വിരാട് കോഹ്‌ലിയെ പ്രകോപിപ്പിക്കരുത്; ഓസ്‌ട്രേലിയക്ക് ഹസിയുടെ മുന്നറിയിപ്പ്

Posted on: February 3, 2017 7:04 pm | Last updated: February 4, 2017 at 10:41 am

മെല്‍ബണ്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയായിരിക്കും ഒന്നാമത്തെ പ്രതിയോഗിയെന്ന് ഇന്ത്യന്‍ പര്യടനത്തിന് ഒരുങ്ങുന്ന ഓസ്‌ട്രേലിയന്‍ ടീമിന് മുന്‍ താരം മൈക്കല്‍ ഹസിയുടെ മുന്നറിയിപ്പ്. എതിര്‍ ടീമംഗങ്ങളെ ചീത്ത പറയുന്ന (സ്ലഡ്ജിംഗ്) ഓസീസ് ടീമിന്റെ രീതി കോഹ്‌ലിക്കും കൂട്ടര്‍ക്കുമെതിരെ പുറത്തെടുക്കരുതെന്നും ഹസിയുടെ മുന്നറിയിപ്പ് നല്‍കി.

സ്റ്റീവ് സ്മിത്തിനും കൂട്ടര്‍ക്കും എല്ലാ തരത്തിലും ഒരു തികഞ്ഞ പ്രതിയോഗിയാണ് വിരാട് കോഹ്‌ലി. ഓസീസ് സ്ലഡ്ജിംഗ് നടത്തിയാല്‍ അത് കോഹ്‌ലിക്ക് കൂടുതല്‍ കരുത്ത് പകരാനെ ഉപകരിക്കൂവെന്നും ഹസി പറഞ്ഞു. മത്സരത്തിനിടെ ഉണ്ടാകുന്ന വാക്കുതര്‍ക്കങ്ങളെ ആസ്വദിക്കുന്ന വ്യക്തിയാണ് കോഹ്‌ലി. അതുകൊണ്ടു തന്നെ കോഹ്‌ലിക്കെതിരെ കളിക്കുന്നത് താനാണെങ്കില്‍ ഒരിക്കലും പ്രകോപിപ്പിക്കാന്‍ നില്‍ക്കില്ലെന്നും ഹസി പറയുന്നു.
ഈ മാസം 23ന് പൂനയിലാണ് നാലു ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം നടക്കുക.