരയുമായിട്ട് ഈ കാമറൂണ്‍ ടീം നാഷന്‍സ് കപ്പില്‍ വലിയ പ്രകടനമൊന്നും കാഴ്ചവെക്കാന്‍ പോകില്ലെന്നായിരുന്നു ധാരണം. എന്നാല്‍, എല്ലാ മുന്‍ധാരണകളെയും ഈ കുട്ടികള്‍ തകര്‍ത്തു കളഞ്ഞു.
ഹ്യൂഗോ ബ്രൂസ് ഓരോ മത്സരം കഴിയുമ്പോഴും തന്റെ ടീമംഗങ്ങളോട് പറഞ്ഞത് അടുത്ത മത്സരത്തെ കുറിച്ച് മാത്രമാണ്.
എതിരാളികളുടെ വലിപ്പത്തെ കുറിച്ച് ചിന്തിക്കാനേ പാടില്ലെന്നും ബ്രൂസ് ഓര്‍മിപ്പിച്ചിരുന്നു. അള്‍ജീരിയയും ഐവറികോസ്റ്റും പുറത്തായത് കണ്ടില്ലേ. ടീമുകളുടെ സാധ്യതകള്‍ പ്രവചിക്കുന്നതിലൊന്നും കാര്യമില്ല. ഫേവറിറ്റുകള്‍ കപ്പില്‍ ചുംബിക്കില്ലെന്ന യാഥാര്‍ഥ്യം ഇവിടെയും അടിവരയിട്ടു – ബ്രൂസ് പറഞ്ഞു.

ആദ്യ മത്സരത്തില്‍ ബുര്‍കിന ഫാസോയോട് സമനിലയായ കാമറൂണ്‍ രണ്ടാമത്തേതില്‍ ഗ്യുനിയ ബിസൗവിനെതിരെ ഒരു ഗോളിന് പിറകിലായ ശേഷം രണ്ട് ഗോള്‍ തിരിച്ചടിച്ച് ജയിച്ച രീതിയില്‍ വലിയ സൂചനയുണ്ടായിരുന്നു.
ഗാബോണിന് സമനില വഴങ്ങി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലേക്ക്. സെനഗലിനെ ഷൂട്ടൗട്ടില്‍ വീഴ്ത്തി സെമിയിലെത്തിയ കാമറൂണ്‍ ഘാനയേയും മറികടന്ന് ഫൈനലിലെത്തിയപ്പോള്‍ തന്നെ മാനസികാധിപത്യത്തില്‍ ഈജിപ്ത് പിറകില്‍ പോയി. അതാണ് ഒരു ഗോളിന് മുന്നിലെത്തിയിട്ടും ഫറവോകള്‍ക്ക് കാമറൂണിന്റെ പോരാട്ടവീര്യത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കാതിരുന്നത്.