സൈക്കിളുകള്‍ പങ്കിടുന്നതിന് വിവിധ സ്ഥലങ്ങളില്‍ സ്റ്റേഷനുകള്‍ തുറക്കും

Posted on: February 3, 2017 9:39 pm | Last updated: February 3, 2017 at 9:39 pm

അബുദാബി: ഖലീഫ ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി അബുദാബി നഗരത്തിനകത്ത് സൈക്കിളുകള്‍ പങ്കിടുന്നതിന് വിവിധ സ്ഥലങ്ങളില്‍ സ്റ്റേഷനുകള്‍ തുറക്കും. സ്വകാര്യ ഉടമസ്ഥതയിലുള്ള സംരംഭമായ ഖലീഫ ഫണ്ട് സ്വരൂപിക്കുന്നത്തിന്റെ ഭാഗമായാണ് പുതിയ സ്റ്റേഷനുകള്‍ തുറക്കുന്നത്. നിലവില്‍ നഗരത്തിന്റെ പ്രാന്തപ്രദേശമായ യാസ് ദ്വീപിലെ അല്‍ റാഹയില്‍ സൈക്കിള്‍ സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

രണ്ടാം ഘട്ടത്തില്‍ സ്ഥാപിച്ച സ്റ്റേഷനുകള്‍ ഈ മാസം ഒമ്പതിന് മസ്ദാര്‍ സിറ്റിയിലും 17 ന് മറസിയിലും തുറക്കും. അബുദാബി കൊമേഴ്‌സ്യല്‍ ബേങ്കുമായി സഹകരിച്ചു നടപ്പാക്കുന്ന സൈക്കിള്‍ സ്റ്റേഷനുകള്‍ അബുദാബി കോര്‍ണിഷ്, അല്‍ റഹ ഗാര്‍ഡന്‍സ്, യാസ് ദ്വീപ്, സാദിയാത്ത് ദ്വീപ്, റീം ദ്വീപ്, ന്യൂയോര്‍ക്ക് സര്‍വകലാശാല മസ്ദാര്‍ സിറ്റി എന്നിവ ഉള്‍പെടെ 39 സ്ഥലങ്ങളില്‍ ആരംഭിക്കുമെന്ന് സൈക്കിള്‍ സ്റ്റേഷന്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ ഇല്ലൈനെ ഫാത്വിമ അറിയിച്ചു. 22 സ്റ്റേഷനുകള്‍ അബുദാബി ദ്വീപിലും രണ്ട് സ്റ്റേഷനുകള്‍ കോര്‍ണിഷിലും ആരംഭിക്കും. ഈ മാസം 25 മുതല്‍ 30 വരെ സൈക്കിളുകള്‍ ലഭ്യമാകുമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം അബുദാബി നഗരത്തിനകത്ത് 22,000 ആളുകള്‍ സൈക്കിള്‍ സവാരി നടത്തി. ഈ വര്‍ഷം സൈക്കിള്‍ സവാരി നടത്തുന്നവരുടെ എണ്ണം രണ്ട് മടങ്ങായി ഉയര്‍ത്തും, അവര്‍ വ്യക്തമാക്കി. ഒരു മണിക്കൂറിന് 20 ദിര്‍ഹമാണ് വാടക. എന്നാല്‍ മൂന്ന് മണിക്കൂറിന് 50 ദിര്‍ഹം നല്‍കിയാല്‍ മതി. ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ചു മണിക്കൂര്‍ അടിസ്ഥാനത്തില്‍ വാടക്ക് സൈക്കിള്‍ ലഭ്യമാകും. ഒന്നാം ഘട്ടത്തില്‍ ആരംഭിച്ച അല്‍ റാഹ ദ്വീപ് നിവാസികളില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും ഇതാണ് ഞങ്ങള്‍ക്ക് പദ്ധതി പട്ടണത്തില്‍ പരിചയപ്പെടുത്താന്‍ കാരണമെന്നും അതുകൊണ്ടാണ് ആശയം പ്രോത്സാഹിപ്പിക്കുന്നതെന്നും ഫാത്വിമ പറഞ്ഞു.